സുകന്യ സമൃദ്ധി യോജന – പെൺകുട്ടികൾക്കായി ക്ഷേമ പദ്ധതി
മകൾക്കുവേണ്ടി സമ്പാദിക്കുക – “ബേട്ടി ബചാവോ, ബേട്ടി പടാവൊ” യുടെ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം എന്നപേരിൽ ഒരു ചെറുകിട സമ്പാദ്യ പദ്ധതി ആവിഷ്കരിക്കുകയുണ്ടായി. 2008 നും 2013 നും ഇടക്ക് കുടുംബ സമ്പാദ്യം 38%ൽ നിന്ന് 30% ആയി കുറഞ്ഞ സാഹചര്യം കൂടി പരിഹരിക്കുന്നതിനുള്ള ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കിയത് ഈ പദ്ധതി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
സുകന്യാ സമൃദ്ധി അക്കൗണ്ട് എങ്ങനെ തുറക്കാം?
പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകര്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് ഇത് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കുന്നതാണ്.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട് – കൂടുതൽ വിവരങ്ങൾ
അക്കൗണ്ട് കൈമാറ്റം:
കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. പെൺകുട്ടി ഇന്ത്യക്കകത്ത് എവിടെ മാറിത്താമസിച്ചാലും ആ സ്ഥലത്തേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്.
കുറഞ്ഞ നിക്ഷേപം: 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി 150,000 വരെ നിക്ഷേപിക്കാവുന്നതാണ്. ഒരു ധനകാര്യ വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്.
അർഹതയുടെ പ്രായപരിധി
പത്തു വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. 2014 ഡിസംബർ 2നാണ് ഈ പദ്ധതി തുടങ്ങിയത്. അന്ന് 2015 ഡിസംബർ ഒന്നിനകം പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് ഒരു വർഷത്തെ ഗ്രേസ് അനുവദിച്ചിരുന്നു. അതായത് 2003 ഡിസംബർ 2 നും 2003 ഡിസംബർ ഒന്നിനും ഇടക്ക് ജനിച്ച കുട്ടികളെയും പദ്ധതിയിൽ ചേർക്കാൻ അനുവദിച്ചിരുന്നു.
ഈ പദ്ധതിയിൽ ചേരാനും അത് തുടരാനും പദ്ധതിയുടെ കാലാവധിക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കുന്നതവണമെന്നു നിർബന്ധമുണ്ട്.
അക്കൗണ്ടിലെ പേര്
സുകന്യ സമൃദ്ധി പദ്ധതി പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങുന്നത്. രക്ഷാകർത്താവ് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കുന്ന നിക്ഷേപകൻ മാത്രമായിരിക്കും.
ഒരു പെൺകുട്ടി, ഒരു അക്കൗണ്ട്. ഒരു കുട്ടിയുടെ പേരിൽ ഒരൊറ്റ അക്കൗണ്ട് മാത്രമേ തുടങ്ങാൻ കഴിയുകയുള്ളൂ.
അക്കൗണ്ട് എവിടെ തുടങ്ങാം: സുകന്യാ സമൃദ്ധി അക്കൗണ്ട് പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലിയും തുടങ്ങാം.
പണം കാഷയോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാവുന്നതാണ്.
അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരാജയപ്പെട്ടാൽ വിഷമിക്കേണ്ട. കുടിശിക വന്ന തുകക്കൊപ്പം 50 രൂപ പിഴ അടച്ചു അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാവുന്നതാണ്.
പലിശ നിരക്ക്
ഈ പദ്ധതി നിക്ഷേപങ്ങൾക്ക് 9.1% പലിശ നൽകുന്നു. എല്ലാ വർഷവും ഏപ്രിൽ മാസത്തിൽ പലിശ പുനര്നിര്ണയിക്കുകയും ഗുണഭോക്താവിനെ അറിയിക്കുകയും ചെയ്യും. ഓരോ വർഷവും പലിശ കണക്കാക്കി അക്കൗണ്ടിൽ ചേർക്കും.
കാലാവധി
രക്ഷാകർത്താവ് 14 വർഷം നിക്ഷേപം അടച്ചാൽ മതിയാകും. കാലാവധി പൂർത്തിയാകുന്നതുവരെ പിന്നീട് ഒരു തുകയും നിക്ഷേപിക്കേണ്ടതില്ല.
പിൻവലിക്കൽ
പെൺകുട്ടി 18 വയസ് പൂർത്തിയാക്കിക്കഴിഞ്ഞാൽ മുൻ വര്ഷ ക്ലോസിങ് പ്രകാരം അക്കൗണ്ടിലുള്ള തുകയുടെ 50% അകാല പിൻവലിക്കൽ അനുവദിക്കും.
അക്കൗണ്ട് അവസാനിപ്പിക്കൽ
പെൺകുട്ടി 21 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്. എന്നാൽ അപ്പോഴും പണം പിന്വലിക്കുന്നില്ലെങ്കിൽ തുടർന്നും പലിശ വരുമാനം ലഭിക്കുന്നതാണ്.
നികുതി ഇളവുകൾ
ഇൻകം ടാക്സ് നിയമത്തിന്റെ 80C വകുപ്പുപ്രകാരം 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ പൂർണമായും നികുതി രഹിതമായിരിക്കും.
അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യമായ രേഖകൾ:
അക്കൗണ്ട് ക്ലോസിങ് അപേക്ഷാഫാറം, തിരിച്ചറിയൽ രേഖ, മേൽവിലാസത്തിനുള്ള രേഖ / പൗരത്വ രേഖ എന്നിവ ഹാജരാക്കാവുന്നതാണ്.
അക്കൗണ്ട് തുറക്കാൻ വേണ്ട രേഖകൾ :
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷാകർത്താവിന്റെ അഡ്ഡ്രസ്സ്, തിരിച്ചറിയൽ രേഖ (പാൻ കാർഡ്/ വോട്ടർ രേഖ/ ആധാർ കാർഡ്/ പാസ്പോര്ട്ട്)