ഉത്തരാഖണ്ഡ് സംസ്ഥാനം

laxmanjhula

ലക്ഷ്മൺ ജൂല

 

ഉത്തർ പ്രദേശിന്റെ വടക്കുപടിഞ്ഞാറൻ ജില്ലകളെയും ഹിമാലയ പർവത നിരകളിൽ പെട്ട ചില പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചു 2000 നവംബർ 9-നാണ് ഉത്തരാഞ്ചൽ സംസ്ഥാനം രൂപം കൊണ്ടത്. ഹിമാലയ പർവത വൈവിധ്യവും ദൃശ്യപരമായ ഉദാത്തതയുമാണ് ഉത്തരാഖണ്ഡിനെ വ്യത്യസ്തമാക്കുന്നത്. ടിബറ്റ് സ്വയംഭരണ പ്രദേശം സംസ്ഥാനത്തിന്റെ വടക്കാണ് സ്ഥിതി ചെയ്യുന്നത്.

2007 ൽ ഉത്തരാഞ്ചൽ എന്ന പേര് ഔദ്യോഗികമായി ഉത്തരാഖണ്ഡ് എന്നാക്കി മാറ്റി. തലസ്ഥാന നവരവും സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും ഡെറാഡൂൺ ആണ്. ഉത്തരാഖണ്ഡ് ഹൈകോടതി മറ്റൊരു പ്രധാന നഗരമായ നൈനിറ്റാളിൽ ആണ് സ്ഥിതി ചെയ്യുന്നത്.

കൈത്തറിയും കരകൗശല നിർമാണവും സംസ്ഥാനത്തെ രണ്ടു പ്രധാന തൊഴിൽദാന മേഖലകളാണ്. സുന്ദർലാൽ ബഹുഗുണയുടെ നേതൃത്വത്തിൽ ചിപ്കോ പ്രസ്ഥാനം എന്ന ലോക ശ്രദ്ധ നേടിയ പരിസ്ഥിതി പ്രസ്ഥാനം രൂപംകൊണ്ടത് ഉത്തരാഖണ്ഡിലാണ്. ഗ്രാമീണജനത ഒന്നടങ്കം പരിസ്ഥിതി മാഫിയക്കെതിരെ അണിനിരന്ന ഒരു ജനകീയ പ്രസ്ഥാനമായിരുന്നു അത്.

ganga-river-haridwar

ഗംഗാനദി, ഹരിദ്വാർ

 

ഉത്തരാഖണ്ഡ്  ചരിത്രം

ഉത്തരാഖണ്ഡ് ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശത്തിന്റെ ചരിത്രം മഹത്തായ ചരിത്രമാണ്. പുരാതന- മധ്യകാല ഇന്ത്യൻ ചരിത്രങ്ങളുടെ മുഖ്യധാരയിൽ ഈ പ്രദേശം ഉണ്ട്. കുഷാന, കുടിന, കനിഷ്ക, സമുദ്രഗുപ്‌ത, കതുരിയാ, പാല, ചാന്ദ്ര, പർവണ എന്നിങ്ങനെ ചരിത്ര പ്രതിഷ്ടമായ പല രാജകീയ ഗോത്രങ്ങളും ഇവിടം ഭരിച്ചിട്ടുണ്ട്. ഹൈന്ദവ പുരാണ ഇതിഹാസങ്ങളിൽ ഈ പ്രദേശങ്ങളുടെ വർണന ധാരാളമുണ്ട്. ഈ പ്രദേശത്തിന്റെ ആധുനിക ചരിത്രം ഗഡ്‌വാൾ കുമായൂൺ എന്നീ നാട്ടു രാജ്യങ്ങളുടെ ചരിത്രമാണ്.

kankhal-haridwar

കൻഖൽ, ഹരിദ്വാർ

 

ഉത്തരാഖണ്ഡ് ഭൂപമിശാസ്ത്രം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് മൊത്തം 53,483 .കി.മീ വിസ്തീര്ണമുണ്ട്. മലനിരകലും വനങ്ങളും നിറഞ്ഞതാണ് ഭൂരിപക്ഷം പ്രദേശങ്ങളും. സസ്യ ജീവജാല വൈവിധ്യങ്ങളാൽ നിറഞ്ഞ ഈ സംസ്ഥാനത്തെ കാടുകളിൽ ഹിമപ്പുലി, ഏഷ്യാറ്റിക് കടുവകൾ, ഹിമാലയൻ നീല ചെമ്മരിയാട്, പുള്ളിപ്പുലി എന്നീ മൃഗങ്ങളും വിവിധതരം പക്ഷികളും അപൂർവ വൃക്ഷങ്ങളും കുറ്റിച്ചെടികളുമുണ്ട്. ഗംഗ യമുന എന്നീ ഇന്ത്യൻ നദികളുടെ ഉത്ഭവ സ്ഥാനം ഉത്തരാഖണ്ഡിൽ ആണ്.

nainitals

ഗോവിന്ദ്ഘട്ട്, ചമോലി

 

പ്രധാന ഭൂമിശാസ്ത്ര സവിശേഷതകൾ ഇവയാണ്:

  • കുറ്റിക്കാടുകൾ നിറഞ്ഞ മൊട്ടക്കുന്നുകൾ
  • പശ്ചിമ ഹിമാലയത്തിലെ ആൽപൈൻ കാടുകളും സൂചിയില കാടുകളും
  • ഇടത്തരം സൂചിയിലകാടുകൾ
  • വീതികൂടിയ ഇലകളുള്ള വനങ്ങൾ
  • ഉപ-ഹിമാലയ മിതോഷ്ണ കാടുകൾ
  • ടെറായി ദൗർ താഴ്‌വാരങ്ങൾ, പുല്തകിടികൾ
  • അപ്പർ ഗംഗാ സമതലങ്ങളിലെ ഉഷ്ണക്കാടുകൾ

 

nanital-lake

ധലിപുർ തടാകം, ടെഹ്‌റാഡൂൺ

 

ജനസംഖ്യയും ജനജീവിതവും

53,483 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഉത്തരാഖണ്ഡിന്റെ 2011ലെ ജനസംഖ്യ 1,00,86,292 ആണ്. സംസ്ഥാനത്ത് 19.17% ജനസംഖ്യാ വർധനവാണ് കഴിഞ്ഞ ദശകത്തിൽ ഉണ്ടായത്. പുരുഷ-സ്ത്രീ അനുപാതം 1000:963 ആണ്. ചതുരശ്ര കിലോമീറ്ററിന് 189 ആണ് ജനസാന്ദ്രത. ടിബറ്റ്, നേപ്പാൾ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ് ഇവയാണ് ഉത്തരാഞ്ചലിന്റെ അതിർത്തിയിൽ കിടക്കുന്ന രാഷ്ട്രീയ ഭൂപ്രദേശങ്ങൾ. ഉത്തരാഞ്ചലിന്റെ തലസ്ഥാനമായ ഡെറാഡൂൺ ഇന്ത്യൻ തലസ്ഥാനത്തുനിന്നും വെറും 240 കിലോമീറ്റര് ദൂരെ മാത്രമാണ്. ഉത്തരാഞ്ചലിന്റെ 13 ജില്ലകൾ ഇവയാണ്: പിത്തോറഗഡ് അൽമോറ, നൈനിറ്റാൾ, ബാഗേശ്വർ, ചമ്പാവത്, ഉത്തരകാശി, ഉദ്ധം സിംഗ് നഗർ, ചമോലി, ഡെറാഡൂൺ, പൗഡി ഗഡ്‌വാൾ, തെഹ്‌രി ഗഡ്‌വാൾ, രുദ്രപ്രയാഗ്, ഹരിദ്വാർ (അർബൻ).

സാമ്പത്തിക വ്യവസ്ഥ

സമീപകാലത്ത് സാമ്പത്തികമായി അതിവേഗം വളരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരരാഖണ്ഡ്. നെല്ല്, സോയാബീൻ, ഗോതമ്പ്, നിലക്കടല, പയറുകൾ, എണ്ണക്കുരുക്കൾ എന്നിവയാണ് പ്രധാന വിളകൾ. കരിമ്പാണ് സംസ്ഥാനത്തെ പ്രധാന നാണ്യവിള. ആപ്പിൾ, പീർ, ഓറഞ്ച്, പീച്, പ്ലം, ലീച്ചി എന്നീ പഴങ്ങളും ധാരാളം കൃഷി ചെയ്യുന്നു. ഒരു ഒന്നാംതരം ടൂറിസ്റ്റ് സാമ്പത്തിക തലസ്ഥാനമായി വളരാനുള്ള എല്ലാ സാധ്യതകളും ഉത്തരാഞ്ചലിനുണ്ട്. ദേശീയ തലസ്ഥാന മേഖലയോട് ഏറ്റവും അടുത്ത കുന്നിൻപ്രദേശ സുഖവാസ കേന്ദ്രങ്ങളാണ് ഉത്തരാഞ്ചലിലെ ഡെറാഡൂൺ, നൈനിറ്റാൾ, അൽമോറ എന്നീ സ്ഥലങ്ങൾ.

nanital

നൈനിത്താൾ

 

 

സമൂഹവും സംസ്കാരവും

പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകം മുറുകെ പിടിക്കുന്ന ഒരു ജനസമൂഹമാണ് ഉത്തരാഞ്ചലിന്റെത്. കുമായൂൺ, ഗഡ്‌വാൾ പ്രദേശങ്ങളുടെ സാംസ്‌കാരിക വൈവിധ്യം ഇന്ന് സംസ്ഥാനത്തിന്റെ പൊതു സംസ്കാരമാണ്. വിശ്വാസപരമായ വൈവിധ്യങ്ങളുള്ള ഹിന്ദു, ബുദ്ധ സമൂഹങ്ങളാണ് ഇവിടെയുള്ളത്. 1947നു ശേഷം പശ്ചിമ പഞ്ചാബിൽനിന്ന് കുടിയേറിയ സിഖ് മതവിശ്വാസികളും ഇവിടെയുണ്ട്. ഇവിടത്തെ നൃത്തരൂപങ്ങൾ മാനവ രാസ ഭാവങ്ങളുടെ വൈവിധ്യം തന്നെ പ്രകടമാക്കുന്നു. സംഗീതവും ഉത്തരാഞ്ചൽ സംസ്കാരത്തിന്റെ ഒരു പ്രധാന ഘടകമാണ്. ഹരിദ്വാർ കുംഭമേള ലോകത്തെ ഏറ്റവും വലിയ ഹിന്ദു തീർത്ഥാടന സംഗമമാണ്. ബസന്തി, മംഗള, ഖുദ്‌ഏത്, ചൊപറ്റി എന്നിവ നാടോടി നൃത്ത രൂപങ്ങളാണ്.

 

സംസ്ഥാന രാഷ്ട്രീയവും ഭരണ സംവിധാനവും

2000ൽ രൂപം കൊണ്ട സംസ്ഥാനത്തെ ഗവൺമെന്റുകൾ പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി അകമഴിഞ്ഞ് പ്രവർത്തിച്ചിട്ടുണ്ട്. 70 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള നിയമ നിർമാണ സഭ, സംസ്ഥാന ഹൈക്കോടതി നയിക്കുന്ന ജുഡീഷ്യറി, മുഖ്യമന്ത്രി നയിക്കുന്ന എക്സിക്യൂട്ടീവ് എന്നിവ ചേർന്നാണ് ഭരണം നിർവഹിക്കുന്നത്.

haridwar

ഹരിദ്വാർ

1.

ഉത്തരാഖണ്ഡ് വസ്തുതകൾ
നിലവിൽ വന്ന ദിവസം 2000 നവംബർ 1
വിസ്തീർണം 53,483 ചതുരസ്‌ര കിലോമീറ്റർ
ജനസാന്ദ്രത 189 / ച.കി.മീ.
ജനസംഖ്യ 10,086,292(2011 സെൻസസ്)
പുരുഷന്മാർ 5,137,773
സ്ത്രീകൾ 4,948,519
ജില്ലകൾ 13
തലസ്ഥാനം ഡെറാഡൂൺ
നദികൾ ഗംഗ, സരയു, അളകനന്ദ, ഭാഗീരഥി, ധൗള ഗംഗ, രാംഗംഗ, അസാൻ ബറേജ്
വനങ്ങളും ദേശീയോദ്യാനങ്ങളും രാജാജി നാഷണൽ പാർക്ക്, ജിം കോർബെറ്റ്, ഗംഗോത്രി നാഷണൽ പാർക്ക്
ഭാഷകൾ ഗഡ്‌വാളി, കുമാവോണി, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്
അയൽ സംസ്ഥാനങ്ങൾ ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്
സംസ്ഥാന മൃഗം കസ്തൂരിമാൻ
സംസ്ഥാന പക്ഷി ഹിമാലയൻ കൊറ്റി (ചകോരം)
സംസ്ഥാന വൃക്ഷം വേനൽപ്പൂ വൃക്ഷം (Rhododendron)
സംസ്ഥാന പുഷ്പം : മഴത്താമര (ബ്രഹ്മ കമൽ)
സാക്ഷരതാ (2011) 86.27%
സ്ത്രീ -പുരുഷ അനുപാതം 963: 1000
നിയമസഭാ മണ്ഡലങ്ങൾ 70
ലോക്‌സഭാ മണ്ഡലങ്ങൾ 5