മൈസൂർ കർണാടക സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരവും ലോകത്തെങ്ങുമുള്ള സഞ്ചാര പ്രിയരുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനവുമാണ്. മുൻപ് ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നാട്ടുരാജ്യമായിരുന്ന മൈസൂരിന്റെ തലസ്ഥാന നഗരമായിരുന്നു മൈസൂർ. കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നഗരമായ മൈസൂർ തെക്കേ ഇന്ത്യയിലെ ഒരു ജനപ്രിയ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമാണ്. ഹൈദരാലിയുടെയും ടിപ്പു സുൽത്താന്റെയും കാലമൊഴിച്ച് ദീർഘമായ ഒരു കാലഘട്ടം മൈസൂർ വോഡയാർ രാജാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു. വോഡയാർ ഭരണാധികാരികൾ കലയുടെയും സംസ്കാരത്തിന്റെയും ആരാധകരും അവയെ പ്രോത്സാഹിപ്പിച്ചിരുന്നവരുമാണ്. നഗരം നിരവധി രാജകീയ പ്രൗഢിയുള്ള മന്ദിരങ്ങളും കൊട്ടാരങ്ങളും കൊണ്ട് നിറഞ്ഞതാണ്. ദസറ ആഘോഷങ്ങൾക്ക് ആയിരക്കണക്കിന് തീർത്ഥാടന ടൂറിസ്റ്റുകൾ മൈസൂർ സന്ദർശിക്കുന്നു.
മൈസൂർ പാലസ്
മൈസൂറിനെ ശ്രദ്ധേയമാക്കുന്നു മറ്റൊരു കാര്യം നഗരത്തിന്റെ അയൽ പ്രദേശങ്ങളിലുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. കൃഷ്ണരാജ സാഗര ഡാം, ശ്രീരംഗപട്ടണം, ശിവസമുദ്രം വെള്ളച്ചാട്ടങ്ങൾ എന്നിവ ഇതിൽ ചിലതാണ്. മൈസൂർ നഗരത്തിന്റെ ഭൗമ ദിശ അക്ഷാംശം 12° 18' വടക്കിനും രേഖാംശം 76° 42' കിഴക്കിനും ഇടയിലാണ്. 2011 ലെ ജനസംഖ്യ കണക്കുപ്രകാരം മൈസൂരിൽ 9,20,550.ആളുകൾ വസിക്കുന്നു.
നഗരത്തിന്റെ സമ്പത് ഉല്പാദനത്തിന്റെ മുഖ്യഭാഗം ടൂറിസത്തിൽനിന്നാണെങ്കിലും ഇവിടെ ചന്ദന ശില്പങ്ങൾ, നെയ്ത്, പിത്തള ഉപകരണങ്ങളുടെ നിർമാണം, ചുണ്ണാമ്പുകല്ല്, ലവണങ്ങൾ എന്നിവയുടെ ഉല്പാദനവും നടക്കുന്നു. അതുകൂടാതെ ഇൻഫർമേഷൻ ടെക്നോളജി വ്യവസായത്തിന് ബാംഗ്ലൂർ കഴിഞ്ഞാൽ ഒരു പ്രധാന കേന്ദ്രവും കൂടിയാണ്. മൈസൂർ നഗരത്തിന്റെ പരിസരത്ത് കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്മെൻറ് ബോർഡ് വ്യവസായ വികസനം ലക്ഷ്യമിട്ടു സ്ഥാപിച്ച നാല് വ്യവസായ കേന്ദ്രങ്ങളുണ്ട്: ബെലഗോള, ഹെബ്ബാൾ, ബെലവാടി, ഹൂട്ടഹള്ളി എന്നിവയാണ്.
മൈസൂർ കർണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്നു. മൈസൂർ ചിത്രരചനാ ശൈലി പ്രസിദ്ധമാണെന്നു മാത്രമല്ല, അത് ഈ നഗരത്തിന്റെ വ്യതിരിക്തമായ സംസ്കാരത്തിന്റെ ധാരകളെ വ്യക്തമാക്കുന്നു. ശുദ്ധമായ പട്ടിലും സുവർണ കസവിലും നെയ്ത മൈസൂർ സിൽക്ക് സാരികൾ ഇതിന് ഉദാഹരണമാണ്. മൈസൂർ പെട്ട എന്ന് വിളിക്കുന്ന പാരമ്പര്യ ഇന്ത്യൻ തലപ്പാവ് ഇന്നും പല അവസരങ്ങളിലും പുരുഷന്മാർ ധരിക്കുന്നു.
മൈസൂർ നഗരത്തിനു പരിസരത്ത് നിരവധി ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളും പിക്നിക് പോയിന്റുകളുമുണ്ട്. ഊട്ടി, മടിക്കേരി, സുൽത്താൻ ബത്തേരി എന്നിവയും നാഗര്ഹോൾ ദേശിയ പാർക്ക്, മുടുമലൈ ദേശീയ ഉദ്യാനം, ബന്ദിപ്പൂർ ദേശീയോദ്യാനം, എന്നിവ ഇതിൽ ചിലതാണ്.
മൈസൂർ നഗരത്തിലെത്താനും അവിടെ യാത്രചെയ്യാനും സുഗമവും ലോകോത്തരവുമായ ഗതാഗത മാർഗങ്ങളുണ്ട്. വായുമാർഗം മൈസൂരിനെ ഇന്ത്യയിലെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റോഡ്, റെയിൽ മാര്ഗങ്ങളും വളരെ സുലഭമാണ്. ഒന്നാംകിട നിലവാരമുള്ളവയാണ് കർണാടകത്തിലെ ഹൈവേകൾ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ മൈസൂരിലെ കര്ണാടകയിലെയും അയാൾ സംസ്ഥാനങ്ങളിലെയും ചെറു നഗരങ്ങളുമായിപ്പോലും ബന്ധിപ്പിക്കുന്നു. മൈസൂർ എയർപോർട്ടും ബാംഗ്ലൂർ അന്ത്രരാഷ്ട്ര വിമാനത്താവളവും വ്യോമഗതാഗതം സുഗമമാകിക്കുന്നു.