തിരുവനന്തപുരം ഭൂപടം

തിരുവനന്തപുരം ഭൂപടം

തിരുവനന്തപുരം ഭൂപടം
* Thiruvananthapuram city map in Malayalam

തിരുവനന്തപുരം നഗരം കേരളത്തിന്റെ തലസ്ഥാനമാണ്. തിരുവനന്തപുരം അനന്തന്റെ സ്ഥലമാണ്. അഞ്ചുതലയുള്ള സർപ്പമൂർത്തിയാണ് അനന്തൻ. അതെ കാരണത്താൽ അത് ശ്രീ പദ്മനാഭന്റെ മണ്ണുമാണ്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം നഗരത്തിന്റെ ജീവനാഡിയാണ്. ഭാവിയിലേക്ക് ശ്രദ്ധേയമായ ചുവടുകൾ വച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം നഗരം ഗതകാല പ്രൗഢിയുടെയും പ്രതാപത്തിന്റെയും നൂറ് ദേശിയ ഇതിഹാസങ്ങളുടെ കഥപറയുന്നു. നൂറ്റാണ്ടുകൾ രാജാധികാരത്തിന്റെ പെരുമ്പറകൾ ഇടതടവില്ലാതെ മുഴങ്ങിയിരുന്ന അനന്തന്റെ തെരുവുകൾ ഇന്നും സംഭവബഹുലമായ കാല്പെരുമാറ്റമുള്ള അധികാരത്തിന്റെ ഇടനാഴികൾ തന്നെയാണ്. കേരളീയ രാഷ്ട്രീയ ജീവിതം രൂപംകൊള്ളുന്നതും വികാസ പരിണാമങ്ങൾക്കു വിധേയമാകുന്നതും തിരുവനന്തപുരത്താണ്. സമുദ്രതീരവും രാജകീയ പ്രൗഢി മുട്ടിനിൽക്കുന്ന എണ്ണമറ്റ കൊട്ടാരങ്ങളും മ്യൂസിയങ്ങളും നഗരത്തിന്റെ സംഭവബഹുലവും സുവര്ണവുമായ ഭൂതകാലത്തെ ഓർമ്മപ്പെടുത്തുന്നു.

 

ഭൗമശാസ്ത്രപരമായി തിരുവനന്തപുരം നഗരം അക്ഷാംശം 8° 29' N നും രേഖാംശം 76° 59 E നുമാണ് സ്ഥിതിചെയ്യുന്നത്. .പശ്ചിമഘട്ടത്തിലെ ഏഴ് കുന്നുകളെ എലുകയായി നിർത്തിക്കൊണ്ടും പടിഞ്ഞാറ് ലക്ഷദ്വീപ് കടലിനെ അതിരുനിർത്തിയുമാണ് തിരുവനന്തപുരത്തിന്റെ നിർമിതി.

 

ഒന്നര ദശകം മുൻപുവരെ സേവന മേഖലയായിരുന്നു തിരുവനന്തപുരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. ഗവൺമെന്റ് ഉദ്യോഗസ്ഥരും മറ്റു സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളുമായിരുന്നു സാമ്പത്തിക ക്രയവിക്രയത്തിന്റെ കേന്ദ്രം. എന്നാൽ സമീപകാലത്ത് ഐ ടി ഉത്പന്ന കയറ്റുമതി, ടൂറിസം, സിനിമ, വിദ്യാഭ്യാസം എന്നിവയാണ് പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ. കയർ, കൈത്തറി, പട്ടുനൂൽ നിർമാണം എന്നീ പരമ്പരാഗത വ്യവസായങ്ങൾ നിലനിൽക്കുന്നു. കേരളത്തിന്റെ ആദ്യത്തെ ഐ ടി സോഫ്റ്റ്‌വെയർ-ഇലക്ട്രോണിക്സ് പാർക്ക് ആരംഭിച്ചത് തിരുവനന്തപുരത്താണ്.

 

കലയ്ക്കും സംകാരത്തിനും അകമഴിഞ്ഞ സംഭാവനകൾ തിരുവിതാംകൂറിന്റെ മുൻ ഭരണാധികാരികളാണ് തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ഉന്നതിക്ക് വഴിവച്ചത്. പ്രശസ്ത കർണാട്ടിക് സംഗീതജ്ഞനും രചയിതാവുമായ സ്വാതിതിരുനാൾ മഹാരാജാവ് സംഗീതത്തിനു അകമഴിഞ്ഞ സംഭാവനകൾ നൽകി. ലോകപ്രശസ്ത ചിത്രകാരനായ രാജ രവിവർമ പൈന്റിങ്ങിന്റെ ലോക കുലപതിയാണ്. അദ്ദേഹത്തിന്റെ വിശ്വോത്തര സൃഷ്ടികൾ ശ്രീ ചിത്തിര ആര്ട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പാളയം പള്ളി, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, വി ജെ ടി ഹാൾ എന്നിവ നഗരത്തിന്റെ പൈതൃക സ്മാരകങ്ങളാണ്. നഗരത്തിൽ പ്രശസ്തമായ നിരവധി ലൈബ്രറികളുണ്ട്; അവയിൽ ഏറ്റവും തലയെടുപ്പുള്ളത് 1829 ൽ ആരംഭിച്ച തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കാണ്.

 

തിരുവനന്തപുരം നഗരത്തിന് റോഡ്, റെയിൽ, വിമാന ഗതാഗത സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ വൻ നഗരങ്ങളുമായും, ഗൾഫ് രാജ്യങ്ങൾ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റ് സർവീസ് നൽകുന്നു. ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി നാഷണൽ ഹൈവേ, റെയിൽവേ എന്നീ ഗതാഗത സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം (തമ്പാനൂർ) ജങ്ഷൻ ഇന്ത്യയിലെതന്നെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. കൂടാതെ നഗരത്തിൽ കൊച്ചുവേളി എന്ന പ്രധാന സ്റ്റേഷനുമുണ്ട്. നഗരത്തിനകത്തും പുറത്തേക്കും കെ എസ് ആർ ടി സി ഇപ്പോഴും സർവീസുകൾ നടത്തിക്കൊണ്ടിരിക്കുന്നു. പൊതു ഗതാഗത സംവിധാനം ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.