എന്റെ ഭാരതം / ടാറ്റായിലെ ബൈ ബൈ യുടെ നിഗൂഢത

ടാറ്റായിലെ ബൈ ബൈ യുടെ നിഗൂഢത

December 7, 2016

Ratan Tata and Cyrus Mistry

102 ബില്യൺ USD ആസ്തിയുള്ള ടാറ്റ സൺസ് ഗ്രൂപ്പ് അതിന്റെ എക്സിക്യൂട്ടിവ് ചെയര്മാൻ സൈറസ് മിസ്ട്രിയെ പുറത്താക്കിയത് ഈ ആഴ്ച കോര്പറേറ്റ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. തുടർന്ന് ഡയറക്റ്റർ ബോർഡ് രത്തൻ ടാറ്റയെ നാലു മാസത്തേക്ക് ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി അവരോധിച്ചു. പൊതുവിൽ തൊഴിലാളികളോടും ജീവനക്കാരോടും മൃദു സമീപനം സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്ന ടാറ്റ ബിസിനസ് സാമ്രാജ്യത്തിന്റെ ഈ മാറ്റം ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള പല ഊഹാപോഹങ്ങൾക്കും വഴിവച്ചു. ദീർഘകാലം ടാറ്റ സാമ്രാജ്യത്തെ നയിക്കുകയും വിജയത്തിനലിന്നു വിജയത്തിലേക്ക് ഉയർത്തുകയും മാറിയ ബിസിനസ് പരിതഃസ്ഥിതിയുടെയും സാങ്കേതിക വിദ്യയുടെയും വെല്ലുവിളികൾക്കിടയിൽ പതറാത്ത, ബിസിനസ് ലോകത്തു ഏറ്റവും നല്ല നേതൃത്വം കൊടുത്ത രത്തൻ ടാറ്റ 2012 വിരമിച്ചത് മുതലുള്ള നാലുവർഷം സൈറസ് മിസ്ത്രിയാണ് ഗ്രൂപ്പിനെ നയിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ടാറ്റ കുലത്തിനു പുറത്തുനിന്നു ചെയർമാനാകുന്ന രണ്ടാമത്തെ വ്യക്തിയാണ് (ആദ്യത്തെയാൾ നവറോജി സക്ലത് വാല – 1932) സൈറസ് മിസ്ത്രി.

പുറത്തുള്ള ഒരാൾക്കും മിസ്ട്രിയുടെ പുറത്താകലിന്റെ കാരണം പിടിയില്ലെങ്കിലും എമ്പാടും ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. മിസ്ട്രിയെ തൽക്ഷണം പുറത്താക്കുകയായിരുന്നു അതോ മാന്യമായി രാജിവച്ചു പോകാൻ അവസരം കൊടുത്തിരുന്നോ, അദ്ദേഹം രാജിവയ്ക്കാൻ വിസമ്മതിച്ചതിനെ ഭലമായാണോ ചോരചിന്തുന്ന ഈ തീരുമാനം ഡയറക്ടർ ബോർഡ് എടുത്തത് എന്നതും വ്യക്തമല്ല. മാനസികമായി മിസ്ട്രിയും ടാറ്റ ട്രൂസ്റ്റുകൾ നിയന്ത്രിച്ചിരുന്ന രത്തൻ ടാറ്റയും തമ്മിൽ അഗാധമായ ഭിന്നത കുറേക്കാലമായി നിലനിന്നിരുന്നു എന്നത് വ്യക്തമാണ്. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്, മറ്റു ടാറ്റ കുടുംബാംഗങ്ങൾ രൂപപ്പെടുത്തിയ സാമൂഹ്യ സേവന ട്രൂസ്റ്റുകൾ എന്നിവയാണ് ടാറ്റ സൺസ് കമ്പനികളുടെ 66% ഓഹരികളും കൈയിൽ വച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും.

അങ്കം കോടതിയിലെത്തിയേക്കാം

പുറത്താക്കലിന് ശേഷവും 48 വയസുള്ള മുൻ ചെയർമാൻ സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ഡയറക്ടറായി തുടരുന്നു. ഫ്‌ളാഗ്‌ഷിപ് കമ്പനിയിൽ ഏറ്റവും കൂടുതൽ (18.4 ശതമാനം) ഷെയറുകളുള്ള ഏറ്റവും വലിയ ഒറ്റ അസ്തിത്വമായ ഷാപൂർജി പല്ലൻജി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് അദ്ദേഹമെന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബോർഡിൻറെ പുറത്താക്കൽ പ്രസ്താവനയിൽ കമ്പനിയുടെ ദീർഘകാല താല്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വ്യക്തമാക്കുന്നു. ഷാപൂർജി പല്ലൻജി ഗ്രൂപ്പ് തങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ ഈ തീരുമാനത്തിനെതിരെ കമ്പനി ലോ ബോർഡിനെ സമീപിച്ചേക്കാം. നിഷ്കാസനത്തിന്റെ പിറ്റേന്ന് രത്തൻ ടാറ്റയും ടാറ്റ ട്രൂസ്റ്റുകളും സൈറസ് ഇൻവെസ്റ്റുമെന്റ്സ് എന്ന സ്ഥാപനത്തിനെതിരെ ബോംബെ, ഡൽഹി ഹൈകോടതികൾ, കമ്പനി ലോ ബോർഡ് എന്നിവയിൽ കവിയറ്റ്ഹർജി സമർപ്പിക്കുകയുണ്ടായി.

മിസ്ത്രി കോടതിയിലേക്ക് പോകാൻ തീരുമാനിച്ചാൽ ഏകപക്ഷീയ ഉത്തരവുകൾ ഉണ്ടാകുന്നതു തടയുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തത്. ഉന്നത തലത്തിലുള്ള നിയമയുദ്ധം ടാറ്റ ബിസിനസിൽ സാമ്പത്തിക താല്പര്യങ്ങളുള്ളവർക്ക് കശാപ്പിന് തുല്യമായ രംഗങ്ങളാകും സൃഷ്ടിക്കുന്നത്.

വേറിട്ട വഴികൾ

ഇന്ത്യൻ വ്യവസായ നിരീക്ഷകർ കരുതുന്നത് യാഥാർത്ഥമെങ്കിൽ രത്തൻ ടാറ്റയും സൈറസ് മിസ്ട്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടങ്ങിയിട്ട് കുറേക്കാലമായി. രണ്ടുപേർക്കും പരസ്പരം യോജിക്കാത്ത മാനേജ്‌മന്റ് ശൈലികളാണെന്നതാണ് പ്രഥമ വിഷയം.

ഉപ്പുമുതൽ വിമാനം വരെഎന്ന പഴയ പരികല്പന ടാറ്റ ഗ്രൂപ്പിനെ സൂചിപ്പിച്ചിരുന്നു മുൻപ്. ഇന്ന് ഉപ്പു മുതൽ സോഫ്റ്റ്‌വെയർ വരെഎത്തിനിൽക്കുന്നു ടാറ്റ ബിസിനസ്. രത്തൻ ടാറ്റ വൈവിധ്യത്തിൽ വിശ്വസിച്ചിരുന്നു. ഗ്രൂപ്പ് കമ്പനികൾ ഉപ്പുമുതൽ ട്രക്കുകൾ വരെയും, സ്റ്റീൽ മുതൽ സോഫ്റ്റ്‌വെയർ വരെയും, കാപ്പി മുതൽ രാസവസ്തുക്കൾ വരെയും ഉത്പാദിപ്പിക്കുകയും സ്കൂളുകൾ, ആശുപത്രികൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ സൈറസ് മിസ്ടറി നൂറു കണക്കിന് വ്യത്യസ്ത ബിസിനസുകൾ നടത്താൻ താല്പര്യമില്ലാത്ത ആളാണെന്നു കരുതപ്പെടുന്നു. ലാഭകരമായ ബിസിനസുകളെ ചെത്തി മിനുക്കാനുംമറ്റുള്ളവയെ വെട്ടി മാറ്റാനുംമിസ്ത്രി നടത്തിയ ചുവടുവയ്പ്പുകൾ രത്തൻ ടാറ്റയ്ക്ക് ദഹിച്ചിട്ടില്ല. ടാറ്റ സ്റ്റീൽസിന്റെ യൂറോപ്യൻ വ്യവസായത്തെ വിട്ടുകളയുവാനുള്ള മിസ്ട്രിയുടെ ആഹ്വനം രത്തൻ ടാറ്റയെപ്പോലെ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റിനെയും അസ്വസ്ഥരാക്കുകയുണ്ടായി.

ലാഭസാധ്യതയുടെ പ്രശ്നം

സൈറസ് മിസ്ട്രിക്കുകീഴിൽ ടാറ്റ ബിസിനസിന്റെ ലാഭം കുറഞ്ഞുവെന്ന് പരക്കെ ആക്ഷേപമുണ്ട്. കിടമത്സരം നേരിടുന്ന തിരക്കിൽ മിസ്ത്രി ലാഭം നിലനിർത്തുന്നത് പ്രധാനമായി കണ്ടില്ല. ഈ ഭീമാകാരൻ ബിസിനസ് ഗ്രൂപ്പിന്റെ വിറ്റുവരവ് 2014 -15 108 ബില്യൺ ഡോളറായിരുന്നത് 2015 -16 103 ബില്യൺ ഡോളറായി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് ഷെയർ ഹോൾഡർ മാർക്കുള്ള ഡിവിഡന്റ് വൈകിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുവെന്നാണ്. ഇതിൽനിന്നു ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ടാറ്റ ട്രസ്റ്റുകൾക്കാണ്. വർധിച്ചു വരുന്ന കടബാധ്യതയാണ് ടാറ്റ ഗ്രൂപ്പ് വര്ഷങ്ങളായി നേരിട്ടിരുന്ന മറ്റൊരു വെല്ലുവിളി. മിസ്ട്രിയുടെ നിയന്ത്രണത്തിൽ ഈ കടം പെരുകിവന്നു. ഗ്രൂപ്പിലെ പല കമ്പനികളും മിസ്ട്രിയുടെ കാലത്ത് ടി സി എസ, ജാഗ്വർ ലാൻഡ് റോവർ എന്നീ കമ്പനികളിൽനിന്നുള്ള വരുമാനത്തെ അതിജീവനത്തിനുവേണ്ടി ആശ്രയിക്കേണ്ടി വന്നു.

ടാറ്റ ഡോകോമോ പിളർപ്പ്

മിസ്ട്രിയുടെ കാലത്ത് കൊണ്ടുവന്ന പ്രവർത്തന ശൈലിയുടെ വിപരീത ഭലത്തിന്റെ ഉത്തമ ഉദാഹരണമാണ് ടാറ്റ ഡോകോമോ ഭിന്നത. 2009 ൽ ജാപ്പനീസ് കമ്പനിയായ NTT Docomo ടാറ്റ ടെലി സർവീസസിന്റെ 26.5 ശതമാനം ഓഹരികൾ 2.7 ബില്യൺ ഡോളറിനു വാങ്ങുകയുണ്ടായി. NTT ആവശ്യപ്പെടുന്നപക്ഷം ഈ ഓഹരികൾ തിരികെ വാങ്ങിക്കൊള്ളാമെന്നു ടാറ്റ വാഗ്ദാനം ചെയ്തു. എന്നാൽ NTT ഈ ആവശ്യം പ്രായോഗികമായി ആവശ്യപ്പെട്ടപ്പോൾ അവർ ഇന്ത്യൻ കമ്പനി നിയമങ്ങൾ അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയൂ എന്ന് മിസ്ത്രി നിലപാടെടുത്തു. ഇതിന്റെ ഭലമായി ഡോകോമോ ലണ്ടൻ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതനുസരിച്ചു ടാറ്റ സൺസ് ഗ്രൂപ്പ് 1.17 ബില്യൺ ഡോളർ നഷ്ട പരിഹാരമായി കൊടുക്കേണ്ടി വന്നു. മധ്യസ്ഥതയിൽ ഉറച്ചു വിശ്വസിക്കുന്ന രത്തൻ ടാറ്റയായിരുന്നെങ്കിൽ പങ്കാളികളോടുണ്ടാക്കിയ ഉടമ്പടി പാലിക്കുമായിരുന്നുവെന്ന് കോര്പറേറ്റ് നിരീക്ഷകർ വിശ്വസിക്കുന്നു.

ടാറ്റ കുടുംബവുമായി വളരെ അടുപ്പമുള്ള ചിലർ അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് വിശ്വസിക്കാമെങ്കിൽ മിസ്ട്രിയുടെ പുറത്താക്കലിന് കാരണം ടാറ്റ ഗ്രൂപ്പിന്റെ ധാർമികതയുമായി ബന്ധപ്പെട്ട വിഷയമാണ്. മിസ്ട്രിയുടെ ശൈലി ടാറ്റ നൈതികതയുമായി തുടക്കം മുതൽ സംഘർഷത്തിൽ ആയിരുന്നു. ടാറ്റ ട്രസ്റ്റുകളും മിസ്ട്രിയുമായി ആശയ വിനിമയത്തിനുള്ള ചാനലുകൾ അപര്യാപ്തമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. രത്തൻ ടാറ്റയും മിസ്ട്രിയും കൂടി കണ്ടിരുന്നുവെങ്കിൽകൂടി ടാറ്റായുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ മറ്റെയാൾ വിജയിച്ചില്ലെന്നു വേണം കരുതാൻ.

ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പ് മനുഷ്യസേവന സാമൂഹ്യ വികസന വിഷയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. മനുഷ്യസ്നേഹ പ്രവർത്തനങ്ങൾക്കുള്ള സഹായം വെട്ടിക്കുറച്ചു ബിസിനസിൽ പൂർണമായും കേന്ദ്രികരിക്കുന്നതു ടാറ്റ ട്രസ്റ്റുകൾക്കു അംഗീകരിക്കാനാകുമായിരുന്നില്ല.

ഇനി ആര്?

സൈറസ് മിസ്ട്രിയുടെ പിൻവാങ്ങലോടെ ടാറ്റ ഗ്രൂപ്പിനെ ഭാവിയിൽ ആര് നയിക്കും എന്ന് ബിസിനസ് ലോകം അതീവ കൗതുകത്തോടെ വീക്ഷിച്ചുകൊണ്ടിരുന്നു. ടാറ്റ സൺസ് ബോർഡ് രത്തൻ ടാറ്റയെ ഇടക്കാല ചെയര്മാനാക്കുന്നതിലും പുതിയ മേധാവിയെ കണ്ടെത്തുന്നതിനായി കമ്മിറ്റിയെ നിയോഗിക്കുന്നതിലും ഒട്ടും സമയം നഷ്ടപ്പെടുത്തിയില്ല. സെലെക്ഷൻ കമ്മറ്റിയിൽ രത്തൻ ടാറ്റ, വേണു ശ്രീനിവാസൻ, റൊണാൻ സെൻ, അമിത് ചന്ദ്ര, ലോർഡ് കുമാർ ഭട്ടാചാര്യ എന്നീ പ്രമുഖരുണ്ട്. പെപ്സിയെ നയിക്കുന്ന ഇന്ദ്രാ നൂയി, ടാറ്റ ഗ്രൂപ്പിന്റെ തന്നെ നോയൽ ടാറ്റ, TCS മേധാവി എൻ ചന്ദ്രശേഖരൻ എന്നിവർ പരിഗണനയിലുള്ള സ്ഥാനാര്ഥികളാണെന്നു മാധ്യമറിപ്പോർട്ടുകൾ പറയുന്നു. ഇതിൽ നോയൽ ടാറ്റ രത്തൻ ടാറ്റായുടെ അർദ്ധ സഹോദരനും സൈറസ് മിസ്ട്രിയുടെ സഹോദരീ ഭർത്താവുമാണ്.