എന്റെ ഭാരതം / ഇന്ത്യയിൽ കറൻസിരഹിത സാമ്പത്തികക്രമം സാധ്യമോ?

ഇന്ത്യയിൽ കറൻസിരഹിത സാമ്പത്തികക്രമം സാധ്യമോ?

December 7, 2016

Can India Go Cashless

കറൻസി നിരോധനത്തിന് ശേഷമുള്ള ചിത്രം

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ എട്ടാം തീയതിക്കുശേഷം രാജ്യത്തെ ബാങ്കുകൾക്കും എടിഎംകൾക്കും വെളിയിൽ നിലക്കാത്ത ജനസഞ്ചയം കാത്തുനിൽക്കുകയാണ്. ജനങ്ങൾ തങ്ങളുടെ നിത്യച്ചെലവിനുള്ള പണം അസാധുവായിപ്പോയതിന്റെ അങ്കലാപ്പ് മാറുന്നതിനുമുന്പ് ക്യാഷിനായി നെട്ടോട്ടമോടുകയാണ്. രാജ്യത്തെ ഉല്പാദനക്ഷമമായി പണിസ്ഥലങ്ങളിൽ അദ്വാനിച്ചുകൊണ്ടിരുന്ന ഏതാണ്ട് നൂറു ശതമാനം ജനങ്ങളും ഒന്നിലധികം ദിവസം ബാങ്ക് പരിസരത്ത് ചെലവഴിച്ചിട്ടുണ്ട്. ഇതുമൂലം അഭൂതപൂർവമായ ഉല്പാദന നഷ്ടം രാജ്യത്തു സംഭവിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് പണം എന്ത്?

ഈ അവസരത്തിൽ പ്ലാസ്റ്റിക് പണത്തെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്. പ്ലാസ്റ്റിക് പണം എന്നാൽ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പേടിഎം പേയൂ മണി, ഓക്സിജൻ വാലറ്റ് എന്നിങ്ങനെ നാനാതരം ഇവാലെറ്റുകൾ ലഭ്യമാണ്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇവാലെറ്റുകളും ബാങ്ക് കാർഡുകളും പേപ്പർ കറൻസിക്ക് പകരം വയ്ക്കാൻ എത്രമാത്രം പ്രായോഗികമായി കഴിയും എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ വ്യാപ്തി

അത്തരമൊരു നടപടിക്ക് മുതിരുന്നതിനുമുന്പ് ഇന്ത്യൻ ജനത മുഴുവനായി കറൻസിയില്ലാത്ത വ്യവസ്ഥിതിയിൽ ജീവിക്കാൻ സജ്ജമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പറയുന്നത് വച്ച് നോക്കിയാൽ സ്ഥിതിഗതികൾ ഇതിനുവേണ്ടി അത്ര പാകമായിട്ടില്ല. 2016 ജൂലൈയിൽ റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് മൊത്തം 129.06 ദശലക്ഷം ഡെബിറ്റ് കാർഡുകളും 25.94 ദശലക്ഷം ക്രെഡിറ്റ് കാർഡുകളും വിനിമയത്തിന് ഉപയോഗിച്ചുവരുന്നു. പിൻവലിക്കുകയോ ക്യാൻസൽ ചെയ്യുകയോ ചെയ്ത കാർഡുകൾ കഴിച്ചുള്ള സംഖ്യയാണിത്.

നിലവിലുള്ള കാർഡുകൾ മതിയാകുമോ?

120 കോടിയില്പരം ജനങ്ങൾ ജീവിക്കുന്ന രാജ്യത്ത് ആ സംഖ്യയുടെ 10 ശതമാനം മാത്രമാണ് ഡെബിറ്റ് കാർഡുകളുടെ എണ്ണം. ക്രെഡിറ്റ് കാർഡുകളുടെ കാര്യമാവട്ടെ, ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്ക് ക്രെഡിറ്റ് കാർഡ് ഉണ്ടാകുമെന്ന് വിചാരിക്കാൻ പ്രയാസമാണ്. കാരണം ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനേക്കാൾ വിദൂരമാണ് ക്രെഡിറ്റ് കാർഡ് കിട്ടുവാനുള്ള സാധ്യത. നഗരങ്ങളിലുള്ളവർക്കാണ് കാർഡുകൾ കൂടുതലും കൈവശമുള്ളതു. അതും മിക്കവർക്കും ഒന്നിലധികം കാർഡുകളുണ്ടെന്നത് മേല്പറഞ്ഞ സംഖ്യകൾ കൊണ്ടുള്ള വിശകലനം യഥാർത്ഥ ചിത്രം അസാധ്യമാക്കുന്നു.

ഇലക്ട്രോണിക് ക്രയവിക്രയത്തിൽ മൂന്നു സാധ്യതകളാണുള്ളത്. എടിഎം കളിൽ നിന്ന് പണം പിൻവലിക്കാം; ഓൺലൈനിൽ ഇടപാടുകൾ നടത്താം; കച്ചവട കേന്ദ്രങ്ങളിൽ ഉപയോഗിക്കാം. കറൻസി നിരോധനം ബാധിച്ചിട്ടില്ലാത്ത ഏക മേഖല ഇകൊമേഴ്‌സ് മാത്രമാണ്.

നിലവിൽ ഇന്ത്യയിൽ എത്ര പി ഓ എസ് (Point of sale) ടെർമിനലുകൾ ഉണ്ട്?

റിസർവ് ബാങ്കിന്റെ തന്നെ കണക്കനുസരിച്ചു 2016 ജൂണിൽ 14,43,595 POS ടെര്മിനലുകളാണ് ഇന്ത്യയിൽ മൊത്തമുള്ളത്. ഇവ മിക്കവാറും വസ്ത്രവ്യാപാരം, ഇലക്ട്രോണിക്, മാളുകൾ, ഹോട്ടലുകളും ബാറുകളും എന്നിങ്ങനെ ആഡംബര ശൈലി വിഭാഗത്തിൽപെട്ട സ്ഥാപനങ്ങളിൽ കേന്ദ്രികരിച്ചിരിക്കുന്നു. സാധാരണക്കാർ നിത്യവും ഇടപെടുന്ന പലവ്യഞ്ജന കടകൾ, പച്ചക്കറി, പഴം, പാൽ, ബേക്കറി, മൽസ്യമാംസ മാർക്കറ്റുകൾ, വഴിയോര ഭക്ഷണ ശാലകൾ, ലഖുഭക്ഷണശീതള പാനീയ കടകൾ എന്നിവയിലൊന്നും ഈ സൗകര്യങ്ങൾ ഇന്നില്ല. പ്രധാന നഗരങ്ങളിലൊഴിച്ചാൽ മറ്റു നഗരങ്ങളിലും പട്ടണങ്ങളിലും പോലും POS ടെര്മിനലുള്ള വ്യാപാരസ്ഥാപനങ്ങൾ വളരെ അപര്യാപ്തമാണ്. ചെറുപട്ടണങ്ങളിൽ POS ഉള്ള കടകൾ വളരെക്കുറവുമാണ്. സാമ്പത്തികവ്യവസ്ഥക്ക് കറൻസിരഹിതമായി സുഗമമായി പ്രവർത്തിക്കാൻ ഈ സംഖ്യാ അപര്യാപ്തമാണ്.

ഡെബിറ്റ് കാർഡിന്റെ ഉപയോഗം

2016 ജൂലൈയിൽ 881 ദശലക്ഷം ഡെബിറ്റ് കാർഡ് ഇടപാടുകൾ നടന്നുവെങ്കിൽ അവയിൽ 85% എടിഎം ൽ നിന്നും പണം പിൻവലിക്കാനാണ് ഉപയോഗിച്ചത്. ക്രയവിക്രയ തുകയുടെ വ്യാപ്തി നോക്കിയാൽ 92% തുക ഇതിലാണ് കൈകാര്യം ചെയ്യപ്പെട്ടത്. വെറും 8% പണമാണ് POS കളിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഡെബിറ്റ് കാർഡുകൾ നിലവിൽ പണം പിൻവലിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്.

പ്രധാന വെല്ലുവിളികൾ

POS ടെർമിനലുകൾ പ്രവർത്തിക്കുന്നത് മിക്കവാറും മൊബൈൽ ഇന്റർനെറ്റ് ഉപയോഗിച്ചാണ്. മൊബൈൽ ഇന്റർനെറ്റിന്റെ നെറ്റ്‌വർക്ക് ഗ്രാമപ്രദേശങ്ങളിൽ വളരെ കുറവും സിഗ്നലുകൾ വേഗതകുറഞ്ഞതും ആയിരിക്കുന്നതാണ് ഇത് വിജയകരമല്ലാത്തതിന്റെ ഒരു പ്രധാന പ്രശ്നം. ഇത്തരം ഓരോ ഇടപാടിനും ബാങ്കുകൾ പ്രതിഫലം ഈടാക്കുന്നതും ഇതിന്റെ വ്യാപനത്തെ പിന്നോട്ടുവലിക്കുന്ന ഒരു സംഗതിയാണ്. ഇതോടൊപ്പം ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെ ഇതിനെപ്പറ്റിയുള്ള ധാരണക്കുറവും തെറ്റിദ്ധാരണകളും പ്ലാസ്റ്റിക് പണത്തെ പിന്നോട്ട് വലിക്കുന്ന ഒരു ഒരു വലിയ ഘടകമാണ്.