മഹാരാഷ്ട്ര സംസ്ഥാനം

gateway-of-india

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര വലിപ്പത്തിൽ രാജ്യത്ത് മൂന്നാമത്തെ വലിയ സംസ്ഥാനവും ജനസംഖ്യയിൽ രണ്ടാമത്തെ സംസ്ഥാനവുമാണ്. പടിഞ്ഞാറ് അറബിക്കടലും വടക്കുപടിഞ്ഞാറ്‌ ഗുജറാത്ത് സംസ്ഥാനവും മധ്യപ്രദേശും തെക്ക് കർണാടകയും ച്ഛത്തിസ്ഗഡും തെലങ്കാനയും കിഴക്കും അതിരുകളുള്ള മഹാരാഷ്ട്രക്ക് 3,07,713 .കി.മീറ്റർ വിസ്തീര്ണമുണ്ട്.

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈ ആണ് മഹാരാഷ്ട്രയുടെ തലസ്ഥാനം. വ്യവസായികമായും കൃഷിയിലും താരതമ്യേന വികസിത സംസ്ഥാനമായ മഹാരാഷ്ട്ര രാജ്യത്തിൻറെ വ്യാവസായിക ഉല്പന്നത്തിന്റെ 15 ശതമാനവും ജി ഡി പി യുടെ 14 ശതമാനവും ഉല്പാദിപ്പിക്കുന്നു. സംസ്ഥാനത്ത് നിരവധി വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉണ്ട്. പ്രൊജക്റ്റ് ടൈഗർ പദ്ധതിക്ക് മികച്ച സംഭാവനയാണ് മഹാരാഷ്ട്ര നൽകുന്നത്.

chowpaty

ചൗപ്പാട്ടി

കാലാവസ്ഥാ പരമായി ഉഷ്ണമേഖലാ മൺസൂൺ മേഖലയായ മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളിൽ 40സെ.മീറ്റർ മുതൽ 600 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്നു. വാർഷിക ശരാശരി താപനില 25 ഡിഗ്രി സെൻഷ്യസിനും 27 നും മദ്ധ്യേ ആണ്.

സംസ്ഥാനത്ത് 48 ലോക്സഭാ നിയോജക മണ്ഡലങ്ങളും 19 രാജ്യസഭാ മണ്ഡലങ്ങളും ഉണ്ട്.

 

മഹാരാഷ്ട്രാ ഭൂമിശാസ്ത്രം

ഡെക്കാൻ പീഠഭൂമിയൂടെ പ്രധാന വിഭാഗം മഹാരാഷ്ട്രയിലാണ്. പശ്ചിമഘട്ട മലനിരകൾ (സഹ്യാദ്രി കുന്നുകൾ) മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ നട്ടെല്ലായി നിൽക്കുന്നു. പശ്ചിമഘട്ടത്തിനു പടിഞ്ഞാറുവശം കൊങ്കൺ തീരദേശ സമ്മതലമാണ്. കൽസുബൈ കൊടുമുടിയാണ് സഹ്യാദ്രിയിലെ ഏറ്റവും വലിയ കുന്ന്. വടക്കുഭാഗത്ത് സത്പുര കുന്നുകളും കിഴക്ക് ചിറോളി ബരാഗഡ് ഗൈഖൂരി മലനിരകളും മഹാരാഷ്ട്രയുടെ പ്രകൃതിദത്ത സംരക്ഷണ ഭിത്തികളാണ്.  

ഗോദാവരി, കൃഷ്ണ, താപി എന്നിവയാണ് മഹാരാഷ്ട്രയിലെ പ്രധാന നദികൾ. ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് മഹാരാഷ്ട്രയുടേത്. കൃത്യമായ മൂന്നു സീസണുകൾ ചൂടും ആവിയുമുള്ള വേനല്ക്കാലവും നല്ല തണുപ്പും കുളിര്കാറ്റുമുള്ള ശീതകാലവും, ശക്തിയായി പെയ്യുന്ന മഴക്കാലവും സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്. മൺസൂൺകാലം കൊങ്കൺ മേഖലയിൽ ശക്തിയായ മഴ പെയ്യുമ്പോൾ മറ്റു പ്രദേശങ്ങളിൽ മിതമായി മഴ പെയ്യുന്നു. സംസ്ഥാനത്തിന്റെ 17%-20% ഭൂവിസ്തൃതി പ്രകൃതിദത്ത കുറ്റിക്കാടുകളും കണ്ടൽ വനങ്ങളും കൊണ്ടു നിറഞ്ഞതാണ്. നിത്യഹരിത വനങ്ങളും ഇലപൊഴിക്കും വനങ്ങളും വിവിധ സ്ഥലങ്ങളിൽ വളരുന്നു. സംസ്ഥാനത്തെ മണ്ണ് മിക്കവാറും എക്കൽ നിറഞ്ഞ, പശിമയുള്ള കറുത്ത മണ്ണാണ്.