എന്റെ ഭാരതം / മുദ്രാ ബാങ്ക്-വ്യക്തിഗത സംരംഭകരുടെ പ്രതീക്ഷകളും സാധ്യതകളും

മുദ്രാ ബാങ്ക്-വ്യക്തിഗത സംരംഭകരുടെ പ്രതീക്ഷകളും സാധ്യതകളും

December 7, 2016

mudra-bank-hopes-and-expectations-malayalam-665x347

സൂക്ഷ്മ (micro) വ്യവസായങ്ങളെയും വ്യക്തിഗത ബിസിനെസ്സുകളെയും സ്വകാര്യ പണമിടപാടുകാരുടെ കത്രികപ്പൂട്ടിൽനിന്നു രക്ഷിക്കുക എന്ന ലക്‌ഷ്യം വച്ച് മൈക്രോ യൂണിറ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് (Micro Units Development and Refinance Agency Ltd – ജനകീയമായി മുദ്ര ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം ) 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിക്കുകയുണ്ടായി. മൊത്തം പദ്ധതി അടങ്കലായി 20,000 കോടി രൂപയും വായ്‌പാ ഗ്യാരന്റി തുകയായി 3000 കോടി രൂപയും വകയിരുത്തുകയുണ്ടായി .

 

മുദ്രാ ബാങ്ക് നൽകുന്ന പ്രതീക്ഷകൾ

ചെറുകിട നാമമാത്ര സേവനങ്ങൾ വഴി ജീവിതോപജീവനം നടത്തുന്ന കോടിക്കണക്കിനു വ്യക്തികൾക്ക് വ്യവസ്ഥാപിത ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ്പയോ ഇൻഷുറൻസോ മറ്റു തരത്തിലുള്ള ജീവനോപാധികളോ പ്രാപ്യമല്ല. തന്മൂലം അവർ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വ്യക്തികളെയും ആശ്രയിക്കുന്നു. അത്തരം വായ്‌പകൾക്ക് താങ്ങാനാവാത്ത പലിശയും മറ്റു മനുഷ്യത്വരഹിതമായ വ്യവസ്ഥകൾക്കും വഴങ്ങിക്കൊടുക്കേണ്ടി വരുന്നു. ബിസിനെസ്സ് പരാജയപ്പെട്ടിട്ടോ മറ്റു പ്രതിസന്ധികളിൽ പെട്ടിട്ടോ തിരിച്ചടവു മുടങ്ങേണ്ടി വന്നാൽ അത് ആയുഷ്ക്കാല കടക്കെണിയിൽ അവരെ കൊണ്ടെത്തിക്കുന്നു. പലിശക്കാരുടെ കായികവും മാനസികവുമായ പീഡനങ്ങൾക്കും അപമാനത്തിനും കടപ്പെട്ടയാൾ വിധേയനാക്കപ്പെടുന്നു.

 

ദേശിയ സാമ്പിൾ സർവ്വേ സംഘടനയുടെ 2013 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അസംഘടിത വ്യക്തികൾ തനിച്ചോ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സഹായത്തോടെയോ നടത്തുന്ന ചെറുകിട നിർമാണ യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, സേവനങ്ങൾ, കുടിൽ വ്യവസായങ്ങൾ എന്നിങ്ങനെ ഏകദേശം 5.77 കോടി സംരംഭങ്ങൾ ഉണ്ട്. ഇവയിലെല്ലാം കൂടി 8 കോടിയിലധികം കുടുംബങ്ങൾ ജീവനോപാധി കണ്ടെത്തുന്നു. സംഘടിത വ്യവസായ മേഖലയിൽ തൊഴിലെടുക്കുന്ന 1.25 കോടി വ്യക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ വലുതും പതിന്മടങ്ങു സാദ്ധ്യതകൾ നിറഞ്ഞതുമാണ്. ഇന്ന് ഈ മേഖല നിയമാനുസൃത ബാങ്കിങ് – സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണ കൂടാതെയാണ് മിക്കവാറും പ്രവർത്തിക്കുന്നത്. ആവശ്യമായ മൂലധന-പ്രവർത്തന ഫണ്ട് പ്രദാനം ചെയ്താൽ വളരെ ഫലപ്രദവും സുസ്ഥിരവുമായ വളർച്ച കൈവരിക്കാൻ കഴിയുന്ന മേഖലയാണെതെന്നു ഗവണ്മെന്റ് തിരിച്ചറിഞ്ഞിരിക്കുന്നു.

 

മുദ്രാ ബാങ്കിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ

 1. മൈക്രോഫിനാൻസ് സ്ഥാപനങ്ങളെയും അവയിൽനിന്ന് കടമെടുക്കുന്നവരെയും വ്യവസ്ഥാപിത ക്രയവിക്രയ സമ്പ്രദായത്തിൽ ബന്ധിപ്പിക്കുകയും ഉൾക്കൊള്ളിക്കുകയും ചെയ്യുക
 2. ചെറുകിട ഉത്പാദകർ, കച്ചവടക്കാർ,സ്വയം സഹായ ഗ്രൂപ്പുകൾ എന്നിവയ്ക്ക് വായ്‌പ കൊടുക്കുന്നവരെയും (മൈക്രോഫിനാൻസ്) സ്ഥാപനങ്ങളെയും സാമ്പത്തികമായി സഹായിക്കുക
 3. മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യുക, അവയുടെ പ്രവർത്തന നിലവാരം വിലയിരുത്തി അക്കരെഡിറ്റേഷനും റേറ്റിങ്ങും നൽകുക. വായ്‌പയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥാപനത്തെ അതിന്റെ പൂർവകാല പ്രവർത്തനനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഇടപെടാൻ സാധിക്കും. ഇത് സ്ഥാപനങ്ങൾക്കിടയിൽ മത്സരബുദ്ധിയും പ്രവർത്തന മികവും പുലർത്തുന്നതിനു ഇടയാക്കും. ഇതിന്റെ പ്രയോജനം അന്തിമമായി കടമെടുക്കുന്ന ആൾക്ക് ലഭിക്കും.
 4. കടമെടുത്തു സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ഘടനാപരമായ നിർദേശങ്ങളും ഉപദേശങ്ങളും കൊടുക്കുക; ബിസിനസ്സ് തകർച്ച ഒഴിവാക്കുന്നതിനും വായ്പാതുക കൃത്യമായി അടക്കുന്നതിനും വേണ്ട കൃത്യമായ മാർഗനിർദേശങ്ങൾ കൊടുക്കുക.
 5. കടം കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് തുക തിരിച്ചുപിടിക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളും നിർദേശിക്കുകയും അവയുടെ പാലനം ഉറപ്പു വരുത്തുകയും ചെയ്യുക.
 6. താഴെത്തട്ടിലുള്ള സ്ഥാപനങ്ങൾക്ക് അടിസ്ഥാന തത്വങ്ങളാകാവുന്ന സാമാന്യ തത്വങ്ങൾ ആവിഷ്കരിക്കുക
 7. മൈക്രോഫിനാൻസ് വായ്‌പയുടെ കൊടുക്കൽ വാങ്ങൽ, വിനിമയം, നിരീക്ഷണം എന്നിവയ്ക്ക് സഹായിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു നൽകുക

 

മുദ്രാ ബാങ്കിന്റെ ഉപഹാരങ്ങൾ

ചെറുകിട വായ്‌പയെടുപ്പുകാരെ മുദ്രാ ബാങ്ക് പ്രധാനമായി മൂന്നു ഗണങ്ങളായി തരാം തിരിച്ചിരിക്കുന്നു: തുടക്കക്കാർ, ഇടത്തരം കടമെടുപ്പുകാർ, പുരോഗമനോന്മുഖ വായ്‌പ്പക്കാർ. ഇവരുടെ ധനകാര്യ ആവശ്യങ്ങളെ മൂന്നു പടികളായി തിരിച്ചിരിക്കുന്നു.

 • ശിശു: 50,000 രൂപ വരെയുള്ള വായ്‌പകൾ
 • കിഷോർ: 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ
 • തരുൺ: 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ

ഈ വായ്‌പകൾ ഉപരിതല ഗതാഗതം, സാമൂഹ്യ-വ്യക്തി സേവനങ്ങൾ, ഭക്ഷ്യോത്പന്ന, വസ്ത്ര നിർമാണ-വിതരണം എന്നീ മേഖലകൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാലാന്തരത്തിൽ ഇവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഉന്നമിടുന്നു.

സംസ്ഥാന-പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന മധ്യവർത്തി സ്ഥാപനങ്ങൾവഴി പ്രവർത്തിക്കുന്ന ഒരു റീഫിനാൻസിങ് അജൻസിയായാണ് മുദ്ര പ്രവർത്തിക്കുന്നത്. ഇവ ബാങ്കുകൾ,ബാങ്കിങ് ഇതര സ്ഥാപനങ്ങൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, പ്രാഥമിക വായ്‌പാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് റീഫിനാൻസിങ് നൽകുന്നു.

 • ഭാവിയിലേക്കുള്ള ചില വാഗ്ദാനങ്ങൾ
 • മുദ്രാ കാർഡ്
 • പോർട്ഫോളിയോ വായ്‌പ ഗ്യാരന്റി
 • വായ്പാതുക വർധിപ്പിക്കൽ

 

മുദ്ര വായ്‌പാ മേളകൾ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഗവണ്മെന്റ് വായ്‌പ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറുകിട സ്ഥാപനനങ്ങൾക്കു വായ്‌പ അപേക്ഷിക്കാൻ സഹായകമായ തരത്തിൽ ഏതാനും ദിവസത്തേക്കാണ് ഈ മേളകൾ ഓരോ സ്ഥലത്തും സംഘടിപ്പിക്കുന്നത്. 50000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ ഈ മേളകളിൽ വിതരണം ചെയ്യുന്നു.

ഈ വായ്‌പ മേളകളെയും അവയുടെ വ്യവസ്ഥകളെയും പറ്റി അറിയുവാൻ നിങ്ങളുടെ ഏറ്റവും അടുത്ത നോഡൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. http://www.mudra.org.in/Nodal-Officers-MUDRA.pdf