മണിപ്പൂർ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണ്. ഇംഫൽ മണിപ്പൂരിന്റെ തലസ്ഥാന നഗരമാണ്. കുക്കി, നാഗാ, പങ്ങൾ, മിസോ എന്നിങ്ങനെ തനതു സംസ്കാരങ്ങൾ നിലനിർത്തുകയും വിവിധ ഭാഷകൾ സംസാരിക്കുകയും ചെയ്യുന്ന ജനങ്ങൾ മണിപ്പൂരിൽ ജീവിക്കുന്നു.

ഉഖ്റുൽ പട്ടണം
മണിപ്പൂരിന്റെ വടക്കുഭാഗം നാഗാലാൻഡും തെക്ക് മിസോറാമും പടിഞ്ഞാറ് ആസാം സംസ്ഥാനവും കിഴക്ക് മ്യാൻമർ രാജ്യവും അതിരുകൾ ആണ്. മണിപ്പൂരിന്റെ വിസ്തീർണം 22,347 ചതുരശ്ര കിലോമീറ്റര് ആണ്.
ബിഷ്ണുപൂർ, ചന്ദേൽ, ചുരാചന്ദ്പുർ, ഇംഫൽ ഈസ്റ്റ്, ഇംഫൽ വെസ്റ്റ്, സേനാപതി, തമെങ്ലോങ്ങ്, തൗബൽ, ഉഖ്റുൽ എന്നിങ്ങനെ ഏഴു ജില്ലകൾ മണിപ്പൂർ സംസ്ഥാനത്തിനുണ്ട്.

ഇംഫൽ കാഴ്ച ബംഗ്ലാവിലെ മാനുകൾ
അല്പം ചരിത്രം
1891ലെ ആംഗ്ലോ മണിപ്പൂരി യുദ്ധത്തിനുശേഷമാണ് മണിപ്പുർ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ വന്നത്. പ്രസ്തുത യുദ്ധത്തിൽ ജീവൻ ബലികൊടുത്ത നിരവധി വീരപുരുഷന്മാർ ഉണ്ട്. തെകേന്ദ്രജിത് രാജകുമാരനെയും ജനറൽ തങ്കളിനെയും ബ്രിട്ടീഷ് പട്ടാളം ഇംഫൽ പിടിച്ചതിനുശേഷം തൂക്കിക്കൊന്നു. 1947ൽ സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം മണിപ്പൂർ ഭരണഘടനാ ആക്ട് വഴി മണിപ്പുരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുകയായിരുന്നു. 1972 ലാണ് മണിപ്പൂരിന് സമ്പൂർണ സംസ്ഥാന പദവി ലഭിക്കുന്നത്. രേഖപ്പെടുത്തിയ പൂർവകാല ചരിത്രത്തിൽ മണിപ്പൂർ ഇരുപതോളം പേരുകളിൽ അറിയപ്പെട്ടിരുന്നു. മേയ്റ്റെലിയ് പക്, കാങ് ലേപാക്, മേയ്ട്രാബാക് എന്നിവ ഈ നാമങ്ങളിൽ പ്രധാനമായിരുന്നു.

സദു ചിരു വെള്ളച്ചാട്ടം
ഭൂമിശാസ്ത്രം
മിക്ക സഞ്ചാരികളും മണിപ്പൂരിന്റെ നൈസർഗിക ഭംഗിയിൽ ആകൃഷ്ടരായാണ് ഇവിടം സന്ദർശിക്കുന്നത്. സംസ്ഥാനത്തിന് 22,327 ചതുരശ്ര കിലോമീറ്റർ വിസ്തീര്ണമുണ്ട്. അണ്ഡാകൃതിയിലുള്ള ഒരു താഴ് വാര പ്രദേശമാണ് മണിപ്പൂർ. സമുദ്രനിരപ്പിൽനിന്ന് 790 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം നീല കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വടക്കുനിന്ന് തെക്കോട്ട് ചാഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് മൊത്തം ഭൂവിഭാഗത്തിന്റേത്. പർവത നിരകളുടെ സാന്നിധ്യം മൂലം വടക്കുനിന്നുള്ള തണുത്ത കാറ്റ് താഴ്വാരത്തെ അലോസരപ്പെടുത്തുന്നില്ല. നാല് നദീതടങ്ങളാണ് മണിപ്പൂരിന്റെ ജീവനാഡി. മണിപ്പൂർ നദീതീരം, ബാരാക് നദീതടം, യൂ നദീതടം, ലന്യേ തീരം എന്നിവയാണ് ഈ നദീതടങ്ങൾ. സംസ്ഥാനത്തിന്റെ മൊത്തം ജലവിഭവം 1.8487 ദശലക്ഷം ഘന മീറ്ററാണ്.

ലോക് തക് തടാകം
മണിപ്പൂർ ടൂറിസം
മണിപ്പൂർ അനുപമമായ പ്രകൃതി സൗന്ദര്യത്തിന്റെയും പ്രൗഢോജ്വലമായ സ്മാരകങ്ങളുടെയും ഉദാത്തമായ തടാകങ്ങളും നദികളും സ്വാഭാവിക ഗുഹകളും മറ്റു പല ആകർഷണങ്ങൾ എന്നിവയുടെയും ഈറ്റില്ലമാണ്. ടൂറിസം സംസ്ഥാനത്തെ പ്രധാന വ്യവസായമാണ്. സംസ്ഥാന തലസ്ഥാനമായ ഇംഫൽ നിരവധി ടൂറിസ്റ്റ് പോയിന്റുകളുള്ള നഗരമാണ്. ശ്രീ ഗോവിന്ദാജീ ക്ഷേത്രം, ആൻഡ്രോ ഗ്രാമം, മണിപ്പൂർ സ്റ്റേറ്റ് മ്യൂസിയം എന്നിവ അവയിൽ ചിലതു മാത്രമാണ്. ലോകക് തടാകം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്. കെയ്ബുൽ ലാംജ്ഞോ നാഷണൽ പാർക്ക് അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി ജന്തുജാലങ്ങളുടെ സംരക്ഷണകേന്ദ്രമാണ്. ഉഖ്റുൽ പട്ടണത്തിൽ ഷാങ്ഹായ്, ശിരുയി ലിലി എന്നീ 'ഒഴുകുന്ന ദ്വീപുകൾ' നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

ഉഖ്റുൽ ജില്ലയിലെ ഒരു പള്ളി
ഭാഷകൾ
മണിപ്പൂർ സംസ്ഥാനം എണ്ണമറ്റ ഭാഷകളുടെ ഒരു കലവറയാണ്. ഗോത്ര സമൂഹങ്ങളുടെ തനതു ഭാഷകൾ തന്നെ 29 എന്നുമുണ്ട്. മെയ്തേയ്, ഇംഗ്ലീഷ് എന്നിവ ഔദ്യോഗിക ഭാഷകളാണ്. കൂടാതെ ആറ് ഗോത്ര ഭാഷകളും സ്കൂളുകളിൽ അധ്യാപന ഭാഷയായി സംസ്ഥാന ഗവൺമെന്റ് അംഗീകരിച്ചിട്ടുണ്ട്. 2011 സെൻസസ് പ്രകാരം സംസാര ഭാഷകൾ അവ സംസാരിക്കുന്ന ജനസംഖ്യ എന്നിവ ഇങ്ങനെയാണ്. മെയ്തേയ് (1,266,098), പൗമായി ഭാഷ (പൗല) (179,189), ഥാഡ (178,696), ടാങ്കുൾ (139,979), കാബുയി (87,950), പൈറ്റെ (48,379), ഹമ്മർ (43,137), വയ്പെയ് (37,553), ലിയാങ്മായ് (32,787), ബംഗാളി (27,100), ഹിന്ദി (24,720), മറിങ് (22,154), അനൽ (22,187), സോവ് (20,626), കോം (14,558), ഗാങ്റെ (13,752), കുക്കി (12,900), സിംതെ (10,028).

മണിപ്പൂരി സ്ത്രീകൾ പരമ്പരാഗത വേഷത്തിൽ
മണിപ്പുർ തലസ്ഥാനം
ഇംഫൽ സംസ്ഥാന തലസ്ഥാനവും ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാണ്. സമീപകാലത്ത് ആധുനിക ഇംഫൽ നിരവധി വികാസനോന്മുഖമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. 1997 ൽ നഗരത്തെ ഇംഫൽ ഈസ്റ്റ്, ഇംഫൽ വെസ്റ്റ് എന്നിങ്ങനെ വിഭജിച്ചു. ഈ നഗരം സമുദ്രനിരപ്പിൽനിന്ന് 790 മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. നല്ല തോതിൽ മഴ ലഭിക്കുന്ന ഇവിടെ സുഖകരമായ കാലാവസ്ഥയാണ്.

പഴയ എക്മാ ചന്ത - സ്ത്രീകൾ നടത്തുന്ന ഏറ്റവും വലിയ ചന്ത