
സബർമതി ആശ്രമം
"ഇതിഹാസങ്ങളുടെ നാട്" എന്ന് വിളിക്കപ്പെടുന്ന ഗുജറാത്ത് ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറേ അതിരിൽ അറബിക്കടലും പാകിസ്താനി സിന്ധ് പ്രവിശ്യയും, വടക്ക് രാജസ്ഥാനും മധ്യപ്രദേശ് സംസ്ഥാനം കിഴക്കും മഹാരാഷ്ട്ര, ദാമൻ ഡിയു, ദാദ്ര എന്നിവ തെക്കു വശത്തും അതിരുകളാണ്. ഗാന്ധിനഗറാണ് ഗുജറാത്തിന്റെ തലസ്ഥാനം. അഹമ്മദാബാദ് പ്രധാന വ്യാവസായിക നഗരമാണ്.
ഗുജറാത്ത് മഹാത്മാ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ എന്നീ ചരിത്രപുരുഷന്മാരുടെ ജന്മനാടാണ്. 1960 മെയ് ഒന്നിനാണ് സംസ്ഥാനം ഔദ്യോഗികമായി രൂപം കൊള്ളുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗുജറാത്ത് പ്രദേശം.

സൗരാഷ്ട്രയിലെ സോംനാഥ് ക്ഷേത്രം
ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുവശത്ത് സ്ഥിതിചെയ്യുന്ന ഗുജറാത്തിന് ഏതാണ്ട് 1300 കിലോമീറ്റർ കടൽ തീരമുണ്ട്. ഭൂമിശാസ്ത്രപരമായി മൂന്നു ഉപ വിഭാഗങ്ങളുണ്ട് ഗുജറാത്തിന്: വടക്കുകിഴക്ക് പാറക്കെട്ടുകൾനിറഞ്ഞ, റാൻ ഓഫ് കച്ച് എന്ന് വിളിക്കുന്ന മരുഭൂ പ്രദേശമായ കച്ച്, ഉയരം കുറഞ്ഞ മലകൾ കൊണ്ട് നിറഞ്ഞ സൗരാഷ്ട്ര, കത്യവാർ പ്രദേശം എന്നിവ. കച്ചിനും ദാമോദർഗംഗ നദിക്കും ഇടയിലുള്ള പ്രദേശം എക്കൽ നിറഞ്ഞ ഭൂമിയാണ്. വടക്കും കിഴക്കും ഭാഗങ്ങൾ ആരവല്ലി കുന്നുകൾ, സത്പുര, വിന്ധ്യ പർവത പ്രദേശങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ ഒരു പ്രധാന അംശം ഗിർ, പഞ്ചമഹാൽ, ഡാങ് എന്നീ വനഭൂമികളാൽ നിബിഡമാണ്. തെക്കൻ ഗുജറാത്തിലെ അന്തരീക്ഷം ഈർപ്പം നിറഞ്ഞതാണ്. എന്നാൽ മറ്റു സ്ഥലങ്ങളിൽ പൊതുവെ വരണ്ട അന്തരീക്ഷമാണ്.
ഗുജറാത്തിലെ ജനങ്ങൾ
ജനസംഖ്യയിൽ 89% വരുന്ന ഹിന്ദുക്കളിൽ ഭൂരിപക്ഷവും ഗുജറാത്തി ഹിന്ദുക്കളാണ്. ഇവരിൽ നിരവധി ജാതികളും ഉപജാതികളുമുണ്ട്. 9 ശതമാനം മുസ്ലിംകളും ശേഷിക്കുന്നവർ ജൈനരും ഒരു ചെറിയ വിഭാഗം ക്രിസ്ത്യാനികളും പോര്ടുഗിസ് പിന്മുറക്കാറുമുണ്ട്. പൊതുവെ ഗുജറാത്ത് സമ്പന്നമാണെങ്കിലും ദളിതരുടെയും മുസ്ലിം, മറ്റു ന്യൂനപക്ഷ സമുദായങ്ങളുടെയും ജീവിത നിലവാരം ദേശിയ ശരാശരിയിലും താഴെയാണ്. മാർവാടികളും ബിഹാറികളും ജനസംഖ്യയിൽ ഒരു വലിയ വിഭാഗമാണ്. ഭാഷാപരമായി, ഗുജറാത്തി, ഹിന്ദി, കച്ചി, സിന്ധി എന്നീ ഭാഷകളോടൊപ്പം തമിഴ്, തെലുഗ്, മലയാളി, കൊങ്കണി, ബഞ്ജാബി, ടിബറ്റൻ, നേപ്പാളി, ഒറിയ, ആസാമീസ്, ബംഗാളി എന്നീ ഭാഷകൾ സംസാരിക്കുന്ന ചെറിയ സമൂഹങ്ങളുമുണ്ട്.