വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മലയാളത്തിൽ

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മലയാളത്തിൽ
* Political Map of India in Malayalam

ഇന്ത്യ

ഇന്ത്യൻ റിപ്പബ്ലിക്ക് 29 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുംഉൾപ്പെടുന്ന സ്വതന്ത്ര പരമാധികാര രാജ്യമാണ്. ജനസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യക്ക് മൊത്തം 7517 കിലോമീറ്റർ സമുദ്രതീരമുള്ളതിൽ 5423 കി.മീ. വൻകരയെ ചുറ്റിയും 2094 കി.മീ. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ ദ്വീപസമൂഹങ്ങളെ വലയം ചെയ്തുമിരിക്കുന്നു. തീരമേഖലയിൽ ഏകദേശം 43% മണൽ തിട്ടകളും 46% ചെളിനിറഞ്ഞ ചതുപ്പുനിലവും 11% പാറക്കെട്ടുകളുള്ള തീരവുമാണ്.

 

ഇന്ത്യയിലെ പ്രധാന മേഖലകൾ

സാമൂഹ്യ ശാസ്ത്രപരമായും ഭൂമിശാശ്ത്രപരമായും ഇന്ത്യയെ പൂർവ ഇന്ത്യ, പശ്ചിമ ഇന്ത്യ, ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, മധ്യേന്ത്യ, വടക്കുകിഴക്കൻ പ്രദേശം എന്നിങ്ങനെ ആറു മേഖലകളായി വർഗീകരിച്ചിരിക്കുന്നു. ഈ മേഖലകൾക്ക് സാംസ്കാരികവും ജീവിതശൈലീപരവുമായ തനതു സ്വഭാവ വിശേഷങ്ങളുണ്ട്.

 

പൂർവ ഇന്ത്യ (Eastern India)

ബീഹാർ, ജാർഖണ്ഡ്, ഒറീസ്സ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ നികോബാറും ഉൾപ്പെടുന്നതാണ് പൂർവ്വ ഇന്ത്യ. 418,323 ചതുരശ്ര കി.മീ. വ്യാപ്തിയുള്ള ഈ പ്രദേശങ്ങളുടെ ജനസംഖ്യ 226,925,195 ആണ്. പശ്ചിമ ബംഗാളിന്റെ പ്രമുഖ ഭാഷ ബംഗാളിയാണ്. ഒറിയ, ഹിന്ദി എന്നിവ യഥാക്രമം ഒറീസ്സയുടെയും ജാർഖണ്ടിന്റെയും പ്രഥമ ഭാഷകളാണ്. ഇംഗ്ലീഷ്, മൈഥിലി, ഭോജ്പുരി, നേപ്പാളി, ഉറുദു എന്നീ ഭാഷകളും കിഴക്കേ ഇന്ത്യയിൽ സംസാരിക്കുന്നു.

 

പശ്ചിമ ഇന്ത്യ (Western India)

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും ദാമൻ-ഡിയു, ദാദ്ര-നഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന പശ്ചിമേന്ത്യയ്ക്ക് (Western India) 508,052 ചതുരശ്ര കി.മീ. വിസ്തൃതിയുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന അറിയപ്പെടുന്ന മുംബൈ (Mumbai) മഹാരാഷ്ട്രയുടെ തലസ്ഥാനം കൂടിയാണ്. പശ്ചിമേന്ത്യൻ സംസ്ഥാനങ്ങൾ പൊതുവിൽ സാമ്പത്തികമായി മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വികസിതവും മെച്ചപ്പെട്ട ജീവിത നിലവാരമുള്ളതുമാണ്. ഗുജറാത്തി, മറാത്തി, കൊങ്കണി എന്നിവ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളും ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നു.

 

ഉത്തര മേഖല (Northern India)

ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും ദേശീയ തലസ്ഥാനമായ ഡൽഹിയും (National Capital Territory of Delhi) കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡും ഉൾപ്പെടുന്നതാണ് ഉത്തരേന്ത്യ. വടക്കെ ഇന്ത്യ സാമ്പത്തികമായി അതിവേഗം വളരുന്ന ഒരു പ്രദേശമാണ്. ന്യൂഡൽഹി, ജയ്‌പൂർ, ലക്നൗ, കാൺപൂർ, ചണ്ഡീഗഡ് എന്നിവ ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളാണ്. പഞ്ചാബിൽ പഞ്ചാബിയും മറ്റു സംസ്ഥാനങ്ങളിൽ ഹിന്ദിയുമാണ് വടക്കേ ഇന്ത്യയുടെ പ്രധാന ഭാഷകൾ. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് എന്നിവ ഔദ്യോഗിക ഭാഷകളാണ്. രാജസ്ഥാനി, മാർവാറി ഹരിയാൻവി എന്നീ ഭാഷകൾ യഥാക്രമം രാജസ്ഥാനിലേയും ഹരിയാനയിലെയും സംസാര ഭാഷകളാണ്.

 

ദക്ഷിണ ഇന്ത്യ (Southern India)

തമിഴ്നാട്, കർണാടകം, കേരളം, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുശ്ശേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്നതാണ് ദക്ഷിണേന്ത്യ. ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ 19.31% ഈ പ്രദേശങ്ങളിലാണ്. കർണാടകത്തിന്റെ തലസ്ഥാനവും പ്രധാന വിവര സാങ്കേതികവിദ്യ വികസന മേഖലയുമായി ബാംഗ്ലൂർ ഇന്ത്യയുടെ 'സിലിക്കോൺ താഴ്വര' എന്നറിയപ്പെടുന്നു. ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കോയമ്പത്തൂർ, കൊച്ചി, മൈസൂർ എന്നിവയാണ് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങൾ. തമിഴ്നാട്ടിൽ തമിഴും കർണാടകയിൽ കന്നഡയും ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിൽ തെലുങ്കും ഔദ്യോഗിക ഭാഷകളാണ്.

 

വടക്കുകിഴക്കൻ ഇന്ത്യ (North-Eastern India)

വടക്കുകിഴക്കൻ ഇന്ത്യയിൽ സിക്കിം, അരുണാചൽ പ്രദേശ്, ബംഗാളിന്റെ വടക്കൻ ഭാഗങ്ങൾ എന്നിവ ഉൾപ്പെട്ട ഹിമാലയൻ പ്രദേശവും ഇടത്തരം കുന്നിൻ പ്രദേശങ്ങളും സമതലങ്ങളും ഉൾപ്പെട്ട മേഘാലയ, ത്രിപുര, മിസോറം, മണിപ്പൂർ, നാഗാലാ‌ൻഡ് എന്നിവയും ഉൾപ്പെടുന്നു. ഏഴു സഹോദരിമാർ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ്, അസം, മേഘാലയ, ത്രിപുര, മിസോറം, മണിപ്പുർ, നാഗാലാ‌ൻഡ് എന്നിവയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. ലോകത്തിലെ തന്നെ ഗോത്ര വൈവിധ്യങ്ങളുടെ ഒരു പറുദീസയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. വിശ്വാസങ്ങൾ, ജീവിതരീതികൾ, തൊഴിലുകൾ എന്നിവയിലെല്ലാം വൈവിധ്യം നിലനിൽക്കുന്നു.

 

മധ്യ ഇന്ത്യ (Central India)

മധ്യ പ്രദേശും ഛത്തിസ്ഗഡും ഉൾപ്പെട്ടതാണ് മധ്യ ഇന്ത്യ. ഭോപ്പാൽ, ഇൻഡോർ, റായ്പ്പൂർ എന്നിവ പ്രധാന നഗരങ്ങളാണ്.