എന്റെ ഭാരതം / പാർപ്പിട പ്രശ്നത്തിന് പരിഹാരം പ്രധാനമന്ത്രി ആവാസ് യോജനയോ?

പാർപ്പിട പ്രശ്നത്തിന് പരിഹാരം പ്രധാനമന്ത്രി ആവാസ് യോജനയോ?

December 7, 2016

pradhan-mantri-awas-yojna-pmay-mal-moi

2011 ലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യയിലെ മധ്യവർത്തി-ഉപരിവർഗ സമൂഹത്തിന്റെ ആശ്വാസനിശ്വാസങ്ങൾ എങ്ങും പ്രതിഭലിക്കുകയുണ്ടായി. ഭാരിച്ച ആസ്തിയുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായി, ഉന്നത ജീവിത നിലവാരമുള്ളവരുടെ ശതമാന കണക്കിലുള്ള വർധന, പൊതുവിൽ ഇടത്തട്ടു സമൂഹത്തിലെ വരുമാന വർധന എന്നിവയൊക്കെ പ്രതിഫലിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കായിരുന്നു അത്.

സാമ്പത്തിക വളർച്ചയുടെ നേരിയ വ്യതിയാനങ്ങൾപോലും വ്യാപകമായി ചർച്ചയാകുന്ന ഈ ശതകത്തിന്റെ ഇങ്ങേ അറ്റത്ത് 7.6 ശതമാനം ജിഡിപി വളർച്ചയിലെത്തി നിൽക്കുകയും സർജിക്കൽ സ്ട്രൈക്ക്, വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപം, നയതന്ത്ര ബന്ധങ്ങളിലെ പുതിയ സമവാക്യങ്ങളുടെ പരീക്ഷണശാലയിൽനിന്നുള്ള ഫലങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങൾ എന്നിങ്ങനെ വിവിധതരം ചർച്ചകളിൽ രാജ്യം മുഴുകുമ്പോൾ ജനസംഖ്യയിലെ ഒരു വലിയ വിഭാഗം വരുന്ന ചേരി നിവാസികളുടെ വറുതികളെ രാജ്യം മറന്നുകൂടാ. ചേരിനിവാസികളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും മറന്നുവോയെന്ന ചോദ്യം ഓരോ ഇന്ത്യക്കാരനും ചോദിക്കേണ്ടിയിരിക്കുന്നു. പാവങ്ങളുടെ പാർപ്പിട പ്രശ്നത്തിന് അടിയന്തിരവും സുസ്ഥിരവുമായ പരിഹാരം ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു.

പ്രധാനമന്ത്രി ആവാസ് യോജന (PMAY)

2015 ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന 2022 ആകുമ്പോഴേക്കും പാവപ്പെട്ടവരെ ഉദ്ദേശിച്ച്‌ നഗരങ്ങളിൽ 20 ദശലക്ഷം ഭവനങ്ങൾ നിർമിക്കുവാൻ ലക്ഷ്യമിടുന്നു. ഫലപ്രാപ്തിയിലെത്തിയാൽ ഒരു നാഴികക്കല്ലാകാവുന്ന പദ്ധതിയാണിത്. ഇതിനുപുറമെ മറ്റു രണ്ടു പദ്ധതികൾ – അടൽ മിഷൻ ഫോർ റെജുവനേഷൻ ഓഫ് അർബൻ ട്രാൻസ്‌പോർട്ടേഷൻ (AMRUT), സ്നാർട് സിറ്റി പദ്ധതി – എല്ലാം ചേർന്ന് രാജ്യത്തിൻറെ നഗര മുഖത്തെ മാറ്റുന്നതിന് പ്രാപ്തിയുള്ള പദ്ധതികളാണ്.

2022 എല്ലാവർക്കും വീട് സാധ്യമായ സ്വപ്നമോ?

ലക്ഷ്യമിട്ട കാലയളവിനുള്ളിൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നോകാവസ്ഥ അനുഭവിക്കുന്നവർക്കും ചെറു വരുമാനക്കാർക്കുമായി 20 ദശലക്ഷം പാർപ്പിട യൂണിറ്റുകൾ നിർമിക്കുകയെന്ന മഹത്തായ സ്വപ്നമാണ് ഗവണ്മെന്റ് മുൻപോട്ടു വച്ചത്. പ്രഖ്യാപനത്തിനു ഒരു വർഷത്തിനിപ്പുറം ലക്ഷ്യത്തിന് വിദൂരദൂരം പിന്നിലാണ് പദ്ധതി നടപ്പാക്കൽ. പദ്ധതിയനുസരിച്ചൂ വര്ഷം തോറും മൂന്നു ദശലക്ഷം വീടുകൾ പൂർത്തിയാക്കണമെന്നുള്ളപ്പോൾ 2016 ജൂൺ വരെ ആകെ 7 ലക്ഷം യൂണിറ്റുകൾക്ക് അനുമതി നല്കിയപ്പോൾ 1623 വീടുകളാണ് നിർമ്മിക്കാനായത്. പൂർത്തിയായവയിൽ 718 വീടുകൾ ഛത്തീസ്ഗഢ്ഡിലും 823 എണ്ണം ഗുജറാത്തിലും 82 എണ്ണം തമിഴ്നാട്ടിലുമാണ്. 6 ലക്ഷം വരെയുള്ള ഭവന വായ്പ്പകൾക്കു പലിശ സബ്‌സിഡി അനുവദിക്കുന്ന ഈ പദ്ധതിപ്രകാരം 6 .5 ശതമാനം പലിശയാണ് നിശ്ചയിച്ചിരിക്കുന്നത്. വെറും 7,700 വീടുകൾക്കുള്ള വായ്‌പ മാത്രമേ ഇതുവരെ അനുവദിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ നിരക്കിൽ പോയാൽ 2022ൽ എല്ലാവര്ക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

ചേരികളുടെ പുനർനിർമാണവും ആധുനികവൽക്കരണവും

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ചേരികളുടെ പുനർനിർമാണ പ്രോജെക്ടിൽനിന്നാണ്. ചേരിപ്രദേശങ്ങൾ ഏറ്റെടുത്തു ഭാവനയൂണിറ്റുകൾ നിർമിച്ചു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ചെറിയ വരുമാനക്കാർക്കും നൽകുന്നതിനായി പ്രധാനമായി ആശ്രയിച്ചത് സ്വകാര്യാ നിർമാണ കമ്പനികളെയാണ്. അനുവദിച്ച സ്ഥലത്തു വീടുകൾ നിർമിച്ചു ചേരിനിവാസികൾക്കു കൈമാറുവാനും ബാക്കി സ്ഥലം വീടുകൾ നിർമിച്ചു വിൽക്കുവാനുമാണ് ഗവണ്മെന്റ് ഉദ്ദേശിച്ചത്. ഈ മാതൃകയനുസരിച്ചു ഒറ്റ വീടുപോലും നിർമിക്കുവാൻ 2016 ജൂൺ വരെ സാധിച്ചിട്ടില്ല. ഈ സ്കീമനുസരിച്ചു മൊത്തം 51 പദ്ധതികൾ അനുവദിച്ചതിൽ 45 എണ്ണം ഗുജറാത്തിൽ മാത്രമാണ്. ഇതിലൊന്നുപോലും ആരംഭിക്കുവാൻ സാധിച്ചിട്ടില്ല. ഈ പദ്ധതിക്ക് വേണ്ടി നടപ്പു വർഷത്തേക്ക് 412 കോടി രൂപ കേന്ദ്ര ഗവൺമെന്റ് വാഗ്ദാനം ചെയ്തതിൽ 79 കോടി മാത്രമാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. എടുത്തുപറവയുന്ന ഒരു ഫലവും ഈ ചെലവിനും ഉണ്ടായില്ല.

പ്രധാന മന്ത്രി ആവാസ് യോജന (PMAY)യുടെ ചേരി നിർമാർജന പദ്ധതി പരാജയമായിരുന്നെന്നു വിമർശകർ ആരോപിക്കുന്നതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പദ്ധതി മാതൃകയാക്കിയാണ് അമ്പേ പരാജയപ്പെട്ട മുംബൈയിലെ ചേരി പുനർനിർമാണ പദ്ധതി (Slum Redevelopment and Rehabilitation Scheme -SRA) യെയാണ്. SRA പദ്ധതിപ്രകാരം 24 ലക്ഷം ഭവനങ്ങൾ നിര്മിക്കാനുദ്ദേശിച്ചതിൽ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കേവലം ഒരു ലക്ഷം മാത്രമാണ് നിർമിച്ചു നല്കാൻ സാധിച്ചത്. പത്തു ലക്ഷം ചേരി നിവാസികളുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. ഇവിടുത്ത നിവാസികൾ അടിസ്ഥാന സൗകര്യങ്ങളുടെയും ശൗച്യ സൗകര്യങ്ങളുടെയും അപര്യാപ്തതയോടു വര്ഷങ്ങളായി പൊരുതുന്നവരാണ്.

വിജയം ഒരു മരീചിക

PMAY യുടെ രണ്ടാം വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് മുൻ വർഷത്തേക്കാൾ അല്പം ഭേദമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി 19255 വീടുകൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ഇത് ശ്രദ്ധേയമായ പുരോഗതി ആണെങ്കിൽകൂടെ മൂന്നു ദശലക്ഷമെന്ന വാർഷിക ലക്ഷ്യമെത്തുന്നതിനു അടുത്തെങ്ങുമെത്തുന്നില്ല. ഈ ഇഴച്ചിലിനു പല കരണങ്ങളുണ്ടാവും. ഒരു വിഭാഗം ആരോപിക്കുന്നത് സ്വകാര്യ നിർമാതാക്കളെ ആശ്രയിക്കുന്നതാണ് ഈ പരാജയത്തിന് കാരണം. അതെന്തായാലും ഇന്ത്യയിലെ ചേരി നിവാസികളുടെ പാർപ്പിട പ്രശ്നം അടിയന്തിരമായും യുദ്ധകാല അടിസ്ഥാനത്തിലും പരിഹരിക്കാതെ നേട്ടങ്ങളെപ്പറ്റി പ്രസംഗങ്ങൾ നടത്തിയിട്ടു കാര്യമില്ല.