കോഴിക്കോട് ഭൂപടം

കോഴിക്കോട് ഭൂപടം
Kozhikode city map in Malayalam

കോഴിക്കോടിന്റെ സത്യസന്ധതയെപ്പറ്റി ഒരു ഐതീഹ്യമുണ്ട്. സമ്പന്നരായ അറേബ്യൻ വ്യാപാരികൾ ലോകത്തെല്ലായിടത്തും തങ്ങളുടെ പായ്ക്കപ്പലിൽ യാത്രചെയ്ത് വ്യാപാരം നടത്തുവാൻ കൊള്ളാവുന്ന രാജ്യങ്ങൾ അന്വേഷിച്ചു. ആതിഥേയ രാജ്യത്തുള്ളവരുടെ സത്യസന്ധത അവർക്ക് വളരെ പ്രധാനമായിരുന്നു. അത് പരീക്ഷിച്ചറിയുവാൻ അവർ തീരുമാനിച്ചു. അവർ ചെല്ലുന്നയിടങ്ങളിലൊക്കെ ഏതാനും ഈന്തപ്പഴ രസായണമടങ്ങുന്ന ഭരണികൾ കുഴിച്ചിട്ടു. ഈന്തപ്പഴങ്ങളുടെ അടിയിൽ സ്വർണനാണയങ്ങളും നിക്ഷേപിച്ചു. അടുത്ത പ്രാവശ്യം സന്ദർശിച്ചപ്പോൾ ഭരണികൾ പരിശോധിച്ചു. ഭൂരിപക്ഷം സ്ഥലങ്ങളിലും ജനങ്ങൾ അതിൽനിന്ന് നാണയങ്ങൾ മോഷ്ടിച്ചതായി കണ്ടു. കോഴിക്കോട്ട് അവർ നിക്ഷേപിച്ച ഭരണിയിൽ നിന്നും സ്വർണം ആരും മോഷ്ടിച്ചില്ല. കോഴിക്കോട്ടുകാരുടെ സത്യസന്ധതയിൽ ആകൃഷ്ടരായ അവർ സാമൂതിരി രാജാക്കന്മാരുമായി കച്ചവട ഉടമ്പടി ഉറപ്പിച്ചു. അങ്ങനെ അറേബ്യാൻ വ്യാപാരികൾ ദീർഘകാലം കോഴിക്കോടുമായി കച്ചവട ബന്ധം പുലർത്തി.

 

ഈ ഐതീഹ്യ കഥപോലെ സുന്ദരവും വർണാഭവുമാണ് കോഴിക്കോടിന്റെ ചരിത്രം. ബുദ്ധിമാന്മാരും സത്യസന്ധരുമായ സാമൂതിരി രാജാക്കന്മാരാണ് കോഴിക്കോട് എന്ന നാട്ടുരാജ്യം നൂറ്റാണ്ടുകളായി ഭരിച്ചിരുന്നത്. ഒരു പ്രകൃതിദത്ത തുറമുഖമായ കോഴിക്കോടിനെ ഒരു പ്രധാന വ്യാപാര കേന്ദ്രമായി അവർ വളർത്തി. റോമാക്കാർ, ചൈനക്കാർ, അറബികൾ എന്നിങ്ങനെ ലോകത്തിന്റെ പ്രധാന വ്യാപാര പ്രമുഖരുമായി കോഴിക്കോട് ബന്ധം നിലനിർത്തിപ്പോന്നു. പ്രശസ്തമായ സിൽക്ക് റൂട്ടിന്റെ ഭാഗമായ കോഴിക്കോട് പട്ടുവസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കറിക്കൂട്ടുകൾ, രത്നങ്ങൾ, ആനക്കൊമ്പ്, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രമായിരുന്നു. പോർട്ടുഗീസ് നാവികനായ വാസ്കോ ഡാ ഗാമ 1498 മെയ് 27ന് കാലുകുത്തിയ കാപ്പാട് ബീച്ച് കോഴിക്കോട്ടാണ്.

 

പ്രധാന സന്ദർശന സ്ഥലങ്ങൾ

കോഴിക്കോട് നഗരം വികസിച്ചുവന്നത് സാമൂതിരി രാജാക്കന്മാരുടെ കോട്ടയും കൊട്ടാരവും അടങ്ങുന്ന മാനാഞ്ചിറ ചത്വരം (മാനവിക്രമൻ ചിറ) കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണ്. കോട്ടയുടെ ഏതാണ്ട് മധ്യഭാഗത്തായി മാനാഞ്ചിറ ടാങ്ക് എന്ന് വിളിക്കുന്ന നീന്തൽകുളമുണ്ട്. രാജകുടുംബത്തിലുള്ളവർ മാത്രം കുളിക്കുവാൻ ഉപയോഗിച്ചിരുന്നതാണ് ഇത്. സമീപകാലത്ത് ഈ ചത്വരം നവീകരിക്കുകയുണ്ടായി. അതിൽ കോമൺവെൽത്ത് ട്രസ്റ്റ് ഹാൻഡ്‌ലൂം ഫാക്ടറി (കോംട്രസ്റ്), ടൌൺ ഹാൾ, പബ്ലിക് ലൈബ്രറി, സി എസ് ഐ ദേവാലയം, പട്ടാളം മോസ്‌ക്, ലളിതകലാ അക്കാദമി ഹാൾ എന്നിവയുണ്ട്. സുന്ദരമായ ഉദ്യാനങ്ങൾ സ്ക്വയറിനെ കൂടുതൽ മനോഹരമാക്കുന്നു.അടുത്തുതന്നെ മാപ്പിളമാരുടെ സെറ്റിൽമെന്റായ കുറ്റിച്ചിറയും ചില പ്രശസ്തമായ മോസ്‌കുകളും ഉണ്ട്. മിശ്കാൽ മോസ്‌ക്, ജമാഅത് പള്ളി മോസ്‌ക്, മുക്കണ്ടിപള്ളി മോസ്‌ക് എന്നിവ ഉദാഹരണങ്ങളാണ്.

  • മാനാഞ്ചിറ സ്ക്വയറിൽനിന്നും പുറപ്പെട്ടാൽ മിട്ടായിതെരുവിലെത്താം. ഇത് കേരളത്തിലെ ഏറ്റവും വലിയ മധുരപലഹാര വ്യാപാരകേന്ദ്രമാണ്. എല്ലാ കടയിലും പ്രശസ്തമായ കോഴിക്കോടൻ ഹൽവ കിട്ടുന്നു. തത്സമയം വറത്തുകൊറിയ ചൂടൻ ഏത്തക്ക ഉപ്പേരിയും ഇവിടെ ലഭിക്കുന്നു.
  • പാളയം ചന്തവഴിക്കാണ്‌ പ്രശസ്തമായ മൊഹിയുദീൻ പള്ളിയിലേക്ക് പ്രവേശിക്കുന്നത്. സാമൂതിരിമാർ പണികഴിപ്പിച്ച തളിക്ഷേത്രം ഇവിടെയാണ്. ചരിത്ര പ്രസിദ്ധമായ രേവതി പട്ടത്താനം വാർഷിക ചടങ്ങുകൾ നടന്നുവന്നത് ഇവിടെയാണ്. വിശിഷ്ടമായ തടിയിൽ കടഞ്ഞെടുത്ത പാർവതി വിഗ്രഹം പ്രതിഷ്ഠയായ വളയനാട് ദേവി ക്ഷേത്രം ഇവിടെയാണ്.
  • കോഴിക്കോട് ബീച്ച് മനോഹരമാണ്. ഇവിടെ സൂര്യാസ്തമയം ദർശിക്കുന്നത് അനിർവചനീയമായ നിർവൃതിയാണ്. ഇവിടെയുള്ള കടൽ തൂണുകളും ലൈറ്ഹൗസും സ്വപ്നതുല്യമായ ലോകത്ത് നിങ്ങളെ എത്തിക്കും.
  • നഗരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ മാറി പഴശ്ശിരാജാ മ്യൂസിയം സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള അപൂർവ നാണയ ശേഖരവും ഓട്ടു ശില്പങ്ങളും ചുവർ ചിത്രങ്ങളും മ്യൂറലുകളും ലോകശ്രദ്ധ ആകർഷിച്ചവയാണ്.
  • നഗരത്തിലെ ആർട്ട് ഗാലറി രാജാ രവിവർമ്മയുടെയും അദ്ധേഹത്തിന്റെ സഹോദരൻ രാജരാജ വർമ്മയുടെയും മൗലിക രചനകൾകൊണ്ട് സമ്പന്നമാണ്.
  • നഗരത്തിലെ വി കെ കൃഷ്ണമേനോൻ മ്യൂസിയം പ്രശസ്ത നയതന്ത്രജ്ഞനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന വി കെ കൃഷ്ണമേനോന്റെ സ്വകാര്യ ശേഖരവും അംഗീകാര പത്രങ്ങളും സമ്മാനങ്ങളും സൂക്ഷിച്ചു വച്ചിരിക്കുന്നു.
  • ബേപ്പൂർ ഹാർബർ നഗരത്തിൽനിന്ന് 10 കിലോമീറ്റര് ദൂരെയാണ്. രാജകീയ ഉരു നിർമാണത്തിന് പ്രശസ്തമായ ഈ തുറമുഖത്ത് ഇന്നും നൗകകൾ നിർമിച്ചുകൊണ്ടിരിക്കുന്നു. ചാലിയാറിന്റെ തീരത്ത് മൽസ്യബന്ധന തുറമുഖം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ കപ്പൽ നിർമാണ വിദഗ്ധരുടെ സ്ഥലമാണ്.
  • 1498 ൽ വാസ്കോ ഡാ ഗാമാ പ്രവേശിച്ച കാപ്പാട് കടപ്പുറം നഗരത്തിൽനിന്നും 16 കിലോമീറ്റർ അകലെയാണ്. ആ ചരിത്ര സംഭവത്തിന്റെ ഒരു സ്മാരകം ഇവിടെയുണ്ട്.