എന്റെ ഭാരതം / സഞ്ചാരം: ഡാർജിലിങ് യാത്ര

സഞ്ചാരം: ഡാർജിലിങ് യാത്ര

December 12, 2016

sancharam-darjeeling

ഡാർജിലിങ് ടൂറിസം

ഹിമാലയൻ മലനിരകളിലെ മനോഹരമായ പ്രദേശമായ ഡാർജീലിങ് സഞ്ചാരികൾക്കായി നിരവധി വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. പ്രചണ്ഡമായ കാഞ്ചൻജംഗ കൊടുമുടി, വളഞ്ഞുപുളഞ്ഞു മലകയറി പോകുന്ന പാതകൾ, പലയിടത്തും കെട്ടിടങ്ങൾക്കും ബസാറുകൾക്കും നടുവിലൂടെ പോകുന്ന ഹിമാലയൻ റെയിൽവേ, അങ്ങനെ നിരവധി വിസ്മയക്കാഴ്ചകൾ നൽകുന്ന ഡാർജീലിങ് ലോകത്തിലെ ഒരു ഒന്നാംകിട സഞ്ചാര കേന്ദ്രമാണ്.

 

പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ വടക്ക് ഹിമാലയ പർവത നിരകളിൽ സ്ഥിതിചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് ഡാർജീലിങ്. ഡാർജീലിങ് ഹിമാലയൻ റെയിൽവേ യുനെസ്‌കോയുടെ പട്ടികയിലുള്ള വിശ്വ പൈതൃക സൈറ്റ് ആണ്. പ്രശസ്ത തേയില വ്യവസായ കേന്ദ്രമാണ് ഡാർജീലിങ്. ലോകത്തെ ഏറ്റവും വില കൂടിയ തേയില പരമ്പരാഗത രീതിയിൽ ഉല്പാദിപ്പിക്കുന്നത് ഇവിടെയാണ്.

 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷുകാർ സാനറ്റോറിയവും ആയുധപ്പുരയും നിർമിച്ചതോടെയാണ് ഡാർജീലിങ് പട്ടണം വികസിച്ചത്. ഇന്നത്തെ നേപ്പാളും സിക്കിം സംസ്ഥാനവും ഉൾപ്പെട്ടിരുന്ന പുരാതന ഗോർഖ രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു ഡാർജീലിങ്.

 

അനുപമമായ പ്രകൃതി ഭംഗിയും നല്ല കാലാവസ്ഥയും ഡാർജിലിങ്ങിനെ ജനപ്രിയ വിനോദ സഞ്ചാര-സുഖവാസ കേന്ദ്രമാക്കുന്നു. ടൂറിസത്തിനു പുറമെ ബ്രിട്ടീഷ് മാതൃകയിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഡാർജീലിങ്ങിനെ പ്രശസ്തമാക്കുന്നു. ഇന്ത്യയിലെ മറ്റു നഗരങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും നൂറുകണക്കിന് കുട്ടികൾ ഇവിടത്തെ സ്കൂളുകളിൽ താമസിച്ചു പഠിക്കുന്നു.

 

വർഷത്തിലെ എല്ലാ മാസവും ഡാർജീലിങ് വ്യത്യസ്ത അനുഭവവും കാഴ്ചകളും നൽകുന്നു. സെപ്റ്റംബർ മുതൽ ജൂൺ വരെയുള്ള കാലമാണ് സഞ്ചാരത്തിന് ഏറ്റവും നല്ലത്. ജൂലൈ ആഗസ്ത് മാസങ്ങളിൽ മഴയും മണ്ണിടിച്ചിലും ഗതാതഗതം പലപ്പോഴും കഠിനമാകാറുള്ളതിനാൽ സഞ്ചാരികൾ കുറവാണ്.

 

ഡാർജിലിംഗിലെ ടൂറിസ്റ്റ് ആകർഷണ പോയിന്റുകൾ

ടൈഗർഹിൽ

tiger-hill

ഇവിടെ നിന്ന് സൂര്യോദയ സമയത്ത് (4.30 AM – 5.30 AM) ഉദയസൂര്യ രശ്മികൾ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും മഞ്ഞു പുതച്ചു നിൽക്കുന്ന കാഞ്ചൻജംഗ കൊടുമുടിയിൽ പതിക്കുന്നത് ഒരാളുടെ ജീവിതത്തിൽ ലഭിക്കുന്ന അപൂർവ കാഴ്ചകളിൽ ഒന്നാണ്.

 

ഒബ്സർവേറ്ററി ഹിൽ

ഒബ്സർവേറ്ററി ഹിൽ ഹിമാലയ കാലാവസ്ഥ പഠനകേന്ദ്രമാണ്. 20000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രവും ഇതിന്റെ പരിസരവും അതുല്യമായ അനുഭവം തരുന്നു. പുരാതനമായ ബുട്ടിയ ബുസ്റ്റി ബുദ്ധ മഠവും മഹാകാൽ പരമശിവ ക്ഷേത്രവും ചൗരാസ്ത എന്ന നാല്കവലയും ദി മാൾ എന്നിവയും ഇവിടെയുണ്ട്. ഒബ്സെർവട്ടറിയുടെ പരിസരത്ത് മറ്റു പല ആകര്ഷണങ്ങളുമുണ്ട്. ബിർച് ഹിൽ, ജവാഹർ പർബത്, രാജ് ഭവൻ പാലസ്, ഹിമാലയൻ പര്വതാരോഹണ ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെയാണ്. വിൻടാമേർ മുൻപ് ഇംഗ്ലണ്ടിൽ നിന്നും സ്കോട്ലൻഡിൽ നിന്നുമുള്ള തേയില പ്ലാന്റർമാരുടെ വിഹാര കേന്ദ്രവും ലോഡ്‌ജും ആയിരുന്നു. ഇപ്പോൾ അത് ഒരു ഹോട്ടൽ സമുച്ചയമാണ്.

 

സെന്റ് ആൻഡ്രൂസ് ചർച്ച്

st-andrews-church-darjeeling

സറകുലർ മാൾ റോഡിലുള്ള സെന്റ് ആൻഡ്രൂസ് ചർച്ച് 19ആം നൂറ്റാണ്ടിലെ വിക്ടോറിയൻ മാതൃകയിൽ 1848 കാലത്ത് നിർമിച്ച ആംഗ്ലിക്കൻ പള്ളിയാണ്. ഭൂകമ്പത്തിൽ ഏതാണ്ട് തകർന്നുപോയ പഴയ പള്ളി 1873 ൽ പുനര്നിര്മിച്ചു.

 

ബാറ്റാസിയ ലൂപ്പ് യുദ്ധ സ്മാരകം

war-memorial-darjeeling

ഡാർജീലിങ് ഗോർഖ യുദ്ധ സ്മാരകം ബാറ്റാസിയ ലൂപ്പ് ഉദ്യാനത്തിന്റെ പരിസരത്താണ്. യുദ്ധത്തിൽ മരിച്ച ഗോർഖ സൈനികരുടെ സ്മാരകമാണ് ബാറ്റാസിയ ലൂപ്പ് യുദ്ധ സ്മാരകം.

 

പീസ് പഗോഡ

peace-pagoda-darjeeling

ഡാർജീലിങ് പീസ് പഗോഡ വംശ-മത-ദേശ ഭേദമെന്ന്യേ എല്ലാ മനുഷ്യർക്കും സമാധാനം എന്ന ആശയം പ്രചരിപ്പിക്കുന്ന പീസ് പഗോഡകളിൽ ഒന്നാണ്. ജാപ്പനീസ് ബുദ്ധ സന്യാസിയായ നിഷിദത് സു ഫ്യുജിയാണ് പീസ് പഗോഡകളുടെ ശില്പിയും പ്രചാരകനും.

 

ഡാർജീലിങ് ഹിമാലയ റെയിൽവേ

darjeeling-himalayan-railway

ടോയ് ട്രെയിൻ എന്നറിയപ്പെടുന്ന രണ്ടടി മാത്രം വീതിയുള്ള നാരോ ഗേജ് റയിൽവേ യാണ് ഡാർജീലിങ് ഹിമാലയൻ റെയിൽവേ. ജൽപൈഗുരി സ്റ്റേഷനിൽനിന്ന് ആരംഭിച്ച് കുർസിയോങ്, ഡാർജീലിങ്, ഖും സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്ന ഈ തീവണ്ടി ചില സ്ഥലങ്ങളിൽ ചെറിയ റോഡുകളുടെ ഓരത്തുകൂടിയും മാർക്കറ്റുകൾക്ക് നടുവിലൂടെയും ചിലയിടത് കെട്ടിടങ്ങൾക്ക് ഉള്ളിലൂടെയും കടന്നുപോകുന്നു. 1879 നും 1881 നും ഇടയിൽ പണി പൂർത്തിയാക്കിയ റയിൽവെയുടെ അവസാനത്തെ സ്റ്റേഷൻ ഖും ആണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയരെയുള്ള റെയിൽവേ സ്റ്റേഷൻ ആണ്.

 

ചൗരാസ്ത, ദി മാൾ

ഇത് ഡാർജീലിങ്ങിലേക്കുള്ള പൈതൃക റോഡുകൾ എല്ലാം ഒത്തുചേരുന്ന സ്ഥലമാണ്. നെഹ്‌റു റോഡ്, സാക്കിർ ഹുസൈൻ റോഡ്, മാൾ റോഡ് എന്നീ പ്രധാന റോഡുകളും മറ്റനേകം ചെറിയ റോഡുകളും ഈ പരിസരത്തു സംഗമിക്കുന്നു. ഇവിടെയാണ് ശില്പഭംഗിയുള്ള പ്രധാന കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് എങ്ങോട്ട് നോക്കിയാലും മനോഹരമായ പർവത നിരകൾ ദർശിക്കാം. ഹാവാഘർ, പിജിയോൻ ഘർ, എന്നിവയും ഇവിടെയുണ്ട്. ഹവാകറിന് മുൻപിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ ആളുകൾ വിശ്രമിക്കാനിരിക്കുന്നത് അപൂർവമായ അനുഭൂതിയാണ്.

 

ഹാപ്പി വാലി ടീ എസ്റ്റേറ്റ്

ഇത് ഡാർജീലിങ് കുന്നുകളിൽ ഏറ്റവും മനോഹരവും രണ്ടാമത്തെ ഏറ്റവും പഴയതുമായ തേയിലത്തോട്ടമാണ്. 80 വയസുമുതൽ 150 വയസുവരെ പ്രായമുള്ള തേയിലച്ചെടികളാണ് ഇപ്പോൾ അവിടെയുള്ളത്.

 

പദ്മജ നായിഡു ഹിമാലയൻ വന്യജീവി സങ്കേതം

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഉയർന്ന മലനിരകളിലുള്ള വന്യജീവി സങ്കേതമാണ്. സമുദ്രനിരപ്പിന് 7000 അടി ഉയരെ ഏതാണ്ട് 68 ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന വന്യജീവി പാർക്കിൽ ഹിമാലയൻ ചുവന്ന പാണ്ട, ടിബറ്റൻ ചെന്നായ്, കരടികൾ, കടുവ, പുള്ളിപ്പുലികൾ എന്നിവയും മറ്റനേകം മൃഗങ്ങളുമുണ്ട്.

 

ഡാർജിലിംഗിൽ എങ്ങനെ എത്താം:

രാജ്യത്തെ പ്രശസ്തമായ സഞ്ചാര കേന്ദ്രമായ ഡാർജിലിങ് രാജ്യത്തേതിന്റെ മറ്റു ഭാഗങ്ങളുമായി വിവിധ മാര്ഗങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നു.

ട്രെയിൻ മാർഗം

ഡാർജീലിങ്ങിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ന്യൂ ജൽപൈഗുഡി ആണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുവാൻ ട്രെയിൻ ലഭ്യമാണ്.

ഡൽഹിയിൽനിന്ന്:

സിക്കിം മഹാനന്ദ എക്സ്പ്രസ്സ്
നോർത്ത് ഈസ്റ്റ് എക്സ്പ്രസ്സ്
ന്യൂ ഡൽഹി-ദിബ്രൂഗഡ് ടൌൺ രാജധാനി
ന്യൂ ഡൽഹി ന്യൂ ജൽപൈഗുഡി സൂപ്പര്ഫാസ്റ് എക്സ്പ്രസ്
ബ്രഹ്മപുത്ര മെയിൽ
പൂർവോത്തർ സമ്പർക് ക്രാന്തി എക്സ്പ്രസ്സ്

 

മുംബൈയിൽനിന്ന്

മുംബൈ എൽടിടി ഗുവാഹത്തി എക്സ്പ്രസ്സ്
മുംബൈ എൽടിടി ഗുവാഹത്തി വീക്കിലി എക്സ്പ്രസ്സ്
മുംബൈ എൽടിടി കാമാഖ്യ കര്മഭൂമി എക്സ്പ്രസ്സ്

 

കൊല് കത്തയിൽനിന്ന്

കാഞ്ചൻജംഗ എക്സ്പ്രസ്സ്
ടീസ്റ്റ ടോറസ് എക്സ്പ്രസ്സ് ഹൗറ ന്യൂ ജൽപൈഗുരി ശതാബ്ദി എക്സ്പ്രസ്സ്
സാറായ്‌ഗഡ് എക്സ്പ്രസ്സ്
കാംരൂപ് എക്സ്പ്രസ്സ്
സ്റ്റാർ ബംഗാ എക്സ്പ്രസ്സ്
കാഞ്ചൻ കന്യാ എക്സ്പ്രസ്സ്
ഡാർജീലിങ് മെയിൽ

 

റോഡ് മാർഗം

ഡാർജീലിങ് പ്രധാന ഇന്ത്യൻ നഗരങ്ങളുമായും സമീപത്തുള്ള നഗരങ്ങളുമായും നാഷണൽ ഹൈവേ നിലവാരത്തിലുള്ള റോഡുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. സിലിഗുരി, കുർസിയോങ്, ഗാങ്ടോക്ക്, കലിംപോങ് എന്നിവയാണ് സമീപ പട്ടണങ്ങൾ.

 

വായുമാർഗം

സിലിഗുഡിക്ക് അടുത്തുള്ള ബാഗ്‌ദോഗ്ര എയർപോർട്ടാണ് ഏറ്റവും അടുത്ത എയർപോർട്ട്. ഡാർജീലിങ്ങിൽനിന്ന് 68 കിലോമീറ്റർ അകലെയാണ് ഈ എയർപോർട്ട്. ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നീ കേന്ദ്രങ്ങളിലേക്ക് പതിവ് ഫ്ലൈറ്റുകൾ ഉണ്ട്.

 

ഷോപ്പിംഗ് സൗകര്യങ്ങൾ

സഞ്ചാരികൾക്ക് ഡാർജീലിങ് ഒരു ഷോപ്പിംഗ് പറുദീസയാണ്. ചൗരസ്ത, നെഹ്‌റു റോഡ് എന്നിവിടങ്ങളിൽനിന്ന് സ്മാരകങ്ങളും സമ്മാനങ്ങളും വാങ്ങുവാൻ കഴിയും. ടിബറ്റൻ തൊപ്പികളും ലോക്കൽ ആഭരണങ്ങൾ, കമ്പിളി വസ്ത്രങ്ങൾ, പഷ്മിന ഷാളുകൾ എന്നിവ ലഭിക്കുന്നു. ലോകപ്രസിദ്ധമായ ഡാർജീലിങ് തേയിലയും ഇവിടെ ലഭിക്കും.