ടൂറിസ്റ്റ് സീസൻ പൊള്ളിച്ച നോട്ട് നിരോധനം
ഡിമോണിറ്റൈസേഷൻ റൂറിസം മേഖലയെ എങ്ങനെ ബാധിച്ചു?
500, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നവംബർ 8 ന് നടത്തിയ പ്രഖ്യാപനം ശ്രവിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ചലന ഗതി മറ്റൊരു ദിശയിലേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞതനുസരിച്ച് ഈ നടപടി കള്ളപ്പണം പുറത്ത് കൊണ്ടുവരുന്നതിനും മയക്കുമരുന്ന്, മനുഷ്യക്കടത്ത്, വ്യാജ കറൻസി, മാറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുമുള്ള നടപടിയായാണ് വിഭാവനം ചെയ്തത്. പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ നടപടി രാജ്യത്തെ സാധാരണ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ മുന്പൊരിക്കലുമുണ്ടായിട്ടില്ലാത്ത പ്രഹരമാണ് തത്കാലത്തേക്കെങ്കിലും ഏൽപ്പിച്ചത്. സാമ്പത്തിക വ്യവസ്ഥയുടെ നിരവധി മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. പ്രധാനമായും റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഉൽപ്പന്നങ്ങൾ, ചില്ലറവിൽപ്പന, കാർഷിക മേഖല എന്നിവയെയും ചെറിയ വരുമാനക്കാരായ കച്ചവടക്കാർ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവരെയും സാരമായി ബാധിക്കുകയുണ്ടായി.
നോട്ട് നിരോധനം മൂലം നഷ്ടമുണ്ടായ മറ്റൊരു മേഖലയാണ് ടൂറിസം. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ ടൂറിസം സീസൺ ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. ആഭ്യന്തര ടൂറിസ്റ്റുകൾ രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടകം സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ നവംബർ –ജനുവരി മാസങ്ങളിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ശബരിമല സന്ദർശിക്കുന്നു. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി ഡിസംബർ അവസാനവും ജനുവരി ആദ്യ ആഴ്ചയും നിരവധി ടൂറിസ്റ്റുകൾ ഗോവ, മഹാരാഷ്ട്ര എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു. ശബരിമല ഒഴിച്ച് മറ്റെല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വലിയ രീതിയിൽ ആളുകൾ യാത്ര റദ്ദ് ചെയ്തതായി അനുഭവപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ അസോചെം (Associated Chambers of Commerce & Industry of India) നടത്തിയ പഠനഫലം കാണിക്കുന്നത് ക്രിസ്മസ്–നവവത്സര ബുക്കിങ്ങുകളിൽ 65 ശതമാനത്തിന്റെ കുറവുവന്നുവെന്നാണ്. സാധാരണയായി ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, കേരളം എന്നിവിടങ്ങളിൽ ഈ സമയം ചെലവഴിക്കാൻ താൽപര്യപ്പെടുന്ന ഈ ആളുകൾ തങ്ങളുടെ വർഷാന്ത്യ അവധിക്കാലം വീട്ടിൽത്തന്നെ ചെലവഴിക്കുവാൻ തീരുമാനിച്ചു. കറൻസി നിരോധനത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് കൊടുത്തയാത്രാ നിർദേശങ്ങളിൽ ഇന്ത്യ ഒഴിവാക്കാൻ ഉപദേശിക്കുകയുണ്ടായി. ഇതുമാത്രമല്ല ഇന്ത്യയിലെ സാധാരണക്കാരോടൊപ്പം നോട്ട് മാറി വാങ്ങുവാൻ വിദേശികളും കൂട്ടത്തോടെ ക്യുവിൽ ദിവസം ചെലവാക്കുന്ന ചിത്രങ്ങൾ വ്യാപകമായി പത്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുകയുണ്ടായി. ഇതെല്ലം ചേർന്ന് വിദേശ ടൂറിസ്റ്റുകളുടെ വരവിൽ 55 ശതമാനത്തിന്റെ കുറവുണ്ടാക്കുകയുണ്ടായി.
വര്ഷാവസാന വിനോദയാത്രക്കാരെ സ്വീകരിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് ഗോവ. ശരാശരി 30 ലക്ഷം ടൂറിസ്റ്റുകൾ ഈ സീസണിൽ സന്ദർശിക്കുന്ന ഗോവയിൽ നോട്ട് ക്ഷാമം വലിയ തോതിൽ ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കുകയുണ്ടായി. നോട്ട് ക്ഷാമം 50 ദിവസം പിന്നിടുമ്പോൾ ഗോവയിലെ സഞ്ചാരികളെ സ്വീകരിക്കുന്ന വ്യവസായം നിരാശയിലാണ്. പല ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ആളൊഴിഞ്ഞ നിലയിലാണ്. ഇനി അടുത്ത സീസണിൽ നഷ്ടം നികത്തിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ആളുകൾ.
ഭാവി സാദ്ധ്യതകൾ
ആഭ്യന്തര വിനോദയാത്രയെ ബാധിച്ച മാന്ദ്യം ഒരുപക്ഷെ നോട്ട് ക്ഷാമം അവസാനിക്കുന്നതോടെ അവസാനിച്ചേക്കാം. പക്ഷെ നഷ്ടപ്പെട്ട സീസൺ ഇനി തിരിച്ചുകിട്ടില്ല. അസ്സോചെം റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് സ്വന്തമായി യാത്ര പ്ലാൻ ചെയ്യുന്ന വ്യക്തിഗത ടൂറിസ്റ്റുകളാണ് യാത്ര കാൻസൽ ചെയ്തവരിൽ ഭൂരിപക്ഷവും. സംഘടിത കോര്പറേറ്റ് ട്രാവൽ കമ്പനികളുടെ ബിസിനസിൽ കാര്യമായ കുറവ് വന്നിട്ടില്ല. കാരണം അവർ പൂർണമായും കറന്സിയെ ആശ്രയിക്കുന്നില്ല എന്നതാണ്. വിമാന സർവീസുകളും ഹോട്ടലുകളും തങ്ങളുടെ വിളകളിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ടൂർ കമ്പനികൾ ടൂറിസ്റ്റുകൾക്ക് ഒരു നല്ല പരിധിവരെ കാഷ്‌ലെസ്സ് സൗകര്യം അനുവദിക്കുന്നതിനാൽ ഭാവിയിൽ വ്യക്തിഗത ടൂറുകൾക്കു മേൽ സംഘടിത ടൂറിസം ബിസിനസ് മേൽക്കൈ നേടിയേക്കാം. പ്രാദേശിക റെസ്റ്റോറന്റുകളും ടാക്സി ഓപ്പറേറ്റര്മാരും വില്പനക്കാരും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളും മൊബൈൽ വാലെറ്റുകളും മൂലമുള്ള. ഇടപാടുകൾ സ്വീകരിക്കാൻ നിര്ബന്ധിതരായേക്കാം.
ക്യാഷ്‌ലെസ്സായി യാത്രചെയ്യാനുള്ള നിർദേശങ്ങൾ
മുൻകൂട്ടി പ്ലാൻ ചെയ്യുക : ഓൺലൈനായി ക്രയവിക്രയം വഴി നിങ്ങളുടെ ട്രെയിൻ, വിമാന ടിക്കെട്ടുകൾ ബുക്ക് ചെയ്യൽ, ഹോട്ടൽ താമസം, ഭക്ഷണം എന്നിവയുടെ ബില്ല് അടക്കാമെന്നതിനു പുറമെ മറ്റു നിരവധി ഇടപാടുകളും ക്രെഡിറ്, ഡെബിറ്റ് കാർഡുകൾ, ഇ–വാലറ്റ് എന്നിവ വഴി നടത്താവുന്നതാണ്. ടാക്സി ബുക്കിംഗ്, സിനിമ ടിക്കറ്റ് ബുക്കിംഗ്, കാഴ്ചകൾ കാണൽ എന്നിവ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നടത്താവുന്നതാണ്. യൂബർ, ഓല എന്നിവയുടെ ആപ്പ് നിങ്ങളുടെ മൊബൈലിൽ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
മൊബൈൽ വാലെറ്റുകൾ വഴി ക്രയവിക്രയം നടത്തുക: വഴിയോര കച്ചവടക്കാർ മുതൽ പലചരക്കു കടകൾക്കു വരെ മൊബൈൽ വാലറ്റ് പേയ്മെന്റ് സമ്പ്രദായം നടപ്പാക്കുമെന്നാണ് ഗവർമെന്റ് അവകാശപ്പെടുന്നത്. അത് സാധിക്കുമായിരിക്കാം. പേയ് ടിഎം, ഫ്രീചാർജ്, മൊബിക്വിക് എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇ–വാലെറ്റുകൾ.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുക: ഏറ്റവും അടുത്ത് ക്യാഷ് ഉള്ള എടിഎം എവിടെയാണെന്നറിയാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുക. ഏറ്റവും അടുത്ത പ്രവർത്തിക്കുന്ന എടിഎം എവിടെയാണെന്ന് അറിയാൻ വാല് നട് എന്ന മൊബൈൽ അപ്ലിക്കേഷൻ സഹായിക്കും. #ATMswithCash എന്ന ഹാഷ്ടാഗ് നിങ്ങളുടെ അടുത്തുള്ള എടിഎം കണ്ടുപിടിക്കാൻ സഹായിക്കും.