എന്റെ ഭാരതം / കറൻസി നിരോധനത്തിന്റെ വില

കറൻസി നിരോധനത്തിന്റെ വില

December 7, 2016

നിർത്തിയിട്ട ട്രക്കുകൾ; കൂലി കിട്ടാത്ത തൊഴിലാളികൾ: കറൻസി നിരോധനത്തിന്റെ വില എത്ര?.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 8 നടപടിയുടെ പ്രഖ്യാപിത ലക്‌ഷ്യം കള്ളപ്പണം തുടച്ചു നീക്കൽ ആയിരുന്നു. പക്ഷെ 80% മൂല്യം വഹിച്ചിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ പണ ദൗർലഭ്യത്തിൽ പെട്ട് നട്ടം തിരിയുകയാണ്.

അഴിമതിയും കള്ളനോട്ടും മൂലം നട്ടം തിരിയുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെപ്പോലെ മുംബൈയിലെ വിമൽ സോമാനി എന്ന വ്യാപാരിയും നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൾ നടപടിയെ അഭിനന്ദിച്ചിരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ തന്റെ ബിസിനസിന് വന്ന ഭീമമായ നഷ്ടം അദ്ദേഹം ഞെട്ടലോടെ തിരിച്ചറിയുന്നു.

സോമനിയുടെ റോക്ക്ഡൂഡ് ഇമ്പേക്സ്‌ എന്ന അലൂമിനിയം ഫോയിൽ നിർമാണശാലയുടെ യന്ത്രങ്ങൾ ചലിച്ചിട്ടിപ്പോൾ ഒരാഴ്ചയായി. വില്പന പകുതിയായി കുറഞ്ഞു. ട്രക്കുകൾ ഇന്ധനമൊഴിക്കാൻ പണമില്ലാതെ ഫാക്ടറിയുടെ മുൻപിൽ നിർത്തിയിട്ടിരിക്കുന്നു; ഡ്രൈവർമാർക്കും മറ്റു തൊഴിലാളികൾക്കും ശമ്പളം കിട്ടിയിട്ടില്ല. വിതരണക്കാർ പണം അയക്കുന്നില്ല.

ഏകദേശം 136 ലക്ഷം കോടി രൂപ (USD 2 trillion) വരുന്ന ഇന്ത്യൻ സാമ്പത്തിക വരുമാനത്തിന്റെ 56% സൃഷ്ടിക്കപ്പെടുന്നത് ഉപഭോക്താക്കൾ ചെലവാക്കുന്ന പണത്തിലൂടെയാണ്. എന്നാൽ നവംബർ 8-ആം തിയതി നോട്ട് നിരോധിക്കുമ്പോൾ മിക്ക ആളുകളുടെയും കൈവശം അല്പമാത്രമായ ചെറിയ മൂല്യമുള്ള നോട്ടുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. പുതിയ കറൻസി ബാങ്കുകളിൽനിന്ന് മാറ്റിക്കിട്ടുവാൻ ദിവസങ്ങളുടെ കാത്തിരുപ്പ് വേണ്ടിവന്നു പലർക്കും. അതുതന്നെ 4000 രൂപയാക്കി പരിമിതപ്പെടുത്തുകയും പിന്നീട് 2000 രൂപയാക്കുകയും ചെയ്തു. ആളുകൾ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് മാത്രമായി ചെലവുകൾ ചുരുക്കി.

പണദൗർലഭ്യം ആഴ്ചകൾക്കകം പരിഹരിക്കാൻ കഴിയുമെന്ന് സർക്കാർ ജനങ്ങളെ അറിയിച്ചെങ്കിലും നോട്ട് പ്രിന്റു ചെയ്യുന്നതിലുള്ള താമസവും എടിഎം മെഷിനുകളിൽ പാകമാകാത്തതിന്റെ പ്രശ്നവും കൂടെ കണക്കിലെടുതത് പ്രധാനമന്ത്രി മോഡി ഡിസംബർ 31 വരെ ക്ഷമ കാണിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. രഹസ്യം പുറത്താകുന്നതു ഭയന്ന് പുതിയ നോട്ടുകൾ വളരെനേരത്തെ പ്രിന്റുചെയ്യാനും എടിഎം മെഷീനുകൾ പുനഃക്രമീകരിക്കാനും കഴിയുമായിരുന്നില്ല എന്ന് ഗവൺമെന്റിന് കുറ്റസമ്മതം നടത്തേണ്ടി വന്നു.

എന്നാൽ അതേസമയത്ത് രാജ്യത്തെ ചെറുതും ഇടത്തരവും വലുതുമായ വിതരണ ശൃംഖല സമ്മർദ്ദം ഏറ്റുവാങ്ങി. സമാന്തര സമ്പദ് വ്യവസ്ഥ മാത്രമല്ല കോർപറേറ്റുകൾ നോട്ടുരൂപത്തിലുള്ള പണത്തെ എത്ര ആശ്രയിച്ചിരുന്നുവെന്നത് ഈ പ്രതിസന്ധി അടിവരയിട്ട് തെളിയിക്കുന്നു.

വിതരണ ശൃംഖല മൊത്തം തകർന്നുഎന്നാണ് മുംബൈക്ക് വെളിയിൽ വ്യവസായശാലയും 150 ജീവനക്കാരുമുള്ള സോമാനി പ്രതികരിച്ചത്.

റോക്കലുദിന്റെപാ ഉൽപ്പന്നം 150 സ്റ്റോക്കിസ്റ്റുകൾ, 1500 ഡിസ്‌ട്രിബ്യൂട്ടർമാർ എന്നീ ശൃംഘലവഴിയാണ് വിപണനം ചെയ്യപ്പെടുന്നത്. ഡെൽഹിമുതൽ നാഗാലാൻഡുവരെയും ലുധിയാനമുതൽ കോയമ്പത്തൂർ വരെയും പ്രധാന നഗരങ്ങളിൽ 40 ഓളം സെയിൽസ് എക്സികുട്ടീവുമാർ ഈ വിതരണ ശൃംഖലയെ അനുഗമിക്കുന്നു. ഈ ജീവനക്കാർ തങ്ങളുടെ മോട്ടോർസൈക്കിളിന് പെട്രോളൊഴിക്കാനോ മറ്റ് യാദൃച്ഛികമായ ചെലവുകൾക്കോ പണമില്ലാതെ നട്ടം തിരിയുന്നു. “വരുമാനം മരവിച്ചു പോയ അവസ്ഥയാണ്, എന്നാൽ സ്ഥിര ജോലിക്കാരുടെ ശമ്പളം ഉൾപ്പടെയുള്ള സ്ഥായിയായ ചെലവുകൾ അതേപോലെ നിൽക്കുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. എന്നാൽ ജീവനക്കാർക്ക് എടിഎം വഴിയോ ബാങ്കുവഴിയോ പണമെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഞങ്ങൾ ഉത്പാദനം പകുതിയായി കുറച്ചു. കെട്ടിക്കിടക്കുന്ന സ്റ്റോക്ക് അയക്കാനും നിവർത്തിയില്ല. പ്രതിസന്ധി ഒരുമാസത്തിനപ്പുറം നീണ്ടാൽ സ്ഥാപനങ്ങൾ പൂർണമായി അടച്ചിടേണ്ടി വരും.” സൊമാനി പറയുന്നു.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹെയർ ഓയിൽഷാംപൂ നിർമാണ കമ്പനിയുടെ ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു:”ഷാംപൂ, ലോഷൻ ഉൾപ്പടെയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നത് 75% നിർത്തി. കറൻസിയിൽ മാത്രം ക്രയവിക്രയം നടത്തുന്ന മൊത്തക്കച്ചവട ശൃംഖല മിക്കവാറും നിലച്ചു. വിതരണക്കാരുടെ അടുത്തും പണമില്ല. ഞങ്ങൾ വിതരണക്കാരുടെ ലാഭം ഇരട്ടിയാക്കി കൊടുക്കാൻ ആലോചിക്കുകയാണ്. അവരുടെ കൈവശം വന്നുചേരുന്ന പരിമിതമായ പണം മുടക്കി സാധനം സ്റ്റോക്ക് ചെയ്യാൻ അവർ തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്രമാനുഗതമായി ഉത്പാദനം കുറച്ചുകൊണ്ടുമിരിക്കുന്നു. പല ഉപഭോക്‌തൃ ഉൽപ്പന്ന കമ്പനികളെയും പോലെ അദ്ദേഹം പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചു.

2017 മാർച്ച് വരെയുള്ള വർഷത്തിൽ സാമ്പത്തിക വളർച്ച മുൻ വർഷത്തെ 7.6 ശതമാനത്തെ അപേക്ഷിച്ച് 4.1 ശതമാനമായി കുറയുമെന്നാണ് വിവിധ സാമ്പത്തിക അവലോകനങ്ങൾ കാണിക്കുന്നത്. വളർച്ചാനിരക്ക് പൂജ്യത്തിലും കുറയാനുള്ള സാധ്യതയും ചില അവലോകനങ്ങൾ തള്ളിക്കളയുന്നില്ല. കോർപറേറ്റുകളുടെ ഒക്ടോബർഡിസംബർ പ്രവർത്തന ലാഭത്തിൽ 40 ശതമാനത്തിലധികം കുറവ് പൊതുവെ വിലയിരുത്തപ്പെടുന്നു.

ടാക്സി ഡ്രൈവർമാർ, തെരുവ് കച്ചവടക്കാർ തുടങ്ങി ഭീമൻ ഉപഭോഗ ഉത്പന്ന കമ്പനികൾ വരെ കഴിഞ്ഞ ഒറ്റ ആഴ്ചയിൽ വരുമാനം 80% വരെ നഷ്ടപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്നു.

ക്യാഷ് അധിഷ്ഠിതമായി മാത്രം വ്യാപാരങ്ങൾ നടത്തിയിരുന്ന കച്ചവടങ്ങളൊക്കെ കഠിനമായ പ്രതിസന്ധി നേരിടുകയാണ്. ഡൽഹിയിൽ പച്ചക്കറി വിൽക്കുന്ന രൺവീർ സിങിനെപ്പോലെ നൂറുകണക്കിന് കച്ചവടക്കാർ നിത്യവും ഓരോ ദിവസത്തേക്കുള്ള സ്റ്റോക്കിന് പണം പലിശക്ക് വാങ്ങിയാണ് കച്ചവടം നടത്തിയിരുന്നത്. ആദ്യത്തെ ഒന്നുരണ്ടു ദിവസങ്ങളിൽ മൊത്തവ്യാപാര കേന്ദ്രത്തിൽനിന്ന് പച്ചക്കറി എടുക്കുവാൻ സാധിച്ചു. എന്നാൽ തന്റെ സ്ഥിരം ഇടപാടുകാരായ വീട്ടമ്മമാർക്ക് കടമായി കുറെയൊക്കെ കൊടുക്കേണ്ടി വന്നു. ഇപ്പോൾ ദിവസ പലിശക്ക് പണം തന്നിരുന്നവർ ഇടപാട് നിർത്തിയതുകൊണ്ട് ഇദ്ദേഹത്തിനും കച്ചവടം നിർത്തേണ്ടി വന്നു. “സ്റ്റോക്കെടുക്കാൻ എന്റെ പക്കൽ പണമില്ല. ഇങ്ങനെ രണ്ടാഴ്ച തുടർന്നാൽ എനിക്ക് ഭാര്യയെയും കുട്ടികളെയുമായി നാട്ടിലേക്ക് പോകേണ്ടിവരും.” ദിവസം 1000 രൂപ സമ്പാദിച്ചുകൊണ്ടിരുന്ന രാജസ്ഥാൻ സ്വദേശിയായ രൺവീർ പറഞ്ഞു.

ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തിൽ പരമ്പരാഗത രീതി അനുവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ മാത്രമല്ല കൂടുതൽ പരിഷ്‌കൃത സ്ഥാപനങ്ങൾ വരെ പ്രതിസന്ധിയിലാണ്. കെട്ടിടനിർമാണ സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങി ഒരു വലിയ വിഭാഗം കറൻസിയെ മാത്രം ആശ്രയിച്ചു ഇടപാടുകൾ നടത്തുന്നു. നിർമാണ കമ്പനികൾ കോൺട്രാക്ടർമാർക്കും അവർ തൊഴിലാളികൾക്കും പണമായി കൊടുക്കുന്നു. ഈ മേഖലകൾ പൂർണമായും നിലച്ചിരിക്കുകയാണ്. ശരിയായ സ്ഥിതിവിവരക്കണക്കുകൾ കിട്ടാൻ പ്രയാസമാണെങ്കിലും ഭൂരിപക്ഷം ഇന്ത്യക്കാർക്കും ബാങ്ക് അക്കൗണ്ടുകളില്ലാത്തവരാണ്. അതിനാൽ ഭൂരിപക്ഷവും കറൻസിയിലാണ് ഇടപാടുകൾ നടത്തുന്നത്. പണം പിൻവലിക്കാനുള്ള പരിധി പലർക്കും ആവശ്യമുള്ളതിനേക്കാൾ വളരെമടങ്ങു കുറവായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബിസിനസ് കടുത്ത പ്രതിസന്ധിയിലാണ്.

ഗുജറാത്ത് കേന്ദ്രീകരിച്ചു100 കോടി രൂപ വാർഷിക വിറ്റുവരവുള്ള ശ്രീ ഗണേഷ് കെമിക്കൽസ് ഉടമ ചന്ദുഭായ് കോട്ടിയ എന്ന വ്യവസായി ഇങ്ങനെ പറഞ്ഞു: ആഴ്ചയിൽ 50000 രൂപ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇത് ഫാക്ടറിയിലെ നിത്യ നിദാന ചെലവിനുപോലും തികയുകയില്ല. തൊഴിലാളികളുടെ ശമ്പളവും ഗതാഗതവും വലിയ പ്രശ്നമാണ്.

വർഷാവസാനത്തോടെ കാര്യങ്ങൾ നിയന്ത്രണവിധേയമാകുമെന്ന് ശ്രീ മോഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അസാധുവാക്കപ്പെട്ട പണത്തിനു പകരമെത്തിക്കാൻ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് മുൻ ഗവർമെന്റ് സാമ്പത്തിക ഉപദേഷ്ടാവായ സൗമിത്ര ചൗധരി കണക്കാക്കുന്നത്.