ഹവാ മഹൽ (ജയ്‌പൂർ)
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന് 33 ജില്ലകളുണ്ട്. തലസ്ഥാനം ജയ്‌പൂർ ആണ്. രാജസ്ഥാനിൽ ഉടനീളം വ്യാപിച്ചു കിടക്കുന്ന ആരാവലി പർവത നിരകളുടെ ഏറ്റവും ഉയർന്ന ഭാഗം രാജസ്ഥാനിലെ മൗണ്ട് അബു ആണ്. താർ മരുഭൂമിയുടെ പ്രധാന ഭാഗം രാജസ്ഥാനിൽ ആണ്.

ജുനഗഡ് ഫോർട്ട് (ബിക്കാനെർ)
രാജസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥ മുഖ്യമായും കൃഷിയിലും കാലിമേയ്ക്കലിലും അധിഷ്ടിതമാണ്. കരിമ്പ്, എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ, പരുത്തി, എന്നിവയാണ് ഈ മേഖലയിലെ പ്രധാന വിളകൾ.
സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ ജില്ലകളെ ജലസേചനം ചെയ്യുവാൻ ഇന്ദിരാ ഗാന്ധി കനാലിൽ നിന്നുള്ള ജലം ഉപയോഗിക്കുന്നു.
രാജസ്ഥാൻ ഖനികളുടെ നാടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാർബിൾ, ചുണ്ണാമ്പുകല്ല് ഖനികൾ ഈ പ്രദേശത്താണ്. ജോധ്പുരിനടുത്തു മക്രാനയിലാണ് ഖനികൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത്. സംബർ പ്രദേശത്തു ഉപ്പ് ഖനികളും ഖേത്രി, ദരിബ എന്നീ സ്ഥലങ്ങളിൽ ചെമ്പു ഖനികളും ഉണ്ട്.

ആംബർ ഫോർട്ട്
രാജസ്ഥാന്റെ രാജപരമ്പരകളുടെ വീരേതിഹാസവും പാരമ്പര്യവും മഹത്തായ ചരിത്രവും വന്യമായ മരുഭംഗിയും ചേർന്ന് സംസ്ഥാനത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. നിരവധി പുരാതനവും അവഗണിക്കപ്പെട്ടതുമായ കൊട്ടാരങ്ങൾ നവീകരിച്ച് ഹെറിറ്റേജ് ഹോട്ടലുകൾ ആക്കിയിരിക്കുന്നു. ജയ്‌പൂരിലെ കൊട്ടാരങ്ങൾ, ഉദയ്‌പൂരിലെ തടാകങ്ങൾ, ബിക്കാനീരിലെ ക്ഷേത്രങ്ങൾ, ജയ്സാൽമറിലെ മരു കോട്ടകൾ എന്നിവ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഒഴിവുകാല വിനോദ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തെ ഏക മലമ്പ്രദേശ സുഖവാസ കേന്ദ്രം മൗണ്ട് അബുവാണ്.
രാജസ്ഥാൻ ഭൂമിശാസ്ത്രം
രാജസ്ഥാന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വരണ്ടതും ഫലപുഷ്ടി ഇല്ലാത്തതുമാണ്. താർ മരുഭൂമി (ദി ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്) ഉൾപ്പെടുന്നതാണ് ഈ പ്രദേശം. കുന്നിൻപ്രദേശങ്ങളുള്ള തെക്കുപടിഞ്ഞാറൻ പ്രദേശം കുറച്ചുകൂടി നനവുള്ളതും ഫലഭുയിഷ്ടവുമാണ്. ശൈത്യകാലത്ത് സംസ്ഥാനത്തെ ശരാശരി കുറഞ്ഞ താപനില 8° C മുതൽ 28° C വരെ (46° to 82° F) ആണെങ്കിൽ ഉഷ്ണകാലത്ത് 25° മുതൽ 46° C (77° മുതൽ 115° F) ആണ്. മഴയുടെ ലഭ്യതയും വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമാണ്, മരുഭൂ പ്രദേശത്തു 10 സെന്റിമീറ്റർ ശരാശരി. സംസ്ഥാനത്ത് ശരാശരി 65 സെന്റിമീറ്റർ മഴ ലഭിക്കുന്നു.
രാജസ്ഥാനിലെ ജനങ്ങൾ
2011 സെൻസസ് അനുസരിച്ച് രാജസ്ഥാനത്തിലെ മൊത്തം ജനസംഖ്യ 6,85,48,437 ആണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 21.44% ജനസംഖ്യാ വളർച്ചയുണ്ടായി. സ്ത്രീ പുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 926 സ്ത്രീകൾ എന്നതാണ്. ജയ്‌പൂർ, ജോധ്പുർ, കോട്ട എന്നിവയാണ് രാജസ്ഥാനിലെ പ്രധാന നഗരങ്ങ. സംസ്ഥാനത്ത് 33 ജില്ലകൾ ഉണ്ട്.
രാജസ്ഥാനി സമൂഹവും സംസ്കാരവും
ജനസംഖ്യയിൽ ഒരു ചെറിയ ശതമാനം ആണെങ്കിലും രാജ്‌പുത് വിഭാഗക്കാർ രാജസ്ഥാനിൽ ഒരു നിർണായക ശക്തിയാണ്. അസാമാന്യ ധീരന്മാരും ബലിഷ്ഠരുമായ അവർ തങ്ങളുടെ പൂർവികരുടെ യോദ്ധാ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. ഭ്രാഹ്മണരിൽ നിരവധി ഉപവിഭാഗങ്ങളുണ്ട്. വണിക സമുദായമായ മഹാജൻ വിഭാഗക്കാരിലും നിരവധി ഉപ വിഭാഗങ്ങളുണ്ട്. ഇവരിൽ ഹിന്ദുക്കളും ജൈനമത വിശ്വാസികളുമുണ്ട്. വടക്കും പടിഞ്ഞാറും പ്രദേശങ്ങളിൽ ജാട്ടുകളും ഗുജ്ജറുകളുമാണ് കർഷക സമൂഹങ്ങളിൽ പ്രധാനികൾ.
ആൾവാർ, ജയ്‌പൂർ, ഭരത്പൂർ, ധോൽപൂർ എന്നീ പ്രദേശങ്ങളിലെ ആദിമ ജനവിഭാഗങ്ങളായ മിണകളും (മേവാടികൾ) ബൻജാരകൾ എന്നിവർ യഥാക്രമം നാടോടികളായ കച്ചവടക്കാരും പ്രത്യേക തൊഴിലുകളിൽ പ്രാവീണ്യമുള്ളവരുമാണ്. മറ്റൊരു നാടോടി ഗോത്രമായ ഗഡിയ ലോഹർ വിഭാഗം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് കാർഷിക ഉപകരണങ്ങളും വീട്ടു സാധനങ്ങളും നന്നാക്കുന്നു. ഒരു പുരാതന ഗോത്രമായ ഭില്ലുകൾ ഭിൽവാര, ചിറ്റോർഗഡ്. ഡുംഗർപുർ, ബാംശ്വര, ഉദയ്‌പുർ, സിറോഹി എന്നീ ജില്ലകളിൽ ജീവിക്കുന്നു. ഇവർ അമ്പെയ്ത്ത് വിദ്യക്ക് വിദഗ്ധരാണ്. മേവാഡ് പ്രദേശത്തെ ഗ്രസിയ ട്രൈബുകളും കൊത്താടി നാടോടികളും മറ്റൊരു ഗോത്ര വിഭ ഗങ്ങളാണ്. കന്നുകാലി വളർത്തൽ പ്രധാന തൊഴിലായി സ്വീകരിച്ചിരിക്കുന്ന സാഹാരിയാ വിഭാഗങ്ങൾ കോട്ട ജില്ലയിലും റാബാദികൾ മേവാഡ് ജില്ലയിലും ജീവിക്കുന്നു.
രാജസ്ഥാനിലെ ഉത്സവങ്ങൾ
ഗാന്ഗുർ വസന്തകാല മേള മാർച്ച് അവസാനവും -ഏപ്രിൽ ആദ്യവാരവും, ആഗസ്റ്റിൽ നടക്കുന്ന റ്റീജ് മേള എന്നിവ രാജസ്ഥാനിലെ പ്രധാന മേളകളാണ്. പുഷ്കർ കന്നുകാലി-ഒട്ടക വ്യാപാര മേള, ബിക്കാനീറിലെ കൂലിയാത് മേള എന്നിവ നവംബർ മാസത്തിലും ജൈസൽമേർ മരുഭൂ ഉത്സവം ഫെബ്രുവരിയിലും നടത്തുന്നു.