എന്റെ ഭാരതം / സഞ്ചാരം: മൂന്നാർ യാത്ര

സഞ്ചാരം: മൂന്നാർ യാത്ര

December 16, 2016

മൂന്നാർ കേരളത്തിൽ പശ്ചിമഘട്ട പർവതനിരകൾക്കിടയിലുള്ള ഒരു മലയോര പട്ടണമാണ്. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ സുന്ദരമായ ഭൂപ്രകൃതിയൂടേയും കാലാവസ്ഥയുടെയും കളിയരങ്ങായ ഈ പട്ടണം പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെ ഉന്നതരുടെ സുഖവാസ കേന്ദ്രമായിരുന്ന ഈ പട്ടണവും അതിന്റെ ചുറ്റുമുള്ള മലമടക്കുകളും അവർ തേയില വ്യവസായത്തിനും ഒഴിവുകാലം ചിലവാക്കാനും ഉപയോഗിച്ചു.

 

ഇന്ന് ലോക ടൂറിസം ഭൂപടത്തിൽത്തന്നെ ശ്രദ്ധേയമായ ഒരു കുന്നിൻപ്രദേശ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാർ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നീലഗിരി താർ എന്ന വരയാടുകളുടെ സ്വാഭാവിക വാസസ്ഥലമായ ഇരവികുളം ദേശീയോദ്യാനം, ആനമുടി കൊടുമുടിയിൽനിന്നു പതിക്കുന്ന ലക്കം വെള്ളച്ചാട്ടം എന്നിവ മൂന്നാറിന്റെ അപൂർവ കാഴ്ചകളാണ്.

 

പ്രകൃതിയുടെ പുരാതനവും വന്യവുമായ സൗന്ദര്യം ദർശിക്കണമെങ്കിൽ മൂന്നാറിലേക്ക് യാത്രചെയ്യണം. താളാത്മകയായി വിന്യസിച്ചിരിക്കുന്ന തേയിലക്കുന്നുകളും ഇടതിങ്ങിയുള്ള കൊടുമുടികളും ഗർത്തങ്ങളും അരുവികളും, സുഗന്ധവർഗ കാടുകളും, മറ്റു അപൂർവ സസ്യ ജന്തു വൈവിധ്യങ്ങളും മൂന്നാറിനെ ഒരു പറുദീസയാക്കുന്നു. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി എന്ന അലൗകികമായ അതിശയ പ്രകൃതി മൂന്നാറിന്റെ മറ്റൊരു അപൂർവതയാണ്.

 

മൂന്നാറിനെ ഏറ്റവും ആകർഷകമാക്കുന്നത് അവിടത്തെ തേയിലത്തോട്ടങ്ങളാണ്. പച്ച തേയില സംഭരിക്കുന്നതുമുതൽ ചായ കുടിക്കുന്നതിനുമിടയിലെ നീണ്ട പ്രക്രിയ നേരിട്ട് കാണുന്നതും മനസിലാക്കുന്നതും ഒരു അതുല്യ അനുഭവമാണ്. ഹരിതമായ തേയിലയുടെ നറുമണം മുതൽ ഫാക്ടറി പ്രക്രിയക്കിടയിൽ അനുഭവപ്പെടുന്ന തീഷ്ണവും ലഹരിപിടിപ്പിക്കുന്നതുമായ ഗന്ധവും റോസ്‌റ് ചെയ്യുമ്പോഴുള്ള ഗന്ധവും ഏറ്റവും പുതിയതും ചൂടുള്ളതുമായ നറും ചായയുടെ സ്വർണസുഗന്ധ സൗരഭ്യം വരെ വിവിധങ്ങളായ അരോമകളായി തേയില എന്ന സസ്യത്തെ നമ്മൾ അനുഭവിക്കുന്നു. ഒരു ഉൽപ്പന്നമുണ്ടാക്കുന്ന പ്രക്രിയ ആളുകൾക്ക് ഇതുപോലെ ടൂറിസ്ററനുഭവം നൽകുന്ന മറ്റൊന്നും ലോകത്തില്ല. തേയില ശരിക്കും ടൂറിസമാണ്.

 

മൂന്നാർ ടൗണിനു ചുറ്റും നിരവധി പിക് നിക് സ്പോട്ടുകളുണ്ട്. ദേവികുളം മൊട്ടക്കുന്നുകളും, സീതത്തോട് തടാകത്തിൽ മൽസ്യ ബന്ധനത്തിന് സൗകര്യം, എക്കോ പോയിന്റ് എന്നിവ അത്തരം ചില സ്ഥലങ്ങളാണ്.

 

മൂന്നാറിലെ സഞ്ചാര സ്ഥലങ്ങൾ

  • എക്കോ പോയിന്റ്
  • ആനക്കനാൽ
  • ടാറ്റ തേയില മ്യൂസിയം
  • സി എസ ഐ ചർച്ച്
  • രാജമല (ഇരവികുളം) ദേശീയോദ്യാനം
  • മാട്ടുപ്പെട്ടി ഡാം
  • ടോപ് സ്റ്റേഷൻ

മറയൂർ

മൂന്നാറിൽനിന്നു ഉദ്ദേശം 40 കിലോമീറ്റര് യാത്രചെയ്താൽ മറയൂരിലെത്താം. ആനകളും പുലികളും വിഹരിക്കുന്ന മാനവൻ ചോലയും പച്ചക്കറി തോട്ടങ്ങളുള്ള കാന്തലൂരും കടന്നുവേണം മറയൂരിൽ എത്താൻ. ഇവിടെ പോകാൻ വനം വകുപ്പിന്റെ അനുമതി വാങ്ങേണ്ടതാണ്. ചന്ദനക്കാടുകളാണ് മറയൂരിന്റെ സസ്യസമ്പത്ത്.

 

മൂന്നാറിൽ എങ്ങനെ എത്താം

വായുമാർഗം

നെടുമ്പാശ്ശേരിയിലുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെനിന്ന് മൂന്നാറിന് 106 കിലോമീറ്റർ. കൊച്ചി നഗരത്തിൽനിന്ന് മൂന്നാറിലേക്ക് ധാരാളം ബസ് സൗകര്യമുണ്ട്. കൂടാതെ ടൂറിസ്റ്റുകൾക്ക് ടാക്സി സൗകര്യം ഇഷ്ടംപോലെ ലഭ്യമാണ്.

 

ട്രെയിൻ മാർഗം

എറണാകുളം ജംക്ഷൻ, എറണാകുളം ടൌൺ, ആലുവ എന്നീ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ മൂന്നാറിന് പോകാവുന്നതാണ്. ധാരാളം ബസ് സൗകര്യവും ടാക്സിയും ലഭ്യമാണ്.

 

റോഡുമാർഗം

കേരളത്തിലെ വിവിധ നഗരങ്ങളിൽനിന്നും അയാൾ സംസ്ഥാനങ്ങളിൽനിന്നും മൂന്നാറിന് ബസ് ലഭ്യമാണ്. കേരളം സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ വക ബസുകൾ വിവിധ സ്ഥലങ്ങളിൽനിന്നും മൂന്നാറിലേക്ക് ട്രിപ്പുകൾ നടത്തുന്നു. കൂടാതെ പ്രൈവറ്റ് ബസുകൾ, ടാക്സികൾ, ജീപ്പുകൾ എന്നിവയും ലഭ്യമാണ്.

മൂന്നാറിലേക്ക് ദൂരം വിവിധ സ്ഥലങ്ങളിൽനിന്ന്

എറണാകുളത്തുനിന്ന് – 119 കിലോമീറ്റർ

പളനിയിൽനിന്ന് – 123 കിലോമീറ്റർ

കൊച്ചിയിൽനിന്ന് – 126 കിലോമീറ്റർ

മധുരയിൽനിന്ന് – 152 കിലോമീറ്റർ

കോയമ്പത്തൂരിൽ നിന്ന് – 157 കിലോമീറ്റർ

ആലപ്പുഴയിൽനിന്ന് – 172 കിലോമീറ്റർ

 

പ്രാദേശിക ഗതാഗതം മൂന്നാറിൽ

ടാക്സി കാറുകൾ, ജീപ്പുകൾ, ബസുകൾ, ഓട്ടോറിക്ഷ എന്നീ പ്രാദേശിക ഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. ട്രെക്കിങ്ങിനും നടത്തം ഇഷ്ടപ്പെടുന്നവർക്കും മൂന്നാർ വളരെ നന്നാണ്.

 

മൂന്നാറിൽ ഷോപ്പിംഗ്

മൂന്നാർ ഒരു ഷോപ്പിംഗ് മാർക്കറ്റല്ല. നല്ല ശുദ്ധമായ തേയിലയും സുഗന്ധ വിളകളായ ഏലം, കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട, മഞ്ഞൾ എന്നിവയും കൈതപ്പൂക്കളും ലഭ്യമാണ്. ടൂറിസ്റ്റുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ മൂന്നാർ ടൌൺ മാർകെറ്റിൽനിന്ന് ലഭിക്കും.