എന്റെ ഭാരതം / ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങൾ

ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങൾ

December 7, 2016

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ

രാജ്യത്തിൻറെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പ്രതീകങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് അത്യന്തം ശ്രദ്ധയോടുകൂടിയാണ്. ഇന്ത്യയുടെ ദേശീയ ഗീതവും ദേശീയ പതാകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജനതയ്ക്ക് വലിയ പ്രചോദനമായിരുന്നു. ശക്തിയുടെ പ്രതീകമായ കടുവ ദേശീയ മൃഗവും, വിശുദ്ധിയുടെ പ്രതീകമായ താമര ദേശീയ പുഷ്പവും അനശ്വരതയുടെ പ്രതീകമായ വടവൃക്ഷം ദേശീയ വൃക്ഷവും ചാരുതയുടെ പ്രതീകമായ മയിൽ ദേശീയ പക്ഷിയും ട്രോപ്പിക്കൽ കാലാവസ്ഥയുടെ സൂചകമായ മാമ്പഴം ദേശീയ ഫലവും ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളാണ്. ദേശീയ ചിഹ്നമായ അശോക സ്തൂപത്തിലെ നാല് വശത്തേക്കും ബഹിർമുഖമായി നിൽക്കുന്ന സിംഹങ്ങൾ ശക്തിയും ധീരതയും ദേശാഭിമാനവും ആത്മവിശ്വാസവും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ ഹോക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരുന്ന കാലത്താണ് അതിനെ ദേശീയ കായിക വിനോദമായി തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ ദേശീയ പക്ഷി – മയിൽ

indian-peacock

ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അംഗോപാംഗം പ്രതിഫലിപ്പിക്കുന്ന മയിൽ (Indian Peafowl) ദേശീയ പക്ഷിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1963 ലാണ്. മയിൽ രാജ്യത്തിൻറെ എല്ലാ ഭാഗത്തും കാണപ്പെടുന്നതും എല്ലാ ജനങ്ങൾക്കും പരിചയമുള്ളതുമാണ്. മയിൽ ദയാ വായ്പ്പിനെയും സൗന്ദര്യത്തെയും പ്രതിനിധീകരിക്കുന്നു. കൂടാതെ മറ്റൊരു രാജ്യവും മയിലിനെ ദേശീയ പക്ഷിയായി തെരഞ്ഞെടുത്തിട്ടില്ല. എല്ലാം തികഞ്ഞ പക്ഷിയായ മയൂരത്തെയാണ് ഇന്ത്യ ദേശീയ പക്ഷിയായി അംഗീകരിച്ചിരിക്കുന്നത്.

ദേശീയ മൃഗം – കടുവ

india-national-animal

കാടിന്റെ അധിപനായ കടുവ ഇന്ത്യയുടെ വന്യജീവി സമ്പത്തിന്റെ മകുടോദാഹരണമാണ്. ശക്തിയും ധൈര്യവും ശൗര്യവുമാണ് കടുവയുടെ ഗുണങ്ങൾ. ‘ബംഗാൾ രാജകീയ വ്യാഖ്‌റം’ (Bengal Royal Tiger) എന്നറിയപ്പെടുന്ന ഏഷ്യാറ്റിക് കടുവയെ 1973 ൽ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. പ്രൊജക്റ്റ് ടൈഗർ പദ്ധതിയോടുകൂടിയാണ് ഇത് ചെയ്തത്. അതിനു മുൻപ് സിംഹം ആയിരുന്നു ഇന്ത്യയുടെ ദേശീയ മൃഗം.

ഇന്ത്യയുടെ ദേശീയ ഗാനം

‘ജന ഗണ മന അധി …’ എന്ന രവീന്ദ്ര നാഥ ടാഗോർ എഴുതിയ ഗാനമാണ് 1950 ജനുവരി 24 ന് ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടത്. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയിട്ടുള്ള ഇന്ത്യയിൽനിന്നുള്ള ഏക വ്യക്തിയായ അദ്ദേഹം ബംഗാളിയിലാണ് ഈ ഗാനത്തിന്റെ മൂലരചന നടത്തിയത്. ഔപചാരികമായി ഈ ഗാനത്തിന്റെ ദൈർഖ്യം 52 സെക്കന്റ് ആണ്.

ദേശീയ പുഷ്പം – താമര

national-flower-india

ഇന്ത്യൻ പുരാവൃത്തങ്ങളിൽ താമരക്ക് സ്രേഷ്ടമായ സ്ഥാനം കല്പിച്ചിട്ടുണ്ട്. ലക്ഷ്മീദേവി ഇരിക്കുന്ന പുഷ്പം, ധനം, ഐശ്വര്യം, സഫലത എന്നിവയുടെ പ്രതീകം എന്നീ നിലകളിൽ താമര അംഗീകരിക്കപ്പെടുന്നു. ചെളിമയമായ ജലത്തിൽ വളരുന്ന താമര അതിന്റെ തണ്ട് ജലോപരിതലം വരെ നീളുകയും ഇലയും പുഷ്പവും ജലത്തിന് മുകളിൽ നിൽക്കുകയും ചെയ്യുന്നു.

ദേശീയ ഫലം – മാമ്പഴം

indian-mango

മാമ്പഴത്തിന്റെ ഉത്ഭവസ്ഥാനം ഇന്ത്യയാണ്. അതിപുരാതന കാലം മുതൽക്കേ ഇന്ത്യയിൽ മാമ്പഴം കൃഷി ചെയ്തിരുന്നു. മുഗൾ ഭരണകാലത്ത് അക്ബർ ദർഭംഗയിലെ (ബീഹാർ) ലാഖി ബാഗിൽ ഒരു ലക്ഷം മാവുകൾ കൃഷിചെയ്തിരുന്നു.

ദേശീയ പതാക

national-flag-of-india

തിരശ്ചീനമായി ദീർഘചതുരാകൃതിയുള്ള ത്രിവർണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. മുകളിൽ കുങ്കുമ നിറം (സുവർണ മഞ്ഞ), നടുക്ക് വെളുപ്പ്, താഴെ പച്ച എന്നെ നിറങ്ങളാണ് ദേശിയ പതാകയുടേത്. നടുവിൽ അശോക ചക്രം ആലേഖനം ചെയ്തിരിക്കുന്നു. 1947 ജൂലൈ 22 ന് ഭരണഘടനാ അസംബ്ലിയാണ് ത്രിവർണ പതാക ദേശിയ പതാകയായി കൈക്കൊണ്ടത്. പിംഗാലി വെങ്കയ്യയാണ് ദേശീയ പതാക രൂപകൽപ്പന ചെയ്തത്.

ഇന്ത്യയുടെ ദേശീയ വിനോദം

ഹോക്കിയാണ് ഇന്ത്യയുടെ ദേശിയ ഗെയിം. ക്രിക്കറ്റിൻെറ ജനകീയതക്ക് നടുവിലും ഹോക്കിയെ ഇന്ത്യക്കാർ സ്നേഹിക്കുന്നു. ഹോക്കിയെ ദേശീയ വിനോദമായി പ്രഖ്യാപിക്കുന്ന സമയത്ത് ആ മത്സരം ഇന്ത്യയിൽ വളരെ ജനപ്രിയമായിരുന്നു. 1928 നും 1956 നും ഇടക്ക് ഇന്ത്യ തുടർച്ചയായി ആറ് ഒളിമ്പിക് സ്വർണ മെഡലുകൾ നേടുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ വൃക്ഷം

banyan-tree

വടവൃക്ഷം, പേരാൽ എന്നീ പേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്ന ബന്യൻ മരമാണ് ഇന്ത്യയുടെ ദേശിയ വൃക്ഷം. അതിന്റെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ചില്ലകൾ ഈ വൃക്ഷത്തിന് അനന്തമായ ജീവിതത്തിന്റെ അർഥം നൽകുന്നു. അതിന്റെ വിശാലമായ രൂപവും ആഴത്തിലുള്ള വേരുകളും രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വടവൃക്ഷത്തിന്റെ ബാഹുല്യം അതിനെ നിരവധി പക്ഷികൾക്കും ജന്തുജാലങ്ങൾക്കും വാസസ്ഥാനമാക്കുന്നു. അതിനെ വിവിധ വര്ഗങ്ങൾ മതങ്ങൾ, വിശ്വാസങ്ങൾ, വംശങ്ങൾ എന്നിവ ഒന്നിച്ചു ജീവിക്കുന്നതിന്റെ പ്രതീകമായി കണക്കാക്കുന്നു.

ഇന്ത്യയുടെ ദേശീയ മുദ്ര

emblem-of-india

സാരനാഥിലെ സിംഹ സ്തൂപമാണ് ഇന്ത്യയുടെ ദേശീയ മുദ്ര. ഒരു മണിച്ചട്ടത്തിനു ചുറ്റും പുറത്തോടു പുറം നിൽക്കുന്ന നാല് ഏഷ്യാറ്റിക് സിംഹങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മണിച്ചട്ടത്തിന്മേൽ ഒരു ആന, ഒരു കുതിര,ഒരു കാള, ഒരു സിംഹം എന്നിവയുമുണ്ട്. ഇവയെ ചക്രങ്ങൾകൊണ്ട് വേര്തിരിച്ചിരിക്കുന്നു.