
ബാഗാ ബീച്ച്
ഗോവയുടെ പ്രത്യേകതകൾ
എണ്ണമറ്റ സ്മാരകങ്ങളും വശ്യമായ പ്രകൃതി കാഴ്ചകളും ഗോവയെ ദൃശ്യ സമ്പന്നമാക്കുന്നു. നിങ്ങൾ ഒരു ചരിത്ര കുതുകിയാണെങ്കിൽ ഗോവ നിങ്ങള്ക്ക് ഒരു അഭൗമമായ അനുഭവം പകർന്നുതരും. ബസിലിക്ക ഓഫ് ബോം ജീസസ് അഥവാ സൈന്റ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് , മേരി ഇമ്മാക്കുലേറ്റ് തിരുഹൃദയ പള്ളി, രെജിസ് മാഗോസ് ചർച്, വിശുദ്ധ ആൻ ദേവാലയം, വിശുദ്ധ അഗസ്റ്റിൻ ദേവാലയം, സെന്റ് പോൾ ചർച് എന്നിവ ലോകപ്രസിദ്ധ കത്തോലിക്കാ ദേവാലയങ്ങളാണ്. ഇവ കൂടാതെ ഗോവയിൽ ദൃശ്യ സുന്ദരമായ എണ്ണമറ്റ കോട്ടകളും മ്യൂസിയങ്ങളും ഉണ്ട്.
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കു പടിഞ്ഞാറേ തീരത്താണ് ഗോവ സ്ഥിതി ചെയ്യുന്നത്. 3,702 ചതുരശ്ര കി.മീ. മാത്രം വിസ്‌തീർണമുള്ള ഈ സംസ്ഥാനം കൊളോണിയൽ കാലത്തിന്റെയും നവീന നിര്മിതിയുടെയും ഒരു ഇഴുകിച്ചേരൽ അനുഭവം നൽകുന്നു. ചരിത്ര സ്മാരകങ്ങൾ, ഭക്ഷണ രുചി വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ഗോവയിൽ വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ മനം കവരുന്ന എല്ലാമുണ്ട്. മൊത്തം തീരപ്രദേശത്തിലെ 83 ശതമാനവും ബീച്ചുകളാൽ സമ്പന്നമാണ്. ദശലക്ഷക്കണക്കിനു സഞ്ചാരികൾ എത്തുന്ന ഗോവ വിലക്കില്ലാത്ത വിനോദത്തിനു മാത്രമല്ല, ഒരു ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം കൂടിയാണ്.
ഗോവയിലെ കാലാവസ്ഥ
സുഖകരമായ മിതോഷ്ണ കാലാവസ്ഥയാണ് ഗോവയുടേത്. ട്രോപ്പിക്കൽ മേഖലും അതെ സമയം അറേബ്യൻ സമുദ്ര തീരത്തും സ്ഥിതി ചെയ്യുന്നതിനാൽ ഉഷ്ണ കാലാവസ്ഥയാണ് പൊതുവിൽ പ്രതീക്ഷിക്കേണ്ടത്. എന്നാൽ കൊങ്കൺ മലനിരകളുടെ ശക്തമായ സാന്നിധ്യവും ഗോവയിൽ സമൃദ്ധമായ വര്ഷപാതവും ഈ സംസ്ഥാനത്തെ സൗമ്യവും ഹൃദ്യവുമായ ഊഷ്മാവുള്ള ഒരു പ്രദേശമാക്കുന്നു. ഇവിടെ കഠിനമായ ഉഷ്ണകാലമോ അതിശൈത്യ കാലമോ ഇല്ല. ലോകത്തിന്റെയും ഇന്ത്യയുടേയും പല ഭാഗങ്ങളിൻലിന്നും ശൈത്യകാലം ആസ്വദിക്കാൻ ആളുകൾ കൂട്ടത്തോടെ ഗോവയിലേക്ക് വരുന്നു. ഇതിനു പുറമെ മൺസൂൺ കാലവും ഗോവയിൽ ആസ്വദിക്കാൻ സഞ്ചാരികൾ എത്തുന്നു. ഏതെല്ലാം ചേർന്ന് വർഷത്തിന്റെ മിക്ക മാസങ്ങളിലും ഗോവയിൽ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു. ഉഷ്ണകാല ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നതിനാൽ ഒഴിവാക്കേണ്ട ഏക മാസം മെയ് മാത്രമാണ്. ലോകോത്തര നിലവാരമുള്ള ബീച്ചുകളുടെ കേന്ദ്രമായ ഗോവയുടെ പേര് ഇന്ത്യയിൽ ബീച്ചുകളുടെ പര്യായമായിട്ടുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ സൂര്യരശ്മികൾ തഴുകുന്ന തീരങ്ങളാണ് ഗോവ ബീച്ചുകളുടെ ഏറ്റവും വലിയ സൗന്ദര്യം.

കാബോ ദാ റമ ഫോർട്ട്
ഗോവയുടെ ചരിത്രം ഒറ്റ നോട്ടത്തിൽ
സുദീർഘമായ നാലര നൂറ്റാണ്ടുകാലം സാമ്രാജ്യ വാഴ്ചക്കുകീഴിൽ കഴിഞ്ഞ പ്രദേശമാണ് ഗോവ. ക്രിസ്ത്വബ്ദം മൂന്നാം നൂറ്റാണ്ടു മുതൽ രേഖപ്പെടുത്തപ്പെട്ട ചരിത്രമുള്ള ഗോവ ഒരിക്കൽ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ശതവാഹനന്മാരും ചാലുക്യരും ശിഹാര, കാദംബ രാജാക്കന്മാരും ഭരിച്ചു. 1312 മുതൽ ഗോവ മുഗൾ ഭരണത്തിന് കീഴിലാവുകയും 1510ൽ പോർച്ചുഗീസുകാർ ഇവിടെ അധികാരം സ്ഥാപിക്കുകയും ചെയ്തു. 1962ൽ സ്വതന്ത്രമായി ഇന്ത്യയിൽ ചേർക്കപ്പെട്ട ഗോവ 1987ൽ ഇന്ത്യയുടെ ഒരു സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.
ടൂറിസം ഗോവയിൽ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന സംസ്ഥാനമാണ് ഗോവ. രാജ്യത്തെ ടൂറിസ്റ്റ് ഭൂപടത്തിൽ ഒന്നാം സ്ഥാനത്തുള്ള ഗോവയിൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി പതിനായിരക്കണക്കിന് ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു. ടൂറിസ്റ്റുകളുടെ സൗകര്യത്തിനായി ഇവിടെ നിരവധി ആഡംബര ഹോട്ടലുകളും ചെലവുകുറഞ്ഞ ഹോട്ടലുകളും ഉണ്ട്. മിക്ക ഹോട്ടലുകളും മനോഹരമായ ദൃശ്യഭംഗി നൽകിക്കൊണ്ട് പ്രധാന ബീച്ചുകളോട് ചേർന്നാവും സ്ഥിതിചെയ്യുന്നത്. പാർക്ക് ഹ് യാത്ത് ഗോവ, അലസിന റിസോർട് ഹോട്ടൽ പാർക്ക് പ്ലാസ, ദി മജെസ്റ്റിക് ഹോട്ടൽസ്, കോക്കനട്ട് ഗ്രോവ് ഹോട്ടൽ ഗോവ, ലീല ബീച്ച് ഗോവ എന്നിവയാണ് ചില വിശ്വപ്രസിദ്ധ ഹോട്ടലുകൾ.

ഔവർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കോൺസെപ്ഷൻ ചർച്ച്
ഗതാഗത സൗകര്യങ്ങൾ
വിവിധ ഇന്ത്യൻ നഗരങ്ങളിൽനിന്നും ഗോവയിലേക്ക് യാത്രചെയ്യാൻ വളരെ സുഗമമാണ്. ദേശിയ പാതകളുൾപ്പടെ വിശാലമായ റോഡ് ശൃംഘലയാൽ ഗോവ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു ഗോവയ്ക്ക് മെച്ചപ്പെട്ട നിലവാരമുള്ള റോഡുകളുണ്ട്. കൂടാതെ ഗോവക്ക് അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ ശൃംഘലയുമുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, പുണെ, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, ജയ്‌പൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നും മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും റെയിൽ ഗതാഗത സൗകര്യമുണ്ട്.
ഗോവയുടെ തലസ്ഥാനം പനാജി ആണ്. ഗോവയിലെ നഗരങ്ങളിൽവച്ച് വിസ്തീർണത്തിൽ മൂന്നാം സ്ഥാനത്തുള്ള പനാജി ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണ്. ഇവിടെ 114,75 ജനങ്ങൾ വസിക്കുന്നു. വലിപ്പത്തിൽ ഏറ്റവും വലിയ നഗരമായ വാസ്കോ ഡാ ഗാമ പടിഞ്ഞാറൻ മോർമോഗാവ് ഉപദ്വീപിൽ സ്ഥിതിചെയ്യുന്നു. വിശ്വപ്രശസ്ത പോർട്ടുഗീസ് നാവികനായ വാസ്കോ ഡാ ഗാമയുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഈ നഗരത്തിന് 1543 മുതൽക്കുള്ള ചരിത്രമുണ്ട്. തെക്കൻ ഗോവയിൽനിന്ന് പനാജിയിലേക്കുള്ള ദൂരം 30 കിലോമീറ്റർ ആണ്. നിരവധി കപ്പലുകൾ വന്നുചേരുന്ന ഒരു പ്രധാന വാണിജ്യ തുറമുഖമാണ് വാസ്കോ ഡാ ഗാമ.