എന്റെ ഭാരതം / രാജ്യസ്നേഹത്തിന്റെ രക്ഷകർത്താക്കൾ

രാജ്യസ്നേഹത്തിന്റെ രക്ഷകർത്താക്കൾ

December 14, 2016

guardians-of-patriotism-sing-or-get-beaten-up

സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിര്ബന്ധമാക്കിക്കൊണ്ട് ഈയിടെ സുപ്രീം കോടതി ഒരു നിർദേശമിറക്കുകയുണ്ടായി. വിവാദപരമായ ഈ നിർദേശം രാജ്യം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് സ്വീകരിച്ചത്. പ്രമുഖരായ പല വ്യക്തികളും ഈ നിർദേശത്തെ വിമർശിക്കുകയും പലയിടത്തും ആളുകൾ പ്രതിഷേധിക്കുകയുണ്ടായി. ഒരു വിനോദമെന്ന നിലക്ക് സിനിമ കാണാൻ പോകുന്ന സ്ഥലത്ത് എഴുന്നേറ്റു നിന്ന് ദേശസ്നേഹം പ്രകടിപ്പിക്കാൻ നിര്ബന്ധിക്കുന്നതിലെ വൈരുധ്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

 

സ്വയം സദാചാരത്തിന്റെ കാവൽക്കാർ ചമയുന്ന ആളുകൾ ചെയ്യുന്ന പ്രവർത്തികളെപ്പറ്റിയുള്ള റിപോർട്ടുകൾ നിത്യവും വാർത്തകളിൽ നിറയാറുണ്ട്. എല്ലായ്പ്പോഴുമെന്നപോലെ ദേശസ്നേഹത്തിന്റെയും സദാചാരത്തിന്റെയും കാവൽക്കാരാണെന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന ചിലർ ഈ വിഷയത്തിലും അവരുടെ പരിഹാസ്യമായ സ്വഭാവം കാണിച്ചു. മറ്റുള്ളവർക്കും ജനാധിപത്യ അവകാശങ്ങളുണ്ടെന്നതോ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നതോ നിയമം നടപ്പാക്കാൻ പോലീസും അതേ നിയമം ചുമതലപ്പെടുത്തിയ മറ്റ് അധികാരികളുണ്ടെന്നതോ ഇവർക്ക് പ്രശ്നമല്ല. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കാൻ കൂട്ടാക്കാത്ത ചിലരെ ഈ കൂട്ടർ സംഘമായി അക്രമിക്കുകയുണ്ടായി. ഇത്തരം വാർത്തകൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയും രാജ്യവ്യാപകമായി അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ജനകീയ തലത്തിൽ വിചാരണ നടക്കുന്നു.

 

ഈ ഉത്തരവ് നൽകുമ്പോൾ ദേശീയതയുടെ ചിഹ്നങ്ങളും പ്രതീകങ്ങളും അനാവശ്യമായ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിധേയമാക്കപ്പെടുമെന്ന് വസ്തുത സുപ്രീം കോടതി അവഗണിച്ചതായി കാണുന്നു. ഇതിന്റെ തെളിവാണ് തിരുവനന്തപുരത്തും ചെന്നൈയിലും കൊൽക്കത്തയിലും നടന്ന പ്രതിഷേധങ്ങളും കൈയേറ്റങ്ങളും കാണിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നില്ക്കാൻ വിസമ്മതിച്ച മാധ്യമ പ്രവർത്തകർ ഉൾപ്പടെ പന്ത്രണ്ടോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുണ്ടായി. ചെന്നൈയിൽ വിദ്യാർത്ഥികളെ ഒരുകൂട്ടം ആളുകൾ അക്രമിച്ചുവെന്നാണ് റിപ്പോർട്ട്.

 

സദാചാരദേശസ്നേഹ ഗുണ്ടകളുടെ മുഷ്കിന് മുൻപിൽ അപമാനിക്കപ്പെട്ട അവരെ പുറകെ പോലീസ് എത്തി അറസ്റ് ചെയ്യുകയുണ്ടായി. ശരി, ദേശീയബോധവും ദേശസ്നേഹവും ഉറപ്പിക്കാൻ വേണ്ടിയാണ് ദേശിയ ഗാനാലാപനം നിര്ബന്ധമാക്കിയതെങ്കിൽ അതെ കോടതിയും അധികാരികളും തന്നെ വ്യക്തിസ്വാതന്ത്ര്യം മൗലിക അവകാശങ്ങൾ ഉറപ്പുവരുത്തുത്തേണ്ട ഭരണഘടനാ വകുപ്പുകളുടെയും അവസ്ഥയെന്താണ്? കോടതി അടിച്ചേൽപ്പിച്ച തീവ്ര ദേശീയതക്കുപിന്നിൽ അവയൊക്കെ തമസ്കരിക്കപ്പെടണോ?

 

അപഹാസ്യമായ പ്രദർശനം

ദേശസ്നേഹത്തിന്റെ മേലങ്കി ഒരാളെക്കൊണ്ട് നിര്ബന്ധമായി ധരിപ്പിക്കുകയെന്നാൽ അത് ഭരണകൂടം അടിച്ചേൽപ്പിക്കുന്ന മൗലികവാദമാണ്. അത് രാജ്യത്തിൻറെ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരുമാണ്. അതുമാത്രമല്ല, സിനിമ ഹാളിനകത്ത് ദേശിയ കേൾപ്പിക്കുമ്പോൾ നിര്ബന്ധത്തിന്റെ പേരിൽ എഴുന്നേറ്റു നിന്നുകൊണ്ട് മാത്രം ഒരാൾ ദേശസ്നേഹിയും ഇരുന്നതുകൊണ്ട് മാത്രം ഒരാൾ ദേശവിരുദ്ധനുമാകുമെന്ന വ്യാഖ്യാനവും ബാലിശമാണ്.

 

മാത്രമല്ല, ദേശീയഗാനം അടിച്ചേൽപ്പിക്കുന്നതിലൂടെ പട്ടാളഭരണത്തിന്റെ മാതൃകയിൽ സുപ്രീം കോടതി രാജ്യസ്നേഹം പിടിച്ചുവാങ്ങുവാൻ ഇന്ത്യയെപ്പോലെ ഭരണഘടനാ വാഴ്ചയുള്ള രാജ്യത്ത് നടത്തുന്ന ശ്രമം നിർഭാഗ്യകരമാണ്. സിനിമ കാണാൻ പോകുന്ന വ്യക്തികളെ എഴുന്നേറ്റു നിന്നില്ലായെന്ന പേരിൽ സ്വയംപ്രഖ്യാപിത രാജ്യസ്നേഹ ഗുണ്ടകൾ ആക്രമിക്കുന്നതും അവരുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും ഭരണകൂടവും സംഘടിത പ്രത്യയശാസ്ത്രക്കാരും വ്യക്തികളെ കായികമായും അധികാരമുപയോഗിച്ചും സദാചാര സംഹിത അടിച്ചേൽപ്പിക്കുന്നതിനു തുല്യമാണ്. ദേശസ്നേഹത്തിന്റെ പേരിൽ രാജ്യത്തിൻറെ സിരകളിൽ അശുദ്ധരക്തവും അസംതൃപ്തിയും ഭീതിയും പ്രവഹിക്കാൻ സുപ്രീം കോടതി അരുനിൽക്കേണ്ടതുണ്ടോ?

 

ദേശിയ ഗാന വിവാദം: നിയമം എന്ത് പറയുന്നു

 

ദേശീയതയോടുള്ള അനാദരവ് തടയുന്ന നിയമം എന്ത്?

ദേശീയതയോടുള്ള അനാദരവ് തടയുന്ന നിയമം എന്ത്? 1971 ലെ ദേശീയതയോടുള്ള അനാദരവ് തടയുന്ന നിയമം (The Prevention of Insults to National Honour Act, 1971) ദേശീയഗാനം ആലപിക്കുന്നത് നിര്ബന്ധമാക്കുകയോ അത് ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കണമെന്ന് അനുശാസിക്കുകയോ ചെയ്യുന്നില്ല. സിനിമ തീയേറ്ററിൽ എന്നല്ല, ഒരിടത്തും ഇങ്ങനെ ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നില്ല. ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് മനപ്പൂർവം വിലക്കുകയോ അത് ആലപിക്കുന്ന സദസ് മനപ്പൂർവം താറുമാറാക്കുകയോ ചെയ്താൽ ശിക്ഷിക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

“…Whoever in any public place or in any other place within public view burns, mutilates, defaces, defiles, disfigures, destroys, tramples upon or otherwise shows disrespect to or brings into contempt (whether by words, either spoken or written, or by acts) the Indian National Flag or the Constitution of India….”  (Section 2)

 

അതുകൊണ്ട് ജുഡീഷ്യറി നിയമം നിർമ്മിക്കുന്ന ജോലി പാർലമെന്റിനു വിട്ടുകൊടുത്തിട്ട് ഉള്ള നിയമം സംരക്ഷിക്കുന്ന ജോലി നിർവഹിക്കുകയാണ് വേണ്ടത്.

 

വിവാദപരമായ സുപ്രീം കോടതി ഉത്തരവിൽ ഗവണ്മെന്റ് നിലപാടെന്ത്‌?

ദേശിയ ഗാനം ആലപിക്കുന്നത് സ്‌കൂളുകളിലുൾപ്പടെ നിര്ബന്ധമാക്കിക്കൊണ്ട് നിയമം പരിഷ്കരിക്കാൻ തത്കാലം ഉദ്ദേശമില്ലെന്ന് ഗവണ്മെന്റ് ഈയിടെ പാർലമെന്റിൽ വ്യക്തമാക്കുകയുണ്ടായി. അതിനർത്ഥം നിലവിലെ സുപ്രീം കോടതി വിധിയോട് ഗവണ്മെന്റ് യോജിക്കുന്നില്ലാന്നാവണം. എന്നാൽ അതിലൊരു വൈരുധ്യമുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങൾക്കും മറ്റു ഗവണ്മെന്റ് ഏജൻസികൾക്കും കഴിഞ്ഞ ഏപ്രിലിൽ അയച്ച ഒരു കത്തിൽ ദേശീയഗാനം ആലപിക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾ എഴുന്നേറ്റു നിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെടുന്നു.

 

 

രാഷ്ട്രീയ പാർട്ടികളുടെ നിശബ്ദത എന്തുകൊണ്ട്?

 

സുപ്രീം കോടതിയുടെ ഈ വിധി മൂലം സാമൂഹ്യ സിരകളിൽ അശുദ്ധരക്തം പ്രവഹിക്കാൻ നല്ല സാധ്യതയുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് അറിയാമെങ്കിലും അവർ മൗനം പാലിക്കുകയാണ്. ഈ മൗനം സാധാരണക്കാരന്റെ സംവേദനശേഷിക്ക് അപ്പുറമാണ്. വേണ്ടതിനും വേണ്ടാത്തതിനും ചാടിക്കയറി പ്രതികരിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഈ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ജനത്തിന് മനസിലാകുന്നില്ല. പ്രതികരിച്ചാൽ വന്നേക്കാവുന്ന കോടതിയലക്ഷ്യ നോട്ടീസിനെ അവർ പേടിക്കുകയാണോ?

 

ജുഡീഷ്യൽ ആക്ടിവിസത്തിലൂടെ രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടക്കുമ്പോൾ അത് തീവ്ര വലതുപക്ഷ ശക്തികൾക്ക് തങ്ങളുടെ ഇഷ്ടം സാധാരണക്കാരനുമേൽ അടിച്ചേൽപ്പിക്കാനുള്ള പ്രവണതക്ക് നിയമത്തിന്റെ പിൻബലം ഫലത്തിൽ കൊടുക്കുകയാണ് ചെയ്യുന്നത്. ദേശീയതയുടെ പ്രതീകങ്ങളെ അടിച്ചേൽപ്പിക്കാൻ തിരക്കുകൂട്ടുന്നവർ അത് വ്യക്തികളുടെ ഹൃദയത്തിൽ മുറിവുണ്ടാക്കാതെ നട്ടുപിടിപ്പിക്കേണ്ടതും പരിപാലിക്കപ്പെടേണ്ടതുമാണെന്ന കാര്യം ഈ ശക്തികൾ ഓർക്കുന്നില്ല. തിരുവനന്തപുരഎം, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ സംഭവങ്ങൾ ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കാം.