എന്റെ ഭാരതം / രാജസ്ഥാനിയും ഭോജ്‌പുരിയും ഔദ്യോഗിക ഭാഷാ പട്ടികയിലേക്ക്

രാജസ്ഥാനിയും ഭോജ്‌പുരിയും ഔദ്യോഗിക ഭാഷാ പട്ടികയിലേക്ക്

December 7, 2016

new-official-languages-rajasthani-bhojpuriവിവിധ സംസ്കാരങ്ങൾ, ഭാഷകൾ, മതങ്ങൾ, ഭൂമിശാസ്ത്ര വൈവിധ്യങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ കലവറയായ ഇന്ത്യയെ വൈവിധ്യങ്ങളുടെ പറുദീസയായി വിശേഷിപ്പിക്കുന്നു. ഈ വൈവിധ്യങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ ദേശീയത. പ്രാദേശികമായ സംസ്കാര പ്രതീകങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു മാത്രമേ ഇന്ത്യൻ ദേശീയതാ സങ്കല്പത്തെ വളർത്താൻ സാധിക്കുകയുള്ളു. ഈ അടിസ്ഥാനത്തിൽ രണ്ടു പ്രാദേശിക ഭാഷകളായ രാജസ്ഥാനിയെയും ഭോജ്‌പുരിയെയും ഔദ്യോഗിക ഭാഷാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റിന്റെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണ്.

നിലവിൽ ഭരണഘടനയുടെ എട്ടാം പട്ടികയിൽ 22 ഭാഷകളാണ് ഔദ്യോഗിക ഭാഷകളായി ചേർത്തിരിക്കുന്നത്. ഔദ്യോഗിക ഭാഷാ കമ്മീഷനിൽ പ്രാതിനിധ്യമുള്ള ഈ ഭാഷകൾ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി,കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുഗ്, ഉറുദു, ബോഡോ, സന്താളി, മൈഥിലി, ദോഗ്രി എന്നിവയാണ്.

ഭരണഘടനയുടെ എട്ടാം പട്ടികയിൽ കൂടുതൽ പ്രാദേശിക ഭാഷകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുവാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രാജസ്ഥാനിക്ക് ഔദ്യോഗിക പദവി ആവശ്യപ്പെട്ട് 2003 ൽ രാജസ്ഥാൻ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുകയുണ്ടായി. ഈ വിഷയം പഠിക്കാൻ അതെ വര്ഷം കേന്ദ്രസർക്കാർ സീതാറാം മഹാപാത്ര കമ്മിറ്റിയെ നിയോഗിക്കുകയും ഈ കമ്മിറ്റി അതിന്റെ ശുപാർശകൾ 2004 ൽ സമർപ്പിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം കൂടുതൽ പ്രാദേശിക ഭാഷകളെ ഔദ്യോഗിക ഭാഷയാക്കുന്ന പ്രക്രിയ ആരംഭിച്ചുവെങ്കിലും കാര്യങ്ങൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. 2013 ൽ ആർ ജെ ഡി യൂടെ പ്രഭുനാഥ് സിംഗ് ഭോജ്‌പുരിയും രാജസ്ഥാനിയും ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം ലോക്സഭയിൽ ഉന്നയിക്കുകയും ഇതിനു മറുപടിയായി കേന്ദ്രമന്ത്രി അജയ് മാക്കൻ ഇതിനുള്ള പ്രക്രിയ നടക്കുകയാണെന്ന് സഭയെ അറിയിക്കുകയുണ്ടായി.

2015 ൽ രാജസ്ഥാനിൽ നിന്ന് ഈ വിഷയമുന്നയിച്ചു നടത്തിയ പാർലിമെന്റ് മാർച്ചിൽ സംസ്ഥാന മുഖ്യമന്ത്രി ശ്രീമതി വിജയരാജി സിന്ധ്യ തന്നെ പങ്കെടുക്കുകയുണ്ടായി.

ഇതിന്റെയൊക്കെ ഭലമായി ഇപ്പോൾ 2016 ഒക്ടോബർ 16 ന് കേന്ദ്ര ധനകാര്യകോര്പറേറ്റ് കാര്യാ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ രാജസ്ഥാനിലെ ബിക്കാനെറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ ഈ കാര്യത്തിൽ ഉറപ്പു പ്രഖായിക്കുകയുണ്ടായി.

ഭരണഘടനയുടെ എട്ടാം പട്ടികയിലേക്കുള്ള ഈ കൂട്ടിച്ചേർക്കൽ രാജസ്ഥാനിയും ഭോജ്‌പുരിയും സംസാരിക്കുന്ന യഥാക്രമം രാജസ്ഥാനിലേയും ബീഹാർകിഴക്കൻ യു.പി.യിലെയും ജനങ്ങൾക്ക് അഭിമാനിക്കാവുന്ന നേട്ടമായിരിക്കും. തങ്ങളുടെ സംസാര ഭാഷയ്ക്ക് രാജ്യം മാന്യമായ സ്ഥാനം നൽകി അംഗീകരിക്കുന്നത് ഏതൊരു ജനതയെയും സംബന്ധിച്ച് അഭിമാനിക്കാനുള്ള സംഗതിയാണ്. പുറമെ ഈ ഭാഷകളുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടി കൂടുതൽ നടപടികൾ ഗവണ്മെന്റ് എടുക്കേണ്ടിവരും. പൊതു പരീക്ഷകൾക്ക് ഹാജരാകുന്ന ഉദ്യോഗാർഥികൾക്കും വിദ്യാർത്ഥികൾക്കും രണ്ടു പ്രാദേശിക ഭാഷകളിൽകൂടി ഇത് ചെയ്യാൻ സാധിക്കും.