ഹരിയാന ഭൂപടം

ഹരിയാന ഭൂപടം

ഹരിയാന ഭൂപടം
* Haryana state map in Malayalam

ഹരിയാന സംസ്ഥാന ഭൂപടം (Haryana map in Malayalam)

ഹരിയാന ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനമാണ്. തെക്കും പടിഞ്ഞാറും രാജസ്ഥാനും വടക്ക് ഹിമാചൽ പ്രദേശും പഞ്ചാബും കിഴക്ക് ദേശിയ തലസ്ഥാന നഗരമായ ഡൽഹിയും ഉത്തർ പ്രദേശും ഹരിയാന സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. ഒരു കേന്ദ്രഭരണ പ്രദേശവും പഞ്ചാബിന്റെ കൂടി തലസ്ഥാനവുമായ ചണ്ഡീഗഢ് ആണ് ഹരിയാനയുടെ തലസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരം ഫരീദാബാദ് ആണ്. രാജ്യ തലസ്ഥാന മേഖലയിൽ ഉൾപ്പെടുത്തി ഹരിയാനയിലെ വിവിധ ജില്ലകൾ വ്യാവസായിക നഗരങ്ങളായി വികസിച്ചു വരുന്നു. ഗുഡ്‌ഗാവ് അതിൽ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ്. 1966 നവംബർ ഒന്നിനാണ് ഹരിയാന സംസ്ഥാനം നിലവിൽ വന്നത്.

 

ഹരിയാന - വ്യാപ്തിയും ജനസംഖ്യയും

ഭൂവിസ്തൃതിയിൽ 20 ആം സ്ഥാനമുള്ള സംസ്ഥാനത്തിന് മൊത്തം 44,412 ചതുരശ്ര കിലോമീറ്റർ വിസ്തീര്ണമുണ്ട്. 2011 ലെ സെൻസസ് കണക്കു പ്രകാരം ഹരിയാനയിൽ 25,353,081 ജനങ്ങൾ വസിക്കുന്നു. ഇന്ത്യയിലെ 16-മത്തെ ജനസംഖ്യയുള്ള സംസ്ഥാനമാണ്. ചതുരശ്ര കിലോമീറ്ററിന് 1485.212 ജന സാന്ദ്രതയുണ്ട്.

 

ഹരിയാനയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ

കടൽതീരമോ അന്താരാഷ്ട്ര അതിർത്തിയോ ഇല്ലാത്ത ഉൾപ്രദേശ സംസ്ഥാനമാണ് ഹരിയാന. സമുദ്ര നിരപ്പിൽനിന്നും 200 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ കിടക്കുന്നതും പൊതുവെ സമതലങ്ങൾ കൂടുതലുള്ളതുമായ സംസ്‌ഥാനമാണ് ഹരിയാന. ഭൂമിശാസ്ത്രപരമായി ഹര്യാനയെ നാല് സവിശേഷ പ്രദേശങ്ങളായി തരം തിരിക്കുന്നു.

 

  • വടക്കുകിഴക്ക്‌ ശിവാലിക് പർവത പ്രദേശം
  • യമുന-ഘഘർ നദീതടം - സംസ്ഥാനത്തിന്റെ സിംഹഭാഗവും ഉൾപ്പെടുന്ന സമ്മതലം
  • തെക്കൻ ഭാഗങ്ങൾ ആരാവലി പർവത നിരകൾ
  • തെക്കുപടിഞ്ഞാറ് മണൽ നിറഞ്ഞ അർദ്ധ ഊഷര ഭൂമി

 

ഹരിയാനയിലെ നദികൾ

സംസ്ഥാനത്തെ പ്രധാന നദികൾ ഇവയാണ്: യമുന, സരസ്വതി, ഘഘർ, മാർക്കണ്ഡ, തന്ഗ്രി നദികൾ

 

ഹരിയാനയിലെ സസ്യ ജന്തു സമ്പത്ത്

 

സംസ്ഥാനത്ത് മൊത്തം 1,553 ചതുരശ്ര കിലോമീറ്റര് വനഭൂമി മാത്രമാണ് ഉള്ളത് (കേരളത്തിന് ഇത് 19,239 ച.കി.മീ. ഉണ്ട്) യൂക്കാലിപ്ട്യൂസ്, മലബാറി, കരുവേലം, പൈൻ, ബാബുൽ, ശീശാം എന്നീ വൃക്ഷങ്ങളാണ് ഈ വനങ്ങളിലുള്ളത്. വന്യമൃഗ വൈവിധ്യം നന്നായുള്ള ഈ വനങ്ങളിൽ നിൽഗായി, കൃഷ്ണമൃഗം, കുറുക്കൻ, ചെന്നായ്, കരിമ്പുലി, കീരി, കാട്ടുനായ, കഴുതപ്പുലി എന്നീ മൃഗങ്ങളുണ്ട്. 300 ഓളം പക്ഷി വര്ഗങ്ങളെയും ഹരിയാനയിൽ കാണാം.

 

ഹരിയാനയുടെ ജനസംഖ്യാപരമായ സവിശേഷതകൾ

ജനസംഖ്യയിൽ 71.4% സാക്ഷരതയുള്ള സംസ്ഥാനം ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാക്ഷരതാ റാങ്കിങ്ങിൽ 17 ആം സ്ഥാനത്താണ്. ജനസംഖ്യയുടെ 90% ഹിന്ദുക്കളും 6.2% സിഖുകാരും 4.05% മുസ്ലിംകളും 0.10% ക്രിസ്ത്യാനികളുമാണ്. ഇതിനു പുറമെ ചെറിയ സംഖ്യ ജൈനമതക്കാരും സംസ്ഥാനത്തു താമസിക്കുന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആണ്. മറ്റു സംസാര ഭാഷകൾ ഹരിയാൻവി, പഞ്ചാബി, ഇംഗ്ലീഷ്, അതിർവതി, സംസ്‌കൃതം എന്നിവയാണ്.

 

ഹരിയാനയുടെ സാമ്പത്തിക രംഗം

 

നിർമ്മാണ വ്യവസായങ്ങൾ, ഓട്ടോമൊബൈൽ വ്യവസായം എന്നിവ ശക്തമായ ഹരിയാനയുടെ പ്രധാന വ്യാവസായിക നഗരങ്ങൾ ഗുഡ്‌ഗാവ്, ഫരീദാബാദ്, റോത്തക്, സോനിപട്, പാനിപ്പത്ത്, ഹിസാർ എന്നിവയാണ്. വിവര സാങ്കേതിക വിദ്യയും ബിപിഒ വ്യവസായവും ചില്ലറ വ്യാപാരം എന്നിവയും പ്രമുഖമായുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും കൃഷിക്കാരാണ്.

 

ഹരിയാനയിലെ ജില്ലകൾ

 

ഹരിയാനയിലെ മൊത്തം 22 ജില്ലകളെ നാല് ഡിവിഷനുകളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. അവ ഇങ്ങനെയാണ്.

 

ഗുഡ്‌ഗാവ്‌ ഡിവിഷൻ

പൾവൾ, ഫരീദാബാദ്, മഹേന്ദ്രഗഡ്‌, ഗുഡ്‌ഗാവ്, മേവാട്, രേവാടി ജില്ലകൾ

 

അംബാല ഡിവിഷൻ

അംബാല, കൈതൽ, പഞ്ച്കുള, കുരുക്ഷേത്ര, യമുനാനഗർ ജില്ലകൾ

 

റോത്തക് ഡിവിഷൻ

റോത്തക്, കർണാൽ, ജജ്ജർ, പാനിപ്പത്ത്, സോനിപത് ജില്ലകൾ

 

ഹിസാർ ഡിവിഷൻ

ഹിസാർ, ഫത്തേഹാബാദ്, ഭിവാനി, ജിന്ദ്, ചർഖി ദാദ്രി, സിർസ ജില്ലകൾ

 

ഹരിയാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 

ഹരിയാനയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലവയുടെ പേര് ചുവടെ ചേർക്കുന്നു.

 

ഹരിയാന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി-ഹിസാർ, വൈ എം സി എ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, എൻ ഐ ടി കുരുക്ഷേത്ര, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി, കുരുക്ഷേത്ര യൂണിവേഴ്സിറ്റി, ദീനബന്ധു ചോട്ടു റാം യൂണിവേറിസ്റ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, മാനവ് രചന കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ദി ടെക്നോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റയിൽ സയൻസ്-ഭിവാനി, മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി റോത്തക്, ഐ ടി എം യൂണിവേഴ്സിറ്റി ഗുഡ്‌ഗാവ്, നാഷണൽ ഡയറി റിസർച്ച് ഇന്സ്ടിട്യൂട്, മാനേജ്‌മന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗുഡ്‌ഗാവ്‌.

 

ഹരിയാനയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ചുവടെ ചേർക്കുന്ന സ്ഥലങ്ങൾ ഹരിയാന സംസ്ഥാനത്തെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയാണ് .

 

കുരുക്ഷേത്ര, ചണ്ഡീഗഢ്, സുൽത്താൻപൂർ നാഷണൽ പാർക്ക്, പഞ്ച്കുള, ധുംദമ തടാകം, താലിയർ, സുരാജ്‌കുണ്ഡ്, പാനിപ്പത്ത്, ഭട്കൽ തടാകം, ബഹാദുർഗഡ്, ജ്യോതിസാഗർ, മാനേസർ, മഹേന്ദ്രഗഡ്, പാനിപ്പത്ത്, ബൻവാസാ, മോർണി കുന്നുകൾ.