ബന്ധൻ ബാങ്ക് – ബാങ്കിങ് മേഖലയിലെ പുതുപ്പിറവി
11 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ബാങ്കിങ് രംഗത്തെ ഏറ്റവും പുതിയ പിറവിയാണ് ‘ബന്ധൻ ബാങ്ക്‘. ഈയടുത്ത കാലത്ത് പിറവിയെടുതെ ഒരു സ്വകാര്യ ബാങ്കായ ബന്ധൻ ബാങ്കിന്റെ ഉത്ഭവം ഒരു മൈക്രോഫിനാൻസ് സ്ഥാപനമായിട്ടായിരുന്നു. 2014 ലാണ് ബന്ധന് റിസേർവ് ബാങ്ക് ബാങ്കിങ് ലൈസൻസ് നൽകുന്നത്. പ്രതിദിന വരുമാനക്കാരായ തൊഴിലാളികൾ, സ്ത്രീകൾ, ചെറിയ കച്ചവടക്കാർ എന്നിങ്ങനെ അസംഘടിത മേഖലയിൽ ഉള്ളവർക്ക് ബാങ്കിങ് മേഖലയുടെ സേവനം നൽകുവാൻ ഉദ്ദേശിച്ചാണ് ബന്ധന്റെ ആവിർഭാവം. ബാങ്കിങ് സൗകര്യങ്ങൾ തീരെ വികസിച്ചിട്ടില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് ബന്ധൻ ബാങ്കിന്റെ പ്രവർത്തന മേഖല.
ബന്ധൻ ബാങ്കിന്റെ നിക്ഷേപകരും ഘടനയും
2015 ആഗസ്ത് 23ന് കൽക്കട്ട ആസ്ഥാനമായി ബന്ധൻ ബാങ്ക് രൂപീകൃതമായി. കൊൽക്കത്തയിലെ സയൻസ് സിറ്റി ആഡിറ്റോറിയത്തിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലി ബാങ്ക് ഉൽഘാടനം ചെയ്തു. സമ്മേളനത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമാണികളും സാമ്പത്തിക മേഖലയിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു. ബാങ്കിന്റെ സ്ഥാപകൻ ചന്ദ്രശേഖർ ഘോഷിനെ കൂടാതെ സിംഗപ്പൂർ സോവറിങ്ങ് വെൽത് ഫണ്ട്, ലോകബാങ്കിന്റെ ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ, നോർത്ത് ഈസ്റ്റേൺ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ട്രസ്ററ്, ബന്ധൻ എംപ്ലോയീസ് വെൽഫെയർ ട്രസ്ററ്, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ബന്ധൻ ബാങ്കിന്റെ പ്രധാന നിക്ഷേപകർ.
ബന്ധൻ ബാങ്കിന്റെ ചരിത്രം
ബന്ധൻ ബാങ്കിന്റെ മുൻഗാമി മുൻപ് ബന്ധൻ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൈക്രോഫിനാൻസ് സ്ഥാപനവും ലോകത്തിലെ ഏറ്റവും വലിയ ഡെപ്പോസിറ്റ് സ്വീകരിക്കാത്ത മൈക്രോഫിനാൻസ് കമ്പനിയും ആയിരുന്നു. ബന്ധൻ ബാങ്കിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചന്ദ്രശേഖർ ഘോഷ് ആയിരുന്നു ബന്ധൻ മൈക്രോഫിനാൻസിന്റെ സ്ഥാപകൻ. മൈക്രോഫിനാൻസ് കമ്പനി ചെറുകിട ബിസിനസുകൾക്കും ചെറു വരുമാനക്കാരായ സ്ത്രീ സംരംഭകർക്കും സ്വയം സഹായ സംഘങ്ങൾക്കും ചെറിയ പലിശയിൽ പണം കടം കൊടുത്തിരുന്നു. ബാങ്കിങ് ലൈസൻസ് നേടുന്ന സമയത്ത് ബന്ധന്റെ മൊത്തം ആസ്തി ഏകദേശം 6770 കോടി രൂപ ആയിരുന്നു. 13000 ജീവനക്കാരുള്ള ബന്ധൻ രാജ്യത്താകമാനം 2000 ബ്രാഞ്ചുകൾ പ്രവർത്തിപ്പിച്ചിരുന്നു.
ബന്ധൻ ബാങ്ക് പ്രവർത്തനം തുടങ്ങുന്നു
- ബന്ധൻ ബാങ്ക് വി 501 ബ്രാഞ്ചുകളുമായി 2015 ആഗസ്ത് 23ന് പ്രവർത്തനം ആരംഭിച്ചു.
- പ്രവർത്തനം തുടങ്ങുമ്പോൾ ബന്ധൻ ബാങ്കിന് ഇന്ത്യയിലാകമാനം 1.43 കോടി അൽകൗണ്ടുകളും 10500 കോടി വായ്പാ നിക്ഷേപവും ഉണ്ടായിരുന്നു.
- ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ 2022 സേവന കേന്ദ്രങ്ങളും 50 എടിഎം കളും തുറന്നു.
- നിലവിൽ ബന്ധൻ ബാങ്കിന് 19500 ജീവനക്കാരുണ്ട്.
- ബാങ്ക് പശ്ചിമ ബംഗാളിൽ 220, ബിഹാറിൽ 67, ആസാമിൽ 60, മഹാരാഷ്ട്രയിൽ 21, ത്രിപുരയിൽ 20, ജാർഖണ്ഡിൽ 15 എന്നിങ്ങനെ ബ്രാഞ്ചുകൾ തുറന്നു.
- 70% ബ്രാഞ്ചുകളും ഗ്രാമീണ മേഖലയിലും അവയിൽ 35% ബാങ്കിങ് സേവനം ഇല്ലാത്ത ഗ്രാമങ്ങളിലും ആണ്.
- പ്രവർത്തനം തുടങ്ങി ആദ്യത്തെ ദിവസം ബാങ്ക് 60000 പുതിയ അക്കൗണ്ടുകളും 80 കോടി രൂപ നിക്ഷേപവും സമാഹരിച്ചു.
നിക്ഷേപത്തിന്മേൽ പലിശ നിരക്കുകൾ
- ഒരു ലക്ഷം വരെയുള്ള സേവിങ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് 4.5% പലിശയും ഒരു ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 5% പലിശയും നൽകുന്നു.
- ഒരു വര്ഷം മുതൽ മൂന്നു വര്ഷം വരെ കാലിക നിക്ഷേപങ്ങൾക്ക് 8.5% പലിശ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 0.5% അധികം പലിശ നൽകുന്നു.
പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ ബന്ധൻ മൈക്രോഫിനാൻസിന്റെ ഉപഭോക്താക്കളായിരുന്ന 5 ലക്ഷം പേരെ സേവിങ് അക്കൗണ്ട് ഉടമകളാക്കി മാറ്റി. നിലവിൽ ബാങ്കിന് 83 ലക്ഷം നിക്ഷേപകർ ഉണ്ട്.
ഭാവി സാദ്ധ്യതകൾ
റിസേർവ് ബാങ്കിന്റെ നിബന്ധന അനുസരിച്ച് പുതുതായി തുടങ്ങുന്ന ഒരു ബാങ്കിന് കുറഞ്ഞത് 500 കോടി രൂപ നിക്ഷേപമുണ്ടായിരിക്കണം. എന്നാൽ ബന്ധൻ ബാങ്കിന് തുടക്കത്തിൽ തന്നെ 2570 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. അത് 6 മാസത്തിനകം 3050 കോടിയായി വർധിച്ചു. ബന്ധൻ ഒരു ശക്തമായ ബാങ്കിങ് സ്ഥാപനമായി വളരുവാനുള്ള വഴിയിൽ പല വെല്ലുവിളികളും നേരിട്ടേക്കാം. നിലവിലുള്ള വാണിജ്യ ബാങ്കുകളിൽനിന്നും ബാങ്ക് നേരിടുന്ന വെല്ലുവിളികൾക്കു പുറമെ പുതുതായി ലൈസൻസ് കിട്ടിയ 11 ബാങ്കുകളുമായും മത്സരിക്കണം. അതേസമയം ചെറുനിക്ഷേപങ്ങളോടൊപ്പം ബാങ്കിന് നിക്ഷേപക താല്പര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ബന്ധൻ ബാങ്ക് കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുകയുള്ളു.