എന്റെ ഭാരതം / നോട്ട് അസാധുവാക്കലും സാധാരണക്കാരും

നോട്ട് അസാധുവാക്കലും സാധാരണക്കാരും

December 7, 2016

സർവോപരി (രാജകുമാരൻ) മറ്റുള്ളവരുടെ ധനത്തിനുമേൽ കൈവയ് ക്കരുത് കാരണം ആളുകൾ തങ്ങളുടെ പിതാവിന്റെ മരണദിനം മറന്നാലും പിതൃസ്വത്ത് മറക്കില്ല” – (നിക്കോളായ് മാക്കിയവല്ലി ദ് പ്രിൻസ്)

സ്വതന്ത്ര ഇന്ത്യയിലെ ഒരു നിർണായക ചരിത്ര ഘട്ടമായി ഇപ്പോഴത്തെ കറൻസിയുമായി ബന്ധപ്പെട്ട അവ്യവസ്ഥയെ ഭാവിയിൽ ചരിത്രകാരന്മാർ വിവരിച്ചേക്കാം. ഇപ്പോഴിറങ്ങുന്ന വാർത്താറിപ്പോർട്ടുകളും വിശകലനങ്ങളും ട്വീറ്റുകൾ, ഫേസ് ബുക് പോസ്റ്റുകൾ എന്നിവയും വീഡിയോ ക്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കുന്നത് വർത്തമാന കാലത്തിന്റെ തീവ്ര പ്രതിസന്ധി ഭാവി തലമുറയ്ക്ക് മനസിലാക്കികൊടുക്കുവാനും ചരിത്ര പാഠങ്ങൾ രചിക്കുവാനും സഹായിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രഭാതം മുതൽ പ്രദോഷം വരെ തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റി എടുക്കുവാൻ ബാങ്കുകളുടെ മുൻപിലെ വരികളിൽ ക്ഷമാപൂർവം കാത്തുനിൽക്കുന്ന കാഴ്ച തുടങ്ങിയിട്ട് ഇന്ന് പത്തു ദിവസമാകുന്നു. നഗരങ്ങളിൽ നിരവധി ബാങ്കിങ് സ്ഥാപനങ്ങളും എടിഎം കളും ഉള്ളതുകൊണ്ട് നഗരങ്ങളിലുള്ളവർ ഗ്രാമവാസികളേക്കാൾ ഭാഗ്യവാന്മാരാണ്; എങ്കിലും മണിക്കൂറുകളോളം നിരയിൽ നിന്നശേഷമേ കൗണ്ടറുകളിൽ എത്തിച്ചേരാൻ സാധിക്കുന്നുള്ളൂ. 833 ദശലക്ഷം ജനങ്ങൾ (ജനസംഖ്യയുടെ 69%) ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ വളരെദൂരം യാത്രചെയ്താണ് പലരും എടിഎം കളിലും ബാങ്കുകളിലും എത്തുന്നതുതന്നെ. ഒരുപക്ഷെ 1947 ലെ ഇന്ത്യ പാകിസ്ഥാൻ വിഭജനത്തെ തുടർന്നുണ്ടായ അലച്ചിലിനു ശേഷം ഇത്രയും വലിയ ദുരന്തം ഇന്ത്യൻ ജനത അനുഭവിക്കുന്നത് ഇതാദ്യമായാവും.

ഇപ്പോഴത്തെ സാമ്പത്തിക താറുമാറാക്കപ്പെടൽ ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിനുശേഷം ലോകത്തെ ഒരു ഭരണകൂടം ഇടപെട്ടു നടത്തുന്ന ഏറ്റവും വലിയ വ്യവസ്ഥാ ധ്വംസനമാണ്. ഇത് അതിശയോക്തിയാണെന്നു നിങ്ങള്ക്ക് തോന്നുന്നുവെങ്കിൽ കണക്കുകൾ വച്ച് പരിശോധിക്കാം. 248 കുടുംബങ്ങളുള്ള ഗ്രാമീണ ജനസംഖ്യയുടെ നാലിൽ മൂന്നു പേർക്ക് മാസ വരുമാനം 5000 രൂപയിൽ താഴെയാണ്; എന്നാൽ അവരിൽ മഹാ ഭൂരിപക്ഷത്തിന്റെയും പക്കൽ 500 രൂപയുടെയോ ആയിരം രൂപയുടെയോ ഒരു നോട്ടെങ്കിലുമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇനി ഇതിൽ 50 ദശലക്ഷം കുടുംബങ്ങൾ 500 രൂപയുടെ ഒരു നോട്ടുപോലും ഇല്ലാത്ത തരത്തിൽ അതീവ ദരിദ്രരായിരിക്കുമെന്നു കരുതിയാൽപോലും അവശേഷിക്കുന്ന 200 ദശലക്ഷം കുടുംബങ്ങളിൽനിന്ന് ഒരാൾ വീതം അടിയന്തിരമായി നോട്ടു മാറിക്കിട്ടാൻ ബാങ്കിലേക്ക് യാത്ര ചെയ്യേണ്ടിവരും. ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഡിസംബറിന് മുൻപ് ഒന്നിലധികം പ്രാവശ്യം പണം മാറിക്കിട്ടാൻവേണ്ടി ബാങ്കിലേക്ക് പോകേണ്ടി വരും. ഈ വരിനിൽക്കലുകളിൽ അവർ സമാഹരിക്കാനിടയുള്ള അറിവുകൾ,വിവരങ്ങൾ, വിശകലനങ്ങൾ, എല്ലാം ആത്യന്തികമായി ഗവൺമെന്റിന്റെ കറൻസി നിരോധിക്കലിനെപ്പറ്റി നിഷേധാത്മകമായ കാഴ്ചപ്പാടായിരിക്കും സൃഷ്ടിക്കപ്പെടാൻ സാധ്യത.

ഇത് ഒരു പ്രശ്നമാണെന്ന് ഗവൺമെന്റ് അംഗീകരിക്കുമ്പോൾ പോലും ത്യാഗബുദ്ധിയോടെയും സന്നദ്ധ മനോഭാവത്തോടെയും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും അഭ്യർത്ഥിക്കുന്നു. രാജ്യനന്മക്കുവേണ്ടി ഇത്രയും അസൗകര്യങ്ങൾജനങ്ങൾ സഹിക്കണമെന്നാണ് അവരുടെ ആഹ്വാനം; വലിയ നേട്ടങ്ങൾക്കുവേണ്ടി ചെറിയ കഷ്ടതകൾ അനുഭവിക്കണമെന്നാണ് പാർലിമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു വിശദീകരിച്ചത് . പ്രധാനമന്ത്രി നരേന്ദ്രമോഡി വിശദീകരിച്ചു: ജപ്പാനിലെ ജനങ്ങൾ 2011 ലെ സുനാമിയും ആണവ ചോർച്ചയും ക്ഷമയോടെ നേരിട്ടതുപോലെ രാജ്യത്തെ ജനങ്ങൾ നാലും ആറും മണിക്കൂർ ക്ഷമയോടെ വരികളിൽ നിന്ന് തങ്ങളുടെ പണം മാറി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ ബുദ്ധിമുട്ടുകൾക്കിടയിലും തന്നെ ജനങ്ങൾ ആശിർവദിക്കുമെന്ന്‌ഒരിക്കലും കരുതിയില്ലെന്നും അടുത്ത 50 ദിവസം തന്നോട് സഹകരിക്കണമെന്ന് ജപ്പാൻ പര്യടനത്തിനിടെ നടത്തിയ റേഡിയോ പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കൾ പദ്ധതി തങ്ങൾ വലിയ സദുദ്ദേശത്തോടെയാണ് നടപ്പാക്കിയതെന്നും അതിനാൽ അതുകൊണ്ടു വന്ന കഷ്ടങ്ങൾ ജനങ്ങൾ ഡിസംബർ കഴിഞ്ഞു ജനുവരി ആകൊമ്പോഴേക്കും മറന്നുകൊള്ളുമെന്നുമാണ് മോഡി ഗവണ്മെന്റിന്റെ വിശ്വാസം. ഗവൺമെന്റിനുവേണ്ടി ഈ ത്യാഗം സഹിക്കണമെന്നുള്ള ആഹ്വാനത്തോട് ഇടത്തരക്കാരും പാവപ്പെട്ടവരും അതേ അർത്ഥത്തിൽ പ്രതികരിക്കുമെനനും തങ്ങളുടെ കൺമുൻപിലുള്ള പണക്കാരുടെ ധനം ഒറ്റ ദിവസം കൊണ്ട് ശൂന്യമായി പോകുമെന്ന വിശ്വാസം അവരെ സന്തോഷിപ്പിക്കുന്നെന്നാണ് അനുമാനം. അതിന്റെ പേരിൽ ഗവര്മെന്റിനുള്ള മതിപ്പ് വരും മാസങ്ങളിൽ ബിജെപിക്കുള്ള പിന്തുണയായി മാറുമെന്നുമാണ് അവരുടെ വിശ്വാസം.

എങ്കിലും ബിജെപി ഒരു പാർട്ടി എന്ന നിലക്ക് ഈ ആഹ്വാനം പൂർണമായയും ഉൾക്കൊണ്ടുവെന്ന് കരുതാനാവില്ല. ഒരു സമൂഹത്തിന്റെ വിപണന മാധ്യമത്തെ മൊത്തം ഇല്ലാതാക്കി അവരെ നിസ്സഹായരാക്കിയ അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഭക്ഷണവും മരുന്നും യാത്രാ ആവശ്യങ്ങളും ഉൾപ്പടെയുള്ള ജനങ്ങളുടെ അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ കഴിയാത്ത അവസ്ഥ. വിനിമയ നാണയങ്ങൾ നിലവിൽ വരുന്നതിനു മുൻപ് ഗോത്ര സമൂഹങ്ങളുടെ കാലത്തേക്കോ മറ്റോ മടങ്ങിപ്പോകുന്ന അവസ്ഥയാണ് ഭൂരിപക്ഷവും നേരിടുന്നത്. നിങ്ങൾക്കുള്ള ഭക്ഷ്യധാന്യം നിങ്ങൾ സ്വയം ഉൽപ്പാദിപ്പിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പക്കലുള്ള എന്തോ അത് ആവശ്യമുള്ളവരോട് വാങ്ങുക എന്ന പുരാതനമായ അവസ്ഥയാണ് കുറച്ചുകാലത്തേക്കെങ്കിലും സംജാതമായിരിക്കുന്നത്. ഇതനുസരിച്ച് ഓട്ടോറിക്ഷ ഓടിക്കുന്ന ആൾക്ക് തന്റെ സേവനം ആവശ്യമുള്ള നെൽ കൃഷിക്കാരനെ അന്വേഷിച്ചു നടക്കേണ്ടിവരും അയാൾക്ക്‌ വീട്ടിൽ കഞ്ഞിവെക്കാൻ അരിക്കുവേണ്ടി. എത്ര താല്കാലികമാണെങ്കിലും ഇന്ത്യൻ സമൂഹം അത്തരമൊരു അവസ്ഥയിൽ അതിജീവിക്കാൻ മാത്രം പ്രാചീനതയോട് അടുത്ത് നിൽക്കുന്നവരല്ല.

ബിജെപി യിലെ പലരും അപകടം മണക്കുന്നുണ്ട്. ഈ സാഹചര്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാൻ അവർ നടത്തുന്ന പ്രചാരണ കഥകൾ പ്രതിസന്ധി തീരുന്നതിനുമുമ്പ് ഉടഞ്ഞുവീഴാനുള്ള സാധ്യത അവർ കാണുന്നു. മോഡി സർക്കാരിന് ഇതുവരെ നടന്ന സംവാദങ്ങളിൽ മേൽക്കൈ കിട്ടിയത് പ്രധാനമന്ത്രി നടത്തുന്ന ആവേശഭരിതമായ വാചാടോപങ്ങൾ, അംഗവിക്ഷേപങ്ങൾ, വിദേശയാത്രകൾക്കിടയിൽ പ്രവാസി ഇന്ത്യക്കാരുടെ യോഗങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ വിദേശ രാഷ്ട്രത്തലവന്മാരുമായി നടത്തുന്ന സംവാദങ്ങളാണെന്ന ധ്വനിയോടെ മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് എന്നിവ മൂലമാണ്. കൂടാതെ ബിജെപി ജെ എൻ യു ഉൾപ്പടെ രാജ്യത്തെ ചില വിദ്യാഭാസ സ്ഥാപനങ്ങൾക്കെതിരെ നടത്തുന്ന ദേശവിരുദ്ധ പ്രചാരണങ്ങളിലൂടെയും, കാശ്മീർ കലാപം, പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരവാദം, ഗോസംരക്ഷണം, മുത്തലാഖ് തുടങ്ങിയ ചർച്ചകളിലൂടെയും നിരന്തരം പൊതുജന ശ്രദ്ധയിൽ നിൽക്കുവാനുള്ള തന്ത്രങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മാധ്യമങ്ങൾ, പ്രത്യേകിച്ച് പ്രാദേശിക ഭാഷകളിലുള്ള മാധ്യമങ്ങൾ അമിത ശുഭാപ്തിവിശ്വാസം കുത്തിനിറച്ചുള്ള ഔദ്യോഗിക പ്രചാരണങ്ങൾക്ക് പ്രചാരണം കൊടുത്ത് പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന അഭിപ്രായം സ്വതന്ത്ര ചിന്തകർക്കുണ്ട്.

മോദിയെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന് അനർഹമായി കിട്ടുന്ന മാധ്യമ കവറേജിനെപ്പറ്റി ഏറെയൊന്നും വ്യാകുലപ്പെടേണ്ടി വരില്ല. പാവങ്ങൾക്ക് നവംബർ 8 നു ശേഷം കിട്ടിയ അനുഭവ പാഠങ്ങൾ ഇത്തരം വാർത്തകളുടെ തങ്ങളുടെ ഭാഷയിലുള്ള പകർപ്പാകുമെന്നാണ് സൂചനകൾ കാണിക്കുന്നത്. തങ്ങളുടെതന്നെ പ്രവർത്തിയുടെ യുക്തിരാഹിത്യങ്ങളെ മറച്ചുപിടിക്കാൻ നടത്തുന്ന ഓരോ ശ്രമവും പ്രധാനമന്ത്രിയുടെയും എൻ ഡി എ യുടെയും വിശ്വാസ്യതയിൽ പുഴുക്കുത്ത് വീഴ്ത്തുകയെ ഉള്ളു.

കൃഷിക്കാർക്ക് അടുത്ത റാബി വിളക്കാല കൃഷിക്കായി വിത്തും വളവും വാങ്ങാൻ പണമില്ല. പ്രശസ്ത പത്രപ്രവർത്തകനും ഗ്രാമീണ സാമ്പത്തിക പണ്ഡിതനുമായ പി.സായ്‌നാഥ് എഴുതുന്നു: “കൃഷിക്കാർ മാത്രമല്ല, ഭൂരഹിത കർഷക തൊഴിലാളികൾ, വീട്ടുജോലിക്കാർ, പെൻഷനായവർ, ചെറുകിട കച്ചവടക്കാർ, മറ്റു പല വിഭാഗങ്ങളും, എന്നിങ്ങനെ ഒരുവിധം ജനങ്ങളൊക്കെ കടുത്ത പ്രതിസന്ധിയിലാണ്“. കഴിഞ്ഞ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന കോടിക്കണക്കിന് ഇടപാടുകൾ മാറ്റിവയ്ക്കപ്പെടുകയോ റദ്ദുചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. “ഗ്രാമീണ കുടുംബങ്ങൾ എങ്ങനെയെങ്കിലും താത്ക്കാലികമായി അതിജീവനത്തിനുള്ള വഴികൾ കണ്ടെത്തിയാൽപോലും പണിശാലകളെയിൻ പാടങ്ങളെയും പണത്തിന്റെ ദൗർലഭ്യം തളർത്തുമെന്നത് ഉറപ്പാണ്“: ഗ്രാമീണ ഇന്ത്യയുടെ മറ്റൊരു ആധികാരിക വക്താവായ ഹരീഷ് ദാമോദരൻ അഭിപ്രായപ്പെടുന്നു. “തൊഴിലെടുക്കുന്ന ജനതയിൽ കഷ്ടിച്ച് പത്തു ശതമാനത്തിനു മാത്രമാണ് ശമ്പളം തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തു കിട്ടുന്നത്. ശേഷിക്കുന്ന പ്രതിദിനപ്രതിവാര വേതനത്തിന് ജോലി ചെയ്യുന്നവർക്ക് കൂലി പണമായാണ് കിട്ടുന്നത്. പിൻവലിച്ച 86% പണത്തിന് പകരം പുതിയ കറൻസി ഉടനെ തിരിച്ചുവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ തൊഴിലുടമകൾക്ക് തങ്ങളുടെ തൊഴിലാളികൾക്കുള്ള വേതനം കൊടുക്കാൻ കഴിയാതെ വരുകയും അതുമൂലം തൊഴിൽശാലകൾ അടച്ചിടാൻ അവർ നിര്ബന്ധിതരാവുകയും ചെയ്യും. അതുപോലെതന്നെ സഹകരണ സംഘങ്ങൾവഴി പാൽ വിൽക്കുന്ന കർഷകർക് നിത്യവും കിട്ടിക്കൊണ്ടിരുന്ന വില കിട്ടാതായിട്ടുണ്ട്“. അദ്ദേഹം പറഞ്ഞു.

പണമുള്ളവർക്ക് കിട്ടിയ അപ്രതീക്ഷിത തിരിച്ചടി മതിയാവും തങ്ങളുടെ ജനപിന്തുണ ഉറപ്പിക്കാനെന്നാണ് ബിജെപിയിൽ പലരും വിശ്വസിക്കുന്നത്. ജനലക്ഷങ്ങളുടെ കഷ്ടപ്പാടിന്റെ ആഴത്തിനുമേൽ മേല്പറഞ്ഞ തിരിച്ചടിയുടെ മൂല്യം വച്ചുള്ള ചൂതുകളിയാവും അത്. പണദ്രവീകരണ പ്രക്രിയ പൂർത്തിയായിക്കഴിയുമ്പോൾ സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമെന്നുള്ളതിന് ഒരു ഉറപ്പുമില്ല. അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പകരം നല്കാൻ വേണ്ടി സൗദി അറേബ്യയെപ്പോലെയോ കുവൈറ്റിനെപ്പോലെയോ പണസമ്പത്തുള്ള രാജ്യമാകുകയുമില്ല ഇന്ത്യ. മറിച്ച് നാം കേൾക്കാൻ സാധ്യതയുള്ളത് പണക്കാർ ഈ സാഹചര്യത്തെ എങ്ങനെ അതിജീവിച്ച് അവരുടെ പണം തിരിച്ചുപിടിച്ചു എന്നതിനെപ്പറ്റിയുള്ള നാടോടി കഥകളായിരിക്കും. 2017 ലും അഴിമതിയും കൗശലവും ഇവിടെത്തന്നെ ഉണ്ടാകും. പണക്കാരുടെ ദുരിതങ്ങൾ ബിജെപിക്ക് ഫലം കായ്ക്കുന്നതാകണമെങ്കിൽ അവരെ ജനമധ്യത്തിൽ കൊണ്ടുവന്ന് പേരും വിലാസവും വെളിപ്പെടുത്തി, അപമാനിച്ച് തടവിലിടേണ്ടി വരും. അങ്ങനൊന്ന് നമുക്ക് കാണാനുള്ള സാധ്യത വളരെ വിരളമാണ്. മറിച്ച് വൻകിടക്കാരുടെ കടങ്ങൾ എഴുതി തള്ളലും മനപ്പൂർവം പിഴ വരുത്തുന്നവർക്കുവേണ്ടി കണക്കുപുസ്തകം തിരുത്തി എഴുതുന്നതും സംഭവിച്ചാൽ ഗവൺമെന്റിന് ജനങ്ങളുടെ മുൻപിൽ തലകുനിച്ചു നിൽക്കേണ്ടി വരും.

അതേസമയം പ്രതിപക്ഷ പാർട്ടികളാകട്ടെ ബിജെപി യുടെ പണ ദ്രവീകരണ പദ്ധതി തങ്ങളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ തുടച്ചുനീക്കി രാഷ്ട്രീയമായി ആധിപത്യം സ്ഥാപിക്കാനുള്ള ഗൂഢ ലക്ഷ്യമായാണ് കാണുന്നത്. തങ്ങൾക്ക് തമ്മിൽ യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇതിനെ പ്രതിരോധിക്കാൻ തങ്ങളുടേതായ ആഖ്യാനം കൊണ്ടുവരേണ്ടത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ബിജെപി തങ്ങളുടെ പണം മുഴുവൻ നവംബർ 8 നു മുൻപ് രൂപമാറ്റം വരുത്തിയെന്നും മറ്റ് എല്ലാ പാര്ടികളെക്കാളും കൂടുതൽ പണം അവർ അടുത്തുവരുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നുമായിരിക്കും അവർ വിശദീകരിക്കുക. ബിജെപി യുടെ ദളിത്മുസ്ലിം വിരുദ്ധ പ്രതിച്ഛായയും മാട്ടിറച്ചിയുടെ പേരിൽ നടന്ന അക്രമങ്ങളും അതോടൊപ്പം ഇപ്പോഴത്തെ ജനങ്ങളുടെ കഷ്ടപ്പാടുകളും എടുത്തുപയോഗിക്കാൻ കഴിഞ്ഞാൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ പാർട്ടികൾ കരുതുന്നു.

 

  • ഈ ലേഖനത്തിലെ അഭിപ്രായങ്ങൾ Www.mapsofindia.com വെബ്സൈറ്റിന്റെ ഔദ്യോഗിക അഭിപ്രായമല്ല; മറിച്ച് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്.