ഹിമാചൽ പ്രദേശ് ഭൂപടം

ഹിമാചൽ പ്രദേശ് ഭൂപടം

ഹിമാചൽ പ്രദേശ് ഭൂപടം
* Himachal Pradesh state map in Malayalam

ഹിമാചൽ പ്രദേശ്  ഭൂപടം (Himachal Pradesh Map in Malayalam)

 

ഇന്ത്യയുടെ വടക്കുഭാഗത്ത് ഹിമാലയ പർവത നിരകളോട് ചേർന്നു കിടക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. പേര് സൂചിപ്പിക്കുന്നതുപോലെ മിക്കവാറും മഞ്ഞു പുതച്ച സംസ്ഥാനമാണ് ഹിമാചൽ. വടക്കും വടക്കുപടിഞ്ഞാറുമായി ജമ്മു കാശ്മീർ, തെക്കുപടിഞ്ഞാറ് പഞ്ചാബ്, തെക്ക് ഹരിയാനയും ഉത്തർ പ്രദേശും, തെക്കുകിഴക്കായി ഉത്തരാഞ്ചൽ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു. മൊത്തം 55,653 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം ഷിംലയാണ്. ധർമശാല, കാംഗ്ര, മണാലി, കുളു, ചമ്പ, ഹാമിർപുർ, ഡെൽഹൗസി, മണാലി എന്നിവയാണ് മറ്റു നഗരങ്ങൾ.

 

ഹിമാചൽ സംസ്ഥാനത്തിന്റെ അഭിമാനമായി നിൽക്കുന്ന അത്യാകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രധാന സംഭാവന നൽകുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വൈദ്യുതി മിച്ച സംസ്ഥാനമാണ് ഹിമാചൽ. നിരവധി ജല വൈദ്യുത പദ്ധതികളാണ് ഇതിനു സഹായിക്കുന്നത്. കൃഷിയാണ് മറ്റൊരു പ്രധാന വരുമാന സ്രോതസ്.

 

1950 ൽ ഹിമാചൽ പ്രദേശ് ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ 1971 ൽ പ്രത്യേക നിയമ നിർമാണം വഴി ഈ പ്രദേശത്തെ ഇന്ത്യയുടെ പതിനെട്ടാമത്തെ സംസ്ഥാനമായി പ്രഖ്യാപിച്ചു. പ്രമുഖ സംസ്‌കൃത പണ്ഡിതനായ ആചാര്യ ദിവാകർ ശർമയാണ് 'മഞ്ഞു' പുതച്ച ഭൂമി എന്നർത്ഥമുള്ള ഹിമാചൽ പ്രദേശ് എന്ന പേര് നൽകിയത്.

 

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഒരു സംസ്ഥാനമാണ് ഹിമാചൽ. പഞ്ചാബ്, ഡൽഹി,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്ക് വൻതോതിൽ വൈദ്യുതി വിൽക്കുന്നു. ടൂറിസം, ജലവൈദ്യുത പദ്ധതികൾ, കൃഷി എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ. തലസ്ഥാന നഗരമായ ഷിംല ബ്രിട്ടീഷ് കാലത്ത് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു.

 

ഹിമാചൽ പ്രാദേശിന്‌ പന്ത്രണ്ട് ജില്ലകളാണുള്ളത്. അവയുടെ പേര് ചുവടെ ചേർക്കുന്നു.

   
ബിലാസ്‌പുർ ലാഹുൽ-സ്പിറ്റി
ചമ്പ മണ്ഡി
ഹാമിർപുർ ഷിംല
കാംഗ്ര സിർമൗർ
കിന്നോർ സോളൻ
കുളു ഉന

ഓരോ ജില്ലയുടെയും ഉന്നത സിവിൽ അധികാരി ജില്ലാ കളക്ടർ/ ജില്ലാ മജിസ്‌ട്രേറ്റ് ആണ്. ഭരണപരമായ സൗകര്യത്തിനായി ജില്ലയെ സബ് ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആണ് സബ് ഡിവിഷന്റെ അധികാരി. സബ് ഡിവിഷനുകളിൽ ഗ്രാമ പഞ്ചായത്തുകളും ടൌൺ മുനിസിപ്പാലിറ്റികളും ഉൾപ്പെട്ടിരിക്കുന്നു. ജില്ലകളുടെ ക്രമ സമാധാന വിഷയങ്ങൾ ജില്ലാ പോലീസ് സൂപ്രണ്ടാണ് കൈകാര്യം ചെയ്യുന്നത്. ഹിമാചൽ പ്രദേശ് ഒരു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രവും നിരവധി പുണ്യ സ്ഥലങ്ങളുമുള്ള സംസ്ഥാനവുമാണ്. ക്ഷേത്രങ്ങളും ക്ഷേത്ര ശില്പകലയും ടൂറിസ്റ്റുകളെ നന്നായി ആകർഷിക്കുന്നു. ചില പ്രധാന ക്ഷേത്രങ്ങളുടെ പേര് താഴെ ചേർക്കുന്നു.

  • നയനാ ദേവി
  • ജവാൾമുഖി
  • മാതാ ചിന്തപൂരിണി
  • ബൈജ്‌നാഥ്‌
  • ലക്ഷ്മി നാരായൺ ക്ഷേത്രം
  • ബാബ ബാലക് നാഥ് ക്ഷേത്രം
  • ബിജിലി മഹാദേവ
  • ഹഡിംബ ക്ഷേത്രം
  • രേണുക് ജി ക്ഷേത്രം

 

 

ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ

 
തലസ്ഥാനം ഷിംല
നിലവിൽ വന്ന ദിവസം 1971 ജനുവരി 25
ഗവർണർ വീരഭദ്ര സിംഗ്
മുഖ്യമന്ത്രി പ്രേം കുമാർ ധൂമാൽ
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഷിംല, കുളു, മനാലി, ധർമശാല
ആഘോഷങ്ങൾ പോരി, ഭുലൈച്ച
നൃത്ത-സംഗീത രൂപങ്ങൾ മാല നൃത്തം, രാക്ഷസ നൃത്തം
കലയും കരകൗശല വിദ്യകളും പഹാഡി വര്ണചിത്ര രചന, കുളു ഷാളുകൾ, കമ്പിളി തൊപ്പികൾ, കാംഗ്ര സ്റ്റൈൽ എംബ്രോയിഡറിയോടുകൂടിയ ചമ്പ തൂവാലകൾ.
ഭാഷകൾ ഹിന്ദി, പഞ്ചാബി, കിന്നോരീ, പഹാഡി
വിസ്തീർണം 55,673 ച.കി.മീ.
ജനസംഖ്യ 6864602
നദികൾ രവി, ബിയാസ്, ചെനാബ്, സത്‌ലജ്, യമുന
വനങ്ങളും വന്യജീവി സങ്കേതങ്ങളും പൈൻവാലി ദേശീയോദ്യാനം, ഗ്രേറ്റർ ഹിമാലയൻ ദേശീയോദ്യാനം, വന്യജീവി സങ്കേതം, ചൈൽ വന്യജീവി സങ്കേതം, കാലറ്റോപ്പ് ഖാജ്ജാർ വന്യജീവി സങ്കേതം
സംസ്ഥാന മൃഗം ഹിമ കടുവ
സംസ്ഥാന പക്ഷി പടിഞ്ഞാറൻ ചകോരം (ചെമ്പോത്ത്)
സംസ്ഥാന പുഷ്പം കാട്ടു പൂവരശ്
സംസ്ഥാന വൃക്ഷം ദേവതാരം
പ്രധാന വിളകൾ ഗോതമ്പ്, നെല്ല്, പഴങ്ങൾ, ബാർലി
ജില്ലകൾ 12