എന്റെ ഭാരതം / 2017 തെരഞ്ഞെടുപ്പ്: മോദിയുടെ മുദ്രയും പൊതുതെരഞ്ഞെടുപ്പിനുള്ള ദൂരവും

2017 തെരഞ്ഞെടുപ്പ്: മോദിയുടെ മുദ്രയും പൊതുതെരഞ്ഞെടുപ്പിനുള്ള ദൂരവും

March 14, 2017

എല്ലാവരും കാത്തിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗതി നിർണായകമായ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നു. യു.പി യിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്ര വിജയം നേടുകയുണ്ടായി. എൻ ഡി എ സഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിലും ഗോവയിലും അവർ പരാജയപ്പെട്ടു. മണിപ്പൂരിലും ഗോവയിലും തൂക്കു നിയമസഭയുണ്ടായി കുതിരക്കച്ചവടങ്ങൾക്ക് കളമൊരുങ്ങി…

 

തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റ നോട്ടത്തിൽ :

 

ഉത്തർപ്രദേശ്: 403 സീറ്റുകൾ

ബിജെപി: 312
എസ്പി-കോൺഗ്രസ് സഖ്യം : 54; എസ് പി: 47; കോൺഗ്രസ് : 7
ബിഎസ്പി: 19
ആർഎൽഡി: 0
അപ്നാ ദൾ (സോനെലാൽ ): 9
സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി: 4
നിർബൽ ഇന്ത്യൻ ശോഷിത് ഹമാരാ ആം ദൾ: 1
കക്ഷിരഹിതർ: 3

 

പഞ്ചാബ്: 117 സീറ്റുകൾ

കോൺഗ്രസ് : 77
അകാലിദൾ-ബിജെപി: 18; എസ് എ ഡി – 15, ബിജെപി: 3
ആം: 20
ലോക് ഇൻസാഫ് പാർട്ടി: 2

 

ഉത്തരാഖണ്ഡ്: 70 സീറ്റുകൾ

ബിജെപി: 57
കോൺഗ്രസ് : 11
കക്ഷിരഹിതർ : 2

 

ഗോവ: 40 സീറ്റുകൾ

കോൺഗ്രസ് : 17
ബിജെപി: 13
ഗോവ ഫോർവേഡ് പാർട്ടി : 3
മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി : 3
എൻസിപി: 1
കക്ഷിരഹിതർ : 3

 

മണിപ്പൂർ: 60 സീറ്റിൽ

കോൺഗ്രസ് : 28
ബിജെപി: 21
നാഗാ പീപ്പിൾസ് ഫ്രന്റ് : 4
നാഷണൽ പീപ്പിൾസ് പാർട്ടി : 4
തൃണമൂൽ കോൺഗ്രസ് : 1
ലോക ജനശക്തി പാർട്ടി : 1
കക്ഷിരഹിതർ : 1

 

ഈ ഫലങ്ങൾ എന്തുകൊണ്ട് ?

 

ഉത്തർ പ്രദേശ്

നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ബിജെപിയെ ചരിത്ര വിജയത്തിൽ കൊണ്ടെത്തിക്കുകയായിരുന്നു. ഉത്തർ പ്രദേശിലെ വിജയം ദീർഘ കാലത്തേക്ക് ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുവാൻ കഴിവുള്ളതാണ്. വിജയസന്ധികളിലെ ഭൂരിപക്ഷം ബിജെപി 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിലും വലുതാണ്. അതിനർത്ഥം മോഡി തരംഗം വലിയ രീതിയിൽ ആഞ്ഞടിച്ചുവെന്നാണ്.

 

ഈ ഫലങ്ങൾ എന്താണ് നമ്മോടു പറയുന്നതെന്ന് നോക്കാം. നരേന്ദ്രമോദിക്കു സ്വയം ബിജെപിയുടെ അധികാരകേന്ദ്രമായി പ്രതിഷ്ഠിക്കുവാനുതകുന്നതാണ് ഈ വിജയങ്ങൾ. ഇന്ദിരാഗാന്ധിക്കു ദശകങ്ങളോളം തന്റെ പാർട്ടിക്കുമേലുണ്ടായിരുന്ന അധികാരത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ മാറ്റങ്ങൾ.

 

അദ്ദേഹം പാർട്ടിയിൽ അനിഷേധ്യനായി തീരുകയും പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ദുര്ബലമാവുകയും ചെയ്യുന്നതോടെ 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി യെ നയിക്കാനുള്ള മുഖമായി മാറുകയാണ് മോഡി. അതോടൊപ്പം അമിത് ഷാ. കഴിഞ്ഞ ബീഹാർ, ഡൽഹി തെരഞ്ഞെടുപ്പുകളിൽ പിഴച്ചുപോയ തന്ത്രം ഷായുടെ തന്ത്രങ്ങളെപ്പറ്റി ഉയർത്തിയ ചോദ്യങ്ങൾക്കു ഈ ഫലം മറുപടിയാകുകയായിരുന്നു. പ്രയോഗികതയിലൂന്നിയ അദ്ധേഹത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെപ്പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരമാവുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

 

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജാതി സമവാക്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. തെരഞ്ഞെടുപ്പ് വിജയം എന്നും ജാതി വോട്ടുകൾ പെട്ടിയിലാക്കുന്നതിൽ സമർദ്ധരോടോപ്പമായിരുന്നു. ഈ പ്രവിശ്യം സവർണ വോട്ടുകളും അതോടൊപ്പം അതോടൊപ്പം ഒബിസി, പട്ടികജാതി വോട്ടുകളും സ്വന്തം വരുതിയിൽ കൊണ്ടുവരാൻ അമിത് ഷാ തന്ത്രങ്ങൾ വിജയിച്ചുവെന്നതാണ് മറ്റൊരു കാര്യം. അതോടൊപ്പം വികസന മുദ്രാവാക്യവും ഒരു പരിധി വരെ ജനങ്ങളെ സ്വാധീനിക്കാൻ സഹായിച്ചു എന്നുവേണം വിശ്വസിക്കാൻ.

 

പശ്ചിമ യു പി യിൽ അജിത് സിങിന്റെ രാഷ്ട്രീയ ലോക് ദളിനൊപ്പം നിന്നിരുന്ന ജാട്ട് കർഷകരുടെയും ഇടത്തരക്കാരുടെയും വോട്ട് നിലനിർത്താൻ ആ പാർട്ടിക്ക് കഴിഞ്ഞില്ല. ആ മേഖലയിൽ ശക്തമായ സ്വാധീനം ബിജെപി ഉണ്ടാക്കിയെടുത്തു. ഒരുപക്ഷെ ഉത്തർ പ്രദേശ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വഴിത്തിരിവായി ഇത് മാറാനാണ് സാധ്യത.

 

എസ പി -കോൺഗ്രസ് സഖ്യത്തിന്റെ ദുർബലമായ പ്രകടനത്തിനു കാരണം യാദവ കുടുംബ രാഷ്ട്രീയത്തിനകത്ത് ഉണ്ടായ ഭിന്നതയാണ് എങ്കിലും അത് മാത്രമായിരുന്നില്ല. അതിനു മുൻപ് തന്നെ ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിന്നിരുന്നു. അതും തെരഞ്ഞെടുപ്പ് ഭലത്തിൽ പ്രതിഭലിക്കുകയുണ്ടായി.

 

തന്റെ പാർട്ടി അനുയായികളുടെയും കുടുംബ പ്രമാണികളുടെയും താല്പര്യത്തെ അവഗണിച്ചുകൊണ്ട് കോൺഗ്രസിന് 105 സീറ്റുകൾ നൽകുമ്പോൾ അഖിലേഷ് യാദവിന്റെ കണക്കുകൾ പിഴക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ പല രാഷ്ട്രീയ നിരീക്ഷകരും സംശയം പ്രകടിപ്പിക്കുകയുണ്ടായെങ്കിലും അഖിലേഷ് പരീക്ഷണത്തിന് പുറപ്പെട്ട് അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. കോൺഗ്രസ് ഇരട്ടയക്കത്തിലെത്തിയില്ല. മുലായം സിങ്ങും സഹോദരൻ ശിവപാൽ യാദവും പാർട്ടിയുടെ കടിഞ്ഞാൺ തിരിച്ചുപിടിക്കാൻ നടത്തിയേക്കാവുന്ന ശ്രമങ്ങളോടെ സമാജ്‌വാദി പാർട്ടി വരും ദിവസങ്ങളിൽ ആഭ്യന്തര കലാപത്തിൽപെട്ടു കൂടുതൽ ദുര്ബലമാകാനാണ് സാധ്യത.

 

മായാവതി ചരിത്രത്തിൽ ഏറ്റവും അപ്രസക്തയായതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പരിണാമം. സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ബാലൻസിങ് ഘടകമായിരുന്ന ദളിത് വോട്ട് ബാങ്ക് രാഷ്ട്രീയം മത രാഷ്ട്രീയത്തിന് വഴിമാറിയതാണ് പരിണത ഫലം. വീണ്ടും അഞ്ചുവർഷം അപ്രസക്തയായി അതും പ്രായവും ആരോഗ്യവും പ്രതികൂല ഘടകങ്ങളായിക്കൊണ്ടിരിക്കുന്ന ഒരു ഒറ്റപ്പെട്ട വനിത രാഷ്ട്രീയത്തിൽ ഒരു കൊഴിയുന്ന തൂവലായിപ്പോകാനാണ് സാധ്യത.

 

അവസാനമായി, മുസ്ലിംകളിൽ പ്രധാന വിഭാഗം ബിജെപിയുടെ വികസന മുദ്രാവാക്യത്തെ സ്വീകരിച്ചുവെന്നാണ് ഫലങ്ങൾ കാണിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ ദേവ്ബന്ദ് കാവിമയമായത് ഇതാണ് തെളിയിക്കുന്നത്. ഇവിടെ ബിജെപി ഒരു രാഷ്ട്രീയപ്പാർട്ടിയെന്ന നിലക്ക് മതന്യൂന പക്ഷങ്ങൾ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തുമോ അതോ തങ്ങളുടെ പരമ്പരാഗത ഹിന്ദുത്വ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിനു വേണ്ടിയായിരിക്കുമോ പ്രവർത്തിക്കുക എന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്.

 

പഞ്ചാബ്

പ്രതീക്ഷിച്ചതുപോലെ ശിരോമണി അകാലിദൾ-ബിജെപി സഖ്യത്തെ ജനങ്ങൾ പുറത്തെറിഞ്ഞു കോൺഗ്രസിനെ അധികാരത്തിലെത്തിച്ചു. എന്നാൽ അതിനിടയിൽ ആം ആദ്മി പാർട്ടി പ്രതീക്ഷിച്ചപോലെ സ്വാധീനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഭരണവിരുദ്ധ വികാരം വേണ്ടപോലെ തനിക്കനുകൂലമാക്കുന്നതിൽ വിജയിച്ചു.

 

തെരഞ്ഞെടുപ്പ് വിജയത്തിനിടയിലും കോൺഗ്രസ് മറ്റൊരു വൈരുധ്യം നേരിട്ടു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് ലാമ്പി മണ്ഡലത്തിൽ പ്രകാശ് സിംഗ് ബദലിനോട് തോൽവി ഏറ്റുവാങ്ങി. ബാദൽ ക്യാപ്ടനെക്കാൾ തെരഞ്ഞെടുപ്പിൽ ദുര്ബലനായി കാണപ്പെട്ടുവെങ്കിലും അപ്രതീക്ഷിതമായി വിജയിച്ചു. ക്യാപ്റ്റന്റെ അമിത ആത്മവിശ്വാസത്തിനു ഇവിടെ വിലകൊടുക്കേണ്ടി വന്നുവെങ്കിലും മറ്റൊരു മണ്ഡലമായ പട്യാലയിൽ അദ്ദേഹം വിജയിച്ചു കയറി.

 

ഒരു ശ്രദ്ധേയമായ കാര്യം പഞ്ചാബിലെ വിജയം കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നേട്ടമല്ല മറിച്ചു ക്യാപ്റ്റൻ അമരീന്ദർ സിങിന്റെ പ്രവർത്തനത്തിനുള്ള പ്രതിഫലമാണ്.

 

അരവിന്ദ് കെജ്‌രിവാളിന്റെ പഞ്ചാബിലെ രാഷ്ട്രീയ മോഹങ്ങളുടെ ചിറകരിയപ്പെടുകയും അദ്ദേഹത്തിന് ഡൽഹിയിലേക്ക് ഉൾവലിയേണ്ടി വരും എന്നതാണ് മറ്റൊരു ഫലം.

 

ഉത്തരാഖണ്ഡ്

സംസ്ഥാനം ഒരിക്കൽക്കൂടി ബിജെപി യെ അധികാരത്തിലെത്തിക്കുകയും കോൺഗ്രസിനെ തുടച്ചുനീക്കുകയും ചെയ്തു. അധികാരത്തിലിരുന്ന മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടത് ഭരണവിരുദ്ധ വികാരം എത്ര ശക്തമായിരുന്നുവെന്നു കാണിക്കുന്നു.

 

ഗോവ

ബിജെപി മുഖ്യമന്ത്രി പർസേക്കർ മൻത്രേം മണ്ഡലത്തിൽനിന്ന് പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. വ്യക്തമായും അദ്ദേഹം മനോഹർ പരീക്കറുടെ സ്ഥാനത്തു ശോഭിക്കുന്നതിൽ വിജയിച്ചില്ല. പറിക്കാർക്ക് ഒരിക്കൽക്കൂടി പാർട്ടിയെ പുനര്നിര്മിക്കുന്ന ചുമതല ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. എ എ പിക്ക് ഗോവയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇവിടെയും ജനഹിതം മനസ്സിലാക്കുന്നതിൽ കെജ്‌രിവാൾ പരാജയപ്പെട്ടു.

 

മണിപ്പൂർ

മുഖ്യമന്ത്രി ഇബോബി സിങ് മണിപ്പൂർ രാഷ്ട്രീയത്തിൽ ചാലക ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഇവിടെയും ‘ഗാന്ധി’ ഘടകം അപ്രസക്തമായിരുന്നു. ഇറോം ശർമിളയുടെ രാഷ്ട്രീയ പ്രവേശത്തിന് വോട്ടറെ സ്വാധീനിക്കാൻ കഴിഞ്ഞില്ല.