ജലവും വായുവും പോലെ മണ്ണ് ഒരു പ്രധാന പ്രകൃതി വിഭവമാണ്. മണ്ണ് ഭൂമിയുടെ ഉപരിതലത്തിലുള്ള പാറകൾ പൊടിഞ്ഞുണ്ടായ ഏറ്റവും നേർത്ത പൊടി, ജൈവ സംയുക്തങ്ങൾ, ദ്രാവകങ്ങൾ, എണ്ണമറ്റ കാണാൻ കഴിയുന്ന ജീവജാലങ്ങളും സൂഷ അണുജീവികളും ധാതു ലവണങ്ങളും ചേർന്ന മിശ്രിതമാണ്.
മണ്ണ് ഭൂമിയുടെ ഉപരിതലത്തിലുള്ള ജലമണ്ഡലം (hydrosphere), ലിത്തോസ്ഫിയർ, അന്തരീക്ഷം, ജൈവമണ്ഡലം എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു.
മേല്പറഞ്ഞ പ്രധാന ചേരുവകളുടെ അനുപാതമാണ് മണ്ണിന്റെ ഘടന നിശ്ചയിക്കുന്നത്. പുറമെ സസ്യജാലങ്ങൾ,കാലാവസ്ഥാ പ്രത്യേകതകൾ, കൃഷി, കാലിമേയിക്കൽ, ഉദ്യാനവൽക്കരണം തുടങ്ങിയ മനുഷ്യ ഇടപെടലുകൾ എന്നിവയും മണ്ണിന്റെ ഗുണം നിശ്ചയിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ഥ ഘടനയുള്ള വിവിധതരം മണ്ണ് കാണപ്പെടുന്നു. സമുദ്രനിരപ്പിൽനിന്നുള്ള ഉയരം, അസന്തുലിതമായ മഴ, നദികളുടെ സാമീപ്യം എന്നിങ്ങനെ പല ഘടകങ്ങളും ഈ ഘടനാ വ്യത്യാസങ്ങളെ സ്വാധീനിക്കുന്നു.
ഇന്ത്യയിലെ പ്രധാന മണ്ണുവര്ഗങ്ങൾ താഴെ പറയുന്നവയാണ്.
- ലാറ്ററൈറ്റ് മണ്ണ് (ചെങ്കൽ)
- പർവത മണ്ണ്
- ബ്ലാക്ക് സോയിൽ
- റെഡ് സോയിൽ
- അല്ലുവിയൽ സോയിൽ
- മരുഭൂ (ഡെസേർട്) സോയിൽ
- സലൈൻ സോയിൽ (ഉപ്പുരസമുള്ള മണ്ണ്)
- പീറ്റ് സോയിൽ (കൽക്കരി കലർന്ന മണ്ണ്)
ലാറ്ററൈറ്റ് സോയിൽ (ചെങ്കൽ മണ്ണ്)
ശക്തിയായി മഴ ലഭിക്കുന്ന, മഴയും വേനലും മാറിമാറി വരുന്ന സ്ഥലങ്ങളിലാണ് ലാറ്ററൈറ്റ് മണ്ണ് കാണപ്പെടുന്നത്. ഇത്തരം സ്ഥലങ്ങളിൽ മണ്ണിന്റെ ഫലപുഷ്ടിയുള്ള ഭാഗം കടുത്ത മഴയിൽ കഴുകപ്പെടുന്നു. ഇവിടെ പാറകൾ പൊടിയുകയും മണ്ണിലുള്ള ഇരുമ്പ് ഓക്സയിഡ് തെളിഞ്ഞു വരുകയും ചെയ്യുന്നു. ഈ ഓക്സയിഡ് മണ്ണിനു ചുവപ്പോ പിങ്കോ നിറം നൽകുന്നു.ഇത്തരം മണ്ണിൽ നൈട്രജനും കാൽസിയവും തീരെ കുറവായിരിക്കും. ലാറ്ററൈറ്റ് മണ്ണ് പശ്ചിമഘട്ടം, പൂർവ്വഘട്ടം, വിന്ധ്യാ പ്രദേശം, മാൾവ പീഠഭൂമി, സത്പുര എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്നു. പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, ബീഹാർ, മേഘാലയ,അസം, ഒറീസ എന്നിവയാണ് പൊതുവെ ലാറ്ററൈറ്റ് മണ്ണുള്ള സംസ്ഥാനങ്ങൾ.
മൗണ്ടൈൻ സോയിൽ (പർവത മണ്ണ്)
മണ്ണിന്റെ അടിസ്ഥാന ഘടകങ്ങളോടൊപ്പം വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വളർച്ചയും അപചയവും മൂലം സൃഷ്ടിക്കപ്പെടുന്ന ജൈവ ഘടകങ്ങളും കൂടിക്കലർന്നാണ് പർവത മണ്ണ് സൃഷ്ടിക്കപ്പെടുന്നത്. ഈ മണ്ണിൽ ജൈവാംശം കൂടുതലുണ്ടെങ്കിലും കാൽസ്യം ഓക്സയിടുകൾ (lime), പൊട്ടാഷ്, ഫോർഫെറസ് എന്നിവ കുറവായിരിക്കും. ഈ മണ്ണിൽ മണൽത്തരിയും കല്ലിന്റെ അംശവും കൂടുതലായിരിക്കും. പ്രധാനമായും ഹിമാലയ പർവത മേഖലയിലും പശ്ചിമഘട്ടത്തിലുമാണ് ഈ മണ്ണ് ഉള്ളത്. ഹിമാലയ പ്രദേശത്ത് ചോളം, ബാർലി, ഗോതമ്പ്, പഴങ്ങൾ എന്നിവയും കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണമേഖലാ പഴങ്ങൾ, കാപ്പി, തേയില, സുഗന്ധവിളകൾ എന്നിവയും ധാരാളമായി വിളയുന്നു.
കറുത്ത മണ്ണ് (ബ്ലാക്ക് സോയിൽ)
അഗ്നിപർവത അവശിഷ്ടങ്ങളുടെയും ലാവയുടെയും പ്രഭാവത്തിലാണ് ബ്ലാക്ക് സോയിൽ ഉണ്ടാകുന്നത്. രേഗർ എന്ന് വിളിക്കപ്പെടുന്ന കരിമണ്ണിനെ പഞ്ഞി കൃഷിക്ക് വളരെ അനുയോജ്യമായതിനാൽ ബ്ലാക്ക് കോട്ടൺ സോയിൽ എന്നും വിളിക്കപ്പെടുന്നു. ഈ മണ്ണിൽ കാൽസിയം കാർബണേറ്റ്, പൊട്ടാഷ്, ലൈം, മാഗ്നിസിയം കാർബണേറ്റ് എന്നിവയുണ്ട്. എന്നാൽ ഫോസ്‌ഫറസ് തീർ കുറവാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ബ്ലാക്ക് സോയിൽ ഉള്ളത്.
റെഡ് സോയിൽ (ചെമ്മണ്ണ്)
ആഗ്നേയശിലകളും ബാഹ്യ സമ്മര്ദങ്ങളാൽ രൂപമാറ്റം വരുന്ന പാറകളും പൊടിഞ്ഞുചേർന്നാണ് റെഡ് സോയിൽ ഉണ്ടാകുന്നത്. ഉയർന്ന ഇരുമ്പിന്റെ സാന്നിധ്യമാണ് ഈ മണ്ണിനു ചുവപ്പ് നിറം നൽകുന്നത്. ഈ മണ്ണിന്റെ സ്വഭാവം ചിലയിടങ്ങളിൽ തരിനിറഞ്ഞതും മറ്റിടങ്ങളിൽ കളിമൺ രൂപത്തിലും ആയിരിക്കും. ഇതിൽ പൊട്ടാഷിന്റെ ഉള്ളടക്കം കൂടുതലും ഫോസ്‌ഫേറ്റ്, നൈട്രജൻ, ജൈവാംശം എന്നിവ തീരെ കുറവുമാണ്. തമിഴ്നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര കർണാടക എന്നിവയുടെ ചില സ്ഥലങ്ങളിലുമാണ് ഈ മണ്ണ് കാണുന്നത്.
എക്കൽ മണ്ണ് (അല്ലുവിയൽ സോയിൽ)
നദികൾ ഒഴുക്കി കൊണ്ടുവരുന്ന മട്ട് അടിഞ്ഞു രൂപപ്പെടുന്നതാണ് അലൂവിയൽ മണ്ണ്. നദികൾ പൊതുവെ പർവതങ്ങളിൽ ഉത്ഭവിക്കുകയും താഴേക്കുള്ള കുത്തൊഴുക്കിൽ ധാരാളം പൊടിയും മട്ടും കൊണ്ടുവന്ന് സമതലങ്ങളും തീരങ്ങളിലും നിക്ഷേപിക്കുകയും ചെയ്യുന്നു. ജൈവാംശങ്ങളും തരിമണലും കളിമണ്ണും ചേർന്നതാണ് എക്കൽ. ഇതിൽ നല്ല അളവിൽ ഫോസ്ഫോറിക് ആസിഡ്, പൊട്ടാഷ്, ചുണ്ണാമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ആലുവയൽ മണ്ണ് രണ്ടുത്തരമുണ്ട്. ബംഗാർ എന്ന് വിളിക്കുന്ന പഴയ ആലുവിയം, ഖദ്ദാർ എന്ന് വിളിക്കുന്ന പുതിയ ആലുവിയം. രാജ്യത്തെ ഏറ്റവും മുഖ്യമായ മണ്ണുഇനമാണ് എക്കൽ. രാജ്യത്തിൻറെ ഭൂവിസ്തൃതിയുടെ 40 ശതമാനം ആലുവയൽ മണ്ണിനാൽ നിറയപ്പെട്ടിരിക്കുന്നു. പഞ്ചാബ് മുതൽ പശ്ചിമ ബംഗാൾ, അസം വരെയുള്ള വടക്കേ സമതലങ്ങളിൽ ആലുവയൽ മണ്ണാണുള്ളത്. കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി എന്നീ നദികളുടെ തുരുത്തുകളെയും ഈ മണ്ണ് സമ്പുഷ്ടമാക്കുന്നു.